സഞ്ചാരികളെ മാടിവിളിച്ച് റാണീപുരം, ‘കേരളത്തിന്റെ ഊട്ടി’

keralanews ranipuram ooty of kerala

കാസർകോഡ്:പ്രകൃതി സൗന്ദര്യം വഴിഞ്ഞൊരുകുന്ന കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന റാണീപുരത്തേക്ക് സഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു.കാസര്‍കോട് ജില്ലയിലാണ് റാണിപുരം സ്ഥിതി ചെയ്യുന്നത്.സുന്ദരമായ പച്ചപ്പുല്‍ത്തകിടികളിലൂടെ മനംമയക്കുന്ന മഴക്കാടുകള്‍ക്കിടയിലൂടെ ട്രെക്കിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തീര്‍ച്ചയായും  റാണിപുരം ഒരു സ്വര്‍ഗമായിരിക്കും.നിരവധി സസ്യജന്തു വൈവിധ്യങ്ങളുടെ കലവറയാണ് റാണിപുരത്തെ വന്യജീവി സങ്കേതം. ഇവിടെ നിന്ന് ഒന്നര മണിക്കൂര്‍ യാത്ര ചെയ്താല്‍ കര്‍ണാടകയിലെ പ്രശസ്തമായ തീര്‍ത്ഥാടന കേന്ദ്രമായ തലക്കാവേരിയില്‍ എത്താം.വേനല്‍കാലത്താണ് റാണിപുരത്തേക്ക് സഞ്ചാരികള്‍ അധികവും എത്താറുള്ളത്.എങ്കിലും ഈ വര്‍ഷമാണ് ഇവിടെ മണ്‍സൂണ്‍ ടൂറിസത്തിന് പ്രാധാന്യമേറിയത്. കാടിന്റെ ഇടവഴികളിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച്‌ മഴനനഞ്ഞ് റാണിപുരം കുന്നിന്റെ അത്യൂന്നതിയായ ‘മണിക്കുന്നി’ലേക്കുള്ള യാത്രയും മഴമാറിനില്‍ക്കുന്ന ഇടവേളകളില്‍ വീശിയെത്തുന്ന കോടമഞ്ഞും സഞ്ചാരികളുടെ മനംകുളിര്‍പ്പിക്കുന്നതാണ്.വൈവിധ്യമാര്‍ന്ന പൂമ്പാറ്റകൾ, അപൂര്‍വ്വങ്ങളായ കരിമ്പരുന്ത്, ചുള്ളിപരുന്തി,ചിലന്തിവേട്ടക്കാരന്‍ തുടങ്ങിയവയും റാണിപുരത്തിന്റെ മറ്റൊരു സവിശേഷതയാണ്.പ്രകൃതിദത്ത ഗുഹ,നീരുറവ,പാറക്കെട്ട് എന്നിവയെല്ലാം ഇവിടെയെത്തുന്ന സഞ്ചാരികളുടെ മനംകവരും.സമുദ്രനിരപ്പില്‍ നിന്ന് 750 അടി ഉയരത്തിലായാണ് റാണിപുരത്തിന്റെ കിടപ്പ്. പ്രകൃതി സ്നേഹികളുടെ ഇഷ്ടസ്ഥലമായ റാണിപുരത്ത് നിരവധി ട്രെക്കിംഗ് പാതകള്‍ ഉണ്ട്. ചെങ്കുത്തായ പാതകളിലൂടെ സഞ്ചരിച്ച്‌ വേണം ഇവിടെ ട്രെക്കിംഗ് നടത്താന്‍. റാണിപുരത്തിലെ കാലവസ്ഥ ഏകദേശം ഊട്ടിയോട് സമാനമാണ് അതിനാല്‍ കേരളത്തിലെ ഊട്ടിയെന്നും റാണിപുരം അറിയപ്പെടുന്നുണ്ട്.ട്രെക്കിംഗിലൂടെ മൊട്ടകുന്ന് കയറി മലമുകളില്‍ എത്തിയാല്‍ സുന്ദരമായ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.

കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് വളരെ എളുപ്പത്തില്‍ റാണിപുരത്ത് എത്തിച്ചേരാം. കാഞ്ഞങ്ങാട് നിന്ന് ഏകദേശം 48 കിലോമീറ്റര്‍ ദൂരമാണ് റാണിപുരത്തേക്കുള്ളത്. കാഞ്ഞങ്ങാട് നിന്ന് റാണിപുരത്തേക്ക് ബസ് സര്‍വീസുകള്‍ ലഭ്യമാണ്. കാഞ്ഞങ്ങാട് നിന്ന് പനത്തടിയില്‍ എത്തിയാല്‍ ജീപ്പ് സര്‍വീസുകളും ലഭ്യമാണ്. മടത്തുമല മടത്തുമല എന്നായിരുന്നു റാണിപുരം മുന്‍പ് അറിയപ്പെട്ടിരുന്നത്.1970 വരെ കണ്ടോത്ത് കുടുംബത്തിന്റെ സ്വത്തായിരുന്നു ഈ മല. എന്നാല്‍ 1970ല്‍ ഈ സ്ഥലം കോട്ടയം രൂപത വാങ്ങുകയായിരുന്നു. മടത്തുമല കോട്ടയം രൂപത ഏറ്റെടുത്തതിന് ശേഷമാണ് ഈ സ്ഥലം റാണിപുരം എന്ന് അറിയപ്പെട്ടുതുടങ്ങിയത്. ക്യൂന്‍ മേരി എന്ന കന്യാമറിയത്തിന്റെ ഇംഗ്ലീഷ് പേരിന്റെ മലയാള രൂപമാണ് റാണി. കന്യാമറിയത്തിന്റെ പേരില്‍ നിന്നാണ് ഈ സ്ഥലത്തിന് റാണിപുരം എന്ന പേരുണ്ടായത്.

ലോകകപ്പ് ക്രിക്കറ്റ്;ഇംഗ്ലണ്ട് ചാമ്പ്യന്മാർ

keralanews world cup cricket england champions

മാഞ്ചെസ്റ്റർ:ആവേശകരമായ ലോകകപ്പ് ഫൈനലില്‍ ന്യൂസിലൻഡിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് ലോകചാമ്പ്യന്മാര്‍. സൂപ്പര്‍ ഓവര്‍വരെ നീണ്ടുനിന്ന മത്സരത്തില്‍ ആവേശകരമായ അന്ത്യം കുറിച്ച് ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാരായി. ന്യൂസിലാന്‍റ് ഉയര്‍ത്തിയ 241 വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 50 ഓവറില്‍ 241 റണ്‍സിന് ഏവരും പുറത്താവുകയായിരുന്നു. അതിന് ശേഷമാണ് മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നത്. സൂപ്പര്‍ ഓവറിലും ടൈ പിടിച്ചെങ്കിലും ഇംഗ്ലണ്ട് വിജയക്കൊടി പാറിച്ചു.ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ന്യൂസിലൻഡ് നിശ്ചിത 50 ഏവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 241 റൺസ് എടുത്തു.മികച്ച രീതിയിൽ ഇംഗ്ലീഷ് ബൌളർമാർ പന്തെറിഞ്ഞതോടെയാണ് കിവീസ് സ്കോർ 250 ൽ താഴെ ഒതുങ്ങിയത്.242 റൺസ് വിജയലക്ഷ്യം പിൻതുടർന്ന ഇംഗ്ലണ്ട് നിശ്ചിത 50 ഓവറിൽ 241 റൺസിന് ഔൾ ഔട്ടാവുകയായിരുന്നു. ഇതോടെ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നു.സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 15 റൺസ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ന്യൂസിലൻഡും 15 റൺസ് നേടിയതോടെ ഒരോവറിൽ രണ്ട് ബൌണ്ടറികൾ നേടിയ ഇംഗ്ലണ്ട് വിജയികളാവുകയായിരുന്നു.55 റണ്‍സെടുത്ത നിക്കോള്‍സിന്റെയും 47 റണ്‍സ് നേടിയ ലാഥത്തിന്റെയും പ്രകടനമാണ് കിവീസിന് ഭേതപ്പെട്ട സ്കോർ സമ്മാനിച്ചത്. നായകൻ കെയ്ൻ വില്യംസൺ 30 റൺസ് നേടിയപ്പോൾ ഓപ്പണർ മാർട്ടിൻ ഗുപ്ടിലും ജിമ്മി നീഷാമും 19 റൺസ് വീതം നേടി.മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ക്രിസ് വോഗ്സും ലിയം പ്ലങ്കറ്റുമാണ് കിവീസ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. ജോഫ്ര ആർച്ചറും മാർക്ക് വുഡും ഓരോ വിക്കറ്റുകളും വീഴ്ത്തി.മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം പതിയെയായിരുന്നു. തുടക്കത്തിൽ തന്നെ നാല് മുൻനിര വിക്കറ്റുകൾ ഇംഗ്ലണ്ടിന് നഷ്ടമായി. അഞ്ചാം വിക്കറ്റിൽ ഒന്നിച്ച സ്റ്റോക്ക്സ് – ബട് ലർ സഖ്യം ഇംഗ്ലീഷ് സ്കോർ ഉയർത്തി. ബട് ലർ പുറത്തായപ്പോഴും ഒറ്റയാൾ പോരാട്ടം നടത്തി ടീമിനെ വിജയ തീരത്തെത്തിച്ചത് ബെൻ സ്റ്റോക്സാണ്. സ്റ്റോക്ക്സ് 84 റൺസുമായി പുറത്താകാതെ നിന്നു.

ഓണ്‍ലൈന്‍ വഴി വാങ്ങിയ ബിരിയാണിയില്‍ പുഴു;തിരുവനന്തപുരത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒരു ഹോട്ടല്‍ കൂടി പൂട്ടിച്ചു

keralanews worm found in biriyani bought online food safety department sealed the restaurant

തിരുവനന്തപുരം: ഓണ്‍ലൈനിലൂടെ വാങ്ങിയ ബിരിയാണിയില്‍ പുഴു.ഇതേ തുടര്‍ന്ന് തിരുവനന്തപുരത്ത് ഒരു ഹോട്ടല്‍ കൂടി ഭക്ഷ്യ സുരക്ഷാ വകുപ്പ് പൂട്ടിച്ചു.കവടിയാറിയിലെ ലാമിയ ഹോട്ടലാണ് അധികൃതര്‍ പൂട്ടിച്ചത്. യൂബര്‍ ഈറ്റ്‌സിലൂടെ വാങ്ങിയ ദം ബിരിയാണിയില്‍ ആണ് പുഴുവിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയായിരുന്നു.അധികൃതര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയെ തുടര്‍ന്നാണ് ഹോട്ടല്‍ പൂട്ടാന്‍ ഉത്തരവിട്ടത്. ഭക്ഷ്യ സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണവും പിടിച്ചെടുത്തു. ഇതിനു പുറമെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഹോട്ടൽ പ്രവർത്തിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. പാചകം ചെയ്തതും അല്ലാത്തതുമായ മാംസം ഒരേ ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്നതായും പാചകം ചെയ്ത ഇറച്ചി പാത്രങ്ങള്‍ കഴുകുന്ന വാഷ് ബേസിന് അടിയില്‍ സൂക്ഷിച്ചിരിക്കുന്നതായും കണ്ടെത്തിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തിരുവനന്തപുരം നഗരത്തില്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നടത്തിയ പരിശോധനയില്‍ നിരവധി ഹോട്ടലുകള്‍ക്കെതിരെ കോര്‍പറേഷന്‍ നടപടിയെടുത്തിരുന്നു.

കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഹോട്ടൽ കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു

keralanews the first robotic hotel in kerala started functioning in kannur tomorrow

കണ്ണൂർ:കേരളത്തിലെ ആദ്യത്തെ റോബോട്ടിക് ഹോട്ടൽ കണ്ണൂരിൽ നാളെ പ്രവർത്തനമാരംഭിക്കുന്നു.നടനും  നിര്‍മ്മാതാവുമായ മണിയന്‍പിള്ള രാജു കൂടി പങ്കാളിയായ ഹോട്ടലിന്റെ ഹോട്ടലിന്റെ പേര് ‘ബി അറ്റ് കിവിസോ’ എന്നാണ്.അഞ്ച് അടി ഉയരമുള്ള മൂന്ന് പെണ്‍ റോബോട്ടുകളാണ് ഭക്ഷണം വിളമ്പാനായി എത്തുന്നത്. അലീന, ഹെലന്‍, ജെയിന്‍ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍. ഇത് കൂടാതെ നാല് അടിയുള്ള ഒരു റോബോട്ടു കൂടിയുണ്ട്. എന്നാല്‍ അതിന് പേര് നല്‍കിയിട്ടില്ല. ഈ ചെറിയ റോബോട്ട് കുട്ടികളെ കെട്ടിപ്പിടിക്കുകയും അവരോടൊപ്പം നടക്കുകയും ചെയ്യും.ഡാന്‍സും കളിക്കും.ഭക്ഷണം കഴിക്കാന്‍ എത്തുന്ന കുട്ടികള്‍ക്ക് വ്യത്യസ്തമായ അനുഭവമായിരിക്കും കുട്ടി റോബോട്ട് നല്‍കുന്നത്. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഹോട്ടല്‍ തുടങ്ങുന്നതെന്നാണ് ബി അറ്റ് കിവിസോയുടെ മാനേജിങ് പാര്‍ട്ണര്‍ നിസാമുദ്ദീന്‍ പറഞ്ഞു.റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്നത് ഒഴിച്ചാല്‍ മറ്റ് ഹോട്ടലുകളിലേതു പോലെയാണ് എല്ലാകാര്യങ്ങളെന്നും നിസാമുദ്ദീന്‍ വ്യക്തമാക്കി.ഓര്‍ഡര്‍ കൊടുത്തു കഴിഞ്ഞാല്‍ ട്രേയില്‍ ഭക്ഷണവുമായി റോബോട്ട് എത്തും. അടുക്കളയുടെ അടുത്തു നിന്നാണ് റോബോട്ട് എത്തുക. മുന്‍ കൂട്ടി പ്രോഗ്രാം ചെയ്തേക്കുന്നത് അനുസരിച്ച്‌ പ്രത്യേക ടേബിളിലേക്ക് റോബോട്ട് എത്തിയശേഷം ‘സാര്‍ യുവര്‍ ഫുഡ് ഈസ് റെഡി’ എന്നു പറഞ്ഞതിന് ശേഷമാകും വിളമ്ബുക. ഭക്ഷണം വിളമ്പിയതിനു ശേഷം കസ്റ്റമേഴ്സ് റോബോട്ടിന്റെ പിറകിലുള്ള സെന്‍സറില്‍ തൊടണം. അപ്പോഴാണ് തിരിച്ചു പോരുക.

127 രൂപയുടെ വിയ്യൂർ ജയിൽ ‘ഫ്രീഡം കോംബോ ഓഫർ’ സൂപ്പർ ഹിറ്റ്;ഇരുപതു മിനിറ്റിനുള്ളിൽ തയ്യാറാക്കിയത് മുഴുവൻ വിറ്റുതീർന്നു

keralanews freedom combo offer of viyyur central jail super hit whole food sold out within 20 minute

വിയ്യൂർ:’ചിക്കൻ ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം’ ഇവയെല്ലാം ഒരു കവറില്‍ അതും 127 രൂപയ്ക്ക്. ഇത് ഒരു ഹോട്ടലിന്റെയും ഓഫര്‍ അല്ല, മറിച്ച്‌ വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ ഓഫറാണ്.കശുവണ്ടിയും ഉണക്കമുന്തിരിയും യഥേഷ്ടം കോരിയിട്ട 300 ഗ്രാം ബിരിയാണി. ഒപ്പം പൊരിച്ച കോഴിക്കാല്‍, കോഴിക്കറി, സലാഡ്, അച്ചാര്‍, ഒരു ലിറ്റര്‍ കുപ്പി വെള്ളം.ബിരിയാണി കഴിച്ച്‌ വയറു നിറയുമ്പോൾ  മധുരത്തിനായി ഒരു കപ്പ് കേക്കും ‘ഫ്രീഡം കോംബോ’ ലഞ്ച് ഓഫറിലുണ്ട്. വെള്ളം വേണ്ടെങ്കില്‍ 117 രൂപ നല്‍കിയാല്‍ മതി. ജയില്‍ കവാടത്തിലെ കൗണ്ടറിലും മറ്റിടങ്ങളിലോ ഫ്രീഡം കോംബോ കിട്ടില്ല. ഓണ്‍ലൈന്‍ സൈറ്റിലൂടെ മാത്രമെ ഇലയിലെ ഈ ചൂടുളള ബിരിയാണി ലഭ്യമാകൂ.ഇന്നലെ മുതലാണ് ഭക്ഷണം ഓൺലൈനായി ലഭിച്ചു തുടങ്ങിയത്. ആദ്യഘട്ടത്തില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചത്.ഉച്ചയ്ക്കു പന്ത്രണ്ടു മണിക്ക് ആപ്പില്‍ ഓണ്‍ലൈനായി വില്‍പന ആരംഭിച്ചു.തുടക്കം തന്നെ തിക്കും തിരക്കുമായി.വില്പന തുടങ്ങി 20 മിനിറ്റിനുള്ളിൽ മുഴുവനും വിറ്റു തീര്‍ന്നു. ആദ്യ ഘട്ടത്തില്‍ 55 എണ്ണമാണ് തയ്യാറാക്കിയത്. ഒരെണ്ണം പോലും ബാക്കി ഇല്ലാതെ എല്ലാം നിമിഷ നേരം കൊണ്ട് വിറ്റു പോയി. അടുത്ത ദിവസം മുതല്‍ നൂറെണ്ണം വരെ തയ്യാറാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡിമാന്‍ഡ് കൂടിയാല്‍ ബിരിയാണിയുടെ എണ്ണം കൂട്ടാനും തീരുമാനമുണ്ടെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ ഒഴിവാക്കി, പകരം പേപ്പര്‍ ബാഗിലാണ് ഭക്ഷണം നല്‍കുക. ഒറ്റ ദിവസത്തെ കച്ചവടത്തില്‍ 5500 രൂപയാണ് ജയിലിന്റെ പോക്കറ്റില്‍ വീണത്. ആദ്യ വില്‍പന ഭക്ഷ്യ സുരക്ഷ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ജയശ്രീയാണ് നിര്‍വഹിച്ചത്. ‘ഫ്രീഡം കോംബോ ഓഫര്‍’ എന്ന പേരില്‍ വരുംദിവസങ്ങളില്‍ ഓണ്‍ലൈന്‍ ആപ്പില്‍ ഓഫര്‍ സജീവമാകും.

സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്

keralanews newzealand knock india out of world cup cricket

മാഞ്ചെസ്റ്റർ:സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പൊരുതിത്തോറ്റ് ഇന്ത്യ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും പുറത്ത്.ന്യൂസിലന്‍ഡ്‌ മുന്നോട്ടു വച്ച 240 റണ്ണിന്റെ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ 221 റണ്ണിന്‌ ഓള്‍ഔട്ടായി. ആദ്യം ബാറ്റു ചെയ്‌ത ന്യൂസിലന്‍ഡ്‌ എട്ടു വിക്കറ്റിന്‌ 239 റണ്ണെടുത്തു.കനത്ത മഴ കാരണം ചൊവ്വാഴ്‌ച്ച നിര്‍ത്തിവെച്ച മത്സരം ഇന്നലെ പുനഃരാരംഭിക്കുകയായിരുന്നു. 46.1 ഓവറില്‍ അഞ്ചു വിക്കറ്റിന്‌ 211 റണ്‍സ്‌ എന്ന നിലയിലാണ്‌ ന്യൂസിലന്‍ഡ്‌ ഇന്നിങ്‌സ്‌ ആരംഭിച്ചത്‌.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 എന്ന വിജയലക്ഷ്യം പിൻതുടർന്ന ഇന്ത്യക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും മൂന്ന് വിക്കറ്റുകള്‍ നഷ്ടമായി.രോഹിത് ശർമ്മ,രാഹുൽ,കോഹ്ലി എന്നിവരുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്.ഓപ്പണര്‍മാരായ രോഹിതും രാഹുലും ഓരോ റണ്‍സ് വീതം മാത്രമാണ് നേടിയത്.തുടര്‍ന്ന് ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലിയും ഒരു റണ്‍സുമായി മടങ്ങി. നാലാം നമ്പറിൽ  ഇറങ്ങിയ റിഷഭ് പന്ത് 32 റണ്‍സ് എടുത്ത് പുറത്തായി. ഹര്‍ദ്ദിക് പാണ്ഡ്യയും 32 റണ്‍സ് നേടി.പിന്നാലെ ക്രീസില്‍ ഒന്നിച്ച ധോണി-ജഡേജ സഖ്യം സ്‌കോര്‍ ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. ഒരറ്റത്ത് ധോണി നിലയുറപ്പിച്ചപ്പോള്‍ ജഡേജ ആക്രമിച്ചു കളിച്ചു. 59 പന്തില്‍ 4 ബൗണ്ടറികളും 4 സിക്‌സറുകളും സഹിതം 77 റണ്‍സ് നേടിയാണ് ജഡേജ മടങ്ങിയത്.അവസാനം വരെ പിടിച്ചു നിന്ന ധോണി 49 മത്തെ ഓവറിന്‍റെ ആദ്യ പന്തില്‍ ഫെര്‍ഗൂസനെ സിക്‌സര്‍ പറത്തി.തുടര്‍ന്ന് 2 റണ്‍സ് നേടാനുള്ള ശ്രമത്തിനിടെ ധോണി റണ്ണൗട്ട് ആകുമ്പോൾ ഇന്ത്യ പരാജയം സമ്മതിച്ചു കഴിഞ്ഞിരുന്നു. ട്രെന്‍ഡ് ബോള്‍ട്ട്, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ 2 വിക്കറ്റ് വീതവും ഫെര്‍ഗൂസണ്‍, നീഷാം എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി. 10 ഓവറില്‍ 37 റണ്‍സ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ മാറ്റ് ഹെന്റിയാണ് കളിയിലെ താരം.ഇന്നു നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഞായറാഴ്ച ലോര്‍ഡ്‌സിലാണ് ഫൈനല്‍.

ലോകകപ്പ് ക്രിക്കറ്റ്;ന്യൂസിലൻഡിനെതിരെ ഇന്ത്യയ്ക്ക് തകർച്ചയോടെ തുടക്കം;രോഹിത്തും കോഹ്‌ലിയും രാഹുലും, ദിനേശ് കാര്‍ത്തികും പുറത്ത്

keralanews word cup cricket india lost four vickets rohit kohli rahul and dinesh karthik out

മാഞ്ചസ്റ്റർ:ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ഞെട്ടിക്കുന്ന ബാറ്റിംഗ് തകർച്ച.ന്യൂസിലാൻഡ് മുന്നോട്ടുവെച്ച 240 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് നാല് ഓവര്‍ പിന്നിടുമ്പോഴേക്കും നാല് വിക്കറ്റുകള്‍ നഷ്ടമായി.ടൂര്‍ണമെന്റില്‍ തകര്‍പ്പന്‍ ഫോമില്‍ കളിച്ച രോഹിതാണ് ആദ്യം പുറത്തായത്. മാറ്റ് ഹെന്റിയുടെ പന്തില്‍ രോഹിത് ശര്‍മ്മയാണ് ആദ്യം പുറത്തായത്. നായകന്‍ വിരാട് കോലിയുടേതായിരുന്നു അടുത്ത ഊഴം. ബോള്‍ട്ടിന്റെ പന്തിൽ നായകന്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. രാഹുലിനെ കീപ്പറുകളുടെ കയ്യിലെത്തിച്ച്‌ ന്യൂസിലാൻഡ് മൂന്നാം പ്രഹരവും ഏല്പിച്ചു.പതിയെ താളം കണ്ടെത്താന്‍ ശ്രമിക്കുന്നതിനിടയില്‍ കാര്‍ത്തിക്കും വീണു.ഇതോടെ ഇന്ത്യ 24ന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് കൂപ്പുകുത്തി.നേരത്തെ, മഴമൂലം റിസര്‍വ് ദിനത്തിലേക്കു നീണ്ട ഇന്നിങ്‌സിനൊടുവിലാണ് ന്യൂസീലന്‍ഡ് ഇന്ത്യയ്ക്കു മുന്നില്‍ 240 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 50 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് ആണ് നേടിയത്. നായകന്‍ കെയിന്‍ വില്യംസണ്‍ റോസ് ടെയ്ലര്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യക്ക് വേണ്ടി ബുവനേശ്വര്‍ കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തി.റിസര്‍വ് ദിനത്തിലേക്ക് മാറിയ മത്സരത്തില്‍ അവസാന 3.5 ഓവറില്‍ 3 വിക്കറ്റ് കൂടി നഷ്ടപ്പെടുത്തിയ ന്യൂസിലാന്‍ഡ് 28 റണ്‍സ് കൂടിയാണ് ചേര്‍ത്തത്. റോസ് ടെയ്ലര്‍ 74(90) ടോം ലഥാം 10(11) മാറ്റ് ഹെന്റി 1(2) എന്നിവരുടെ വിക്കറ്റാണ് ന്യൂസിലാന്‍ഡിന് ഇന്ന്  നഷ്ടമായത്.

തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന മീനുകളിൽ മാരക രാസവസ്തുക്കൾ കലർത്തുന്നതായി റിപ്പോർട്ട്

keralanews report that deadly chemicals are mixed in fish exported from tamilnadu to kerala

തിരുവനന്തപുരം:സംസ്ഥാനത്ത് മൽസ്യ ലഭ്യത കുറഞ്ഞതോടെ തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലേക്ക് മൽസ്യം ധാരാളമായി എത്തുന്നുണ്ട്.എന്നാൽ ഇവിടെ നിന്നും കൊണ്ടുവരുന്ന മത്സ്യങ്ങളില്‍ മാരകമായ രാസവസ്തുക്കള്‍ കലർത്തുന്നതായി റിപ്പോർട്ട്.കാഴ്ചയില്‍ ഉപ്പാണെന്ന് തോന്നിപ്പിക്കുമെങ്കിലും സോഡിയം ബെന്‍സോയേറ്റ്,അമോണിയ,ഫോര്‍മാള്‍ഡിഹൈഡ് എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ചെന്നൈയിലെ കാശിമേട് എണ്ണൂര്‍ ഹാര്‍ബറുകളില്‍ നിന്നാണ് കൂടുതല്‍ മത്സ്യങ്ങള്‍ സംസ്ഥാനത്ത് എത്തുന്നത്.കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന മത്സ്യങ്ങള്‍ പെട്ടികളാക്കി ഐസ് ഇട്ട് ശേഷം അതിന്റെ മുകളില്‍ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.പ്രമുഖ മാധ്യമമാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. കേരളത്തിലേക്ക് മൊത്ത കച്ചവടക്കാര്‍ കൂടുതലായി മത്സ്യം വാങ്ങുന്ന തുറമുഖമാണ് കാശിമേട്. പുലര്‍ച്ചെ രണ്ട് മണി മുതല്‍ കാശിമേട് തുറമുഖം സജീവമാണ്. കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള മത്സ്യം ബോട്ടില്‍ നിന്ന് മീന്‍ പ്ലാസ്റ്റിക്ക്പെട്ടികളിലേക്ക് നിറച്ചതിനുശേഷം അതിന് മുകളില്‍ ഐസ് ഇട്ട് അടുക്കി വയ്ക്കും.ഇതിന് പിന്നാലെ കൊടിയ വിഷമായ സോഡിയം ബെന്‍സോയേറ്റ് കലര്‍ത്തും.എണ്ണൂര്‍ തുറമുഖത്ത് ഒരു മറയുമില്ലാതെയാണ് വന്‍ തോതില്‍ രാസ വിഷം കലര്‍ത്തുന്നത്.ഇവിടങ്ങളില്‍ നിന്ന് ശേഖരിച്ച മീന്‍ ചെന്നൈ എഫ്‌എഫ്‌എസ്‌എസ്‌ഐയുടെ ലാബില്‍ പരിശോധിച്ചപ്പോൾ ലഭിച്ച ഫലം ഞെട്ടിക്കുന്നതായിരുന്നു.കാന്‍സറിന് കാരണമാകുന്ന, ദഹന സംവിധാനത്തെ തകര്‍ക്കുന്ന സോഡിയം ബെന്‍സോയേറ്റ് എന്ന രാസവസ്തുവിന്റെ സാന്നിധ്യം മത്സ്യങ്ങളിൽ കണ്ടെത്തി.കരള്‍ രോഗം മുതല്‍ കാഴ്ച ശക്തിയെ വരെ ബാധിക്കുന്ന ഫോര്‍മാള്‍ഡിഹൈഡും ശ്വാസനാളത്തെ ബാധിക്കുന്ന അമോണിയയും മീനുകളില്‍ കണ്ടെത്തി.അതേസമയം ചെക്ക്‌പോസ്റ്റുകളില്‍ കൃത്യമായ പരിശോധന നടത്താത്തതുമൂലമാണ് ഇത്തരം മത്സ്യങ്ങള്‍ കേരളത്തിലേക്ക് എത്തുന്നത്.

ധർമടം നിയോജകമണ്ഡലത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു

keralanews global dairy village is coming up in dharmadam constituency

കണ്ണൂർ:ധർമടം നിയോജകമണ്ഡലത്തിലെ വേങ്ങാട് ഗ്രാമപഞ്ചായത്തിൽ ഗ്ലോബൽ ഡയറി വില്ലേജ് വരുന്നു.പദ്ധതിക്കായുള്ള പ്രാരംഭ ചർച്ചകൾ മുഖ്യമന്ത്രി പിണറായി വിജയൻറെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നടന്നു.മൃഗസംരക്ഷണ-ക്ഷീര വകുപ്പ് മന്ത്രി കെ.രാജു,ക്ഷീരവികസന വകുപ്പ് ഡയറക്റ്റർ എസ്.ശ്രീകുമാർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഇന്ത്യൻ ജനുസ്സുകളിലുള്ള പശുക്കളെ വാണിജ്യാടിസ്ഥാനത്തിൽ വളർത്തുന്നതിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയ ഡയറി ഫാമാണ് നിർമിക്കുക. പ്രതിദിനം പതിനായിരം ലിറ്റർ പാൽ ഉല്പാദിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പത്ത് സാറ്റലൈറ്റ് ഡയറി ഫാമുകൾ,ജൈവ പാൽ,ജൈവ പച്ചക്കറി,ചാണകം,ഗോമൂത്രം എന്നിവയിൽ നിന്നും മൂല്യവർധിത ഉൽപ്പനങ്ങൾ എന്നിവ നിർമ്മിക്കും. ഫാം ടൂറിസം സെന്റർ, ഐസ്ക്രീം, വെണ്ണ, നെയ്യ്,ചീസ്,ഫങ്ഷണൽ മിൽക്ക് തുടങ്ങിയ വിതരണം ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. സംസ്ഥാനത്തെ ആദ്യത്തെ സംയോജിത ക്ഷീര വികസന പദ്ധതിയാണിത്. പദ്ധതി നിലവിൽ വരുന്നതോടെ ആയിരത്തോളംപേർക്ക് തൊഴിൽ ലഭിക്കും.ധർമടം മണ്ഡലത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന മണ്ഡലത്തിൽ നിലവിൽ 12 ക്ഷീരകർഷക സംഘങ്ങളാണ് ഉള്ളത്.1700 ക്ഷീരകർഷകരിൽ നിന്നും പ്രതിദിനം 13500 ലിറ്റർ പാൽ ഇപ്പോൾ സംഭരിക്കുന്നുണ്ട്.

പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു

keralanews former pakistan captain shuhaib malik retired from one day cricket

ഇസ്ലാമബാദ്:പാക്കിസ്ഥാന്‍ മുന്‍ ക്യാപ്റ്റന്‍ ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിച്ചു.ഇന്നലെ നടന്ന ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 94 റണ്‍സിന് പാക്കിസ്ഥാന്‍ വിജയിച്ചതിനു പിന്നാലെയാണ് മാലിക്ക് തന്റെ വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്. ഞാന്‍ ഏകദിനത്തില്‍ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങള്‍ക്കും പരിശീലകര്‍ക്കും സുഹൃത്തുക്കള്‍ക്കും കുടുംബാഗങ്ങള്‍ക്കും മാധ്യമസുഹൃത്തുക്കള്‍ക്കും സ്‌പോണ്‍സര്‍മാര്‍ക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകര്‍ക്കും’- മാലിക്ക് ട്വിറ്ററില്‍ കുറിച്ചു.ഈ ലോകകപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് എട്ടു റണ്‍സ് മാത്രമാണ് മാലിക് സ്വന്തമാക്കിയത്. 287 ഏകദിനങ്ങളില്‍ നിന്ന്‌ 7534 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒമ്ബത് സെഞ്ചുറിയും 44 അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി.1999 ഒക്ടോബറില്‍ വെസ്റ്റിന്‍ഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം.