കാസർകോഡ്:കുമ്പള ആരിക്കാടിയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.മംഗളൂരുവിൽ നിന്നും കാസർകോഡ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറും കാസർകോഡ് ഭാഗത്തു നിന്നും മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആൾട്ടോ കാറുമാണ് കൂട്ടിയിടിച്ചത്.ആൾട്ടോ കാറിലിടിച്ച സ്വിഫ്റ്റ് നിയന്ത്രണം വിട്ട് സമീപത്തെ മരത്തിലിടിക്കുകയായിരുന്നു.പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അണ്ടർ 19 ലോകകപ്പ് ഫൈനൽ; ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യക്ക് 217 റൺസ് വിജയലക്ഷ്യം
ക്രൈസ്റ്റ്ചർച്ച്:ഐസിസി അണ്ടർ 19 ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഓസ്‌ട്രേലിയക്കതിരെ ഇന്ത്യക്ക് 217 റൺസ് വിജയലക്ഷ്യം.ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 47.2 ഓവറിൽ 216 റൺസിന് എല്ലാവരും പുറത്തായി.ജോനാഥൻ മെർലോയുടെ (76) ഇന്നിഗ്‌സാണ് ഓസ്‌ട്രേലിയയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.ഇന്ത്യക്കായി ഇഷാന്‍ പെരേലും ശിവ സിംഗും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ഇന്ത്യന്‍ സമയം രാവിലെ 6.30നാണ് മത്സരം ആരംഭിച്ചത്.ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ ജാസൺ സംഗ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.മത്സരത്തില്‍ തോല്‍വി അറിയാതെയാണ് രാഹുല്‍ ദ്രാവിഡിന്റെ പരിശീലനത്തിലുള്ള ടീം ഫൈനല്‍ വരെ എത്തിയത്. ആദ്യ ഗ്രൂപ്പ് മത്സരത്തില്‍ നൂറ് റണ്‍സിന് ആസ്‍ത്രേലിയയെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്നിറങ്ങുന്നത്.ഇന്നു വിജയിക്കാനായാല്‍ കൗമാര ലോകകപ്പ് നാലു തവണ നേടുന്ന ഏക ടീമായി ഇന്ത്യമാറും. ഇന്ത്യയും ഓസ്‌ട്രേലിയയും മൂന്നു തവണ വീതം ലോകകിരീടം നേടിയിട്ടുണ്ട്. ഇന്ത്യയുടെ ആദ്യമത്സരവും അവസാന മത്സരവും ഓസ്‌ട്രേലിയയ്‌ക്കെതിരെയാണെന്ന പ്രത്യേകതയും ഇന്നത്തെ പോരാട്ടത്തിനുണ്ട്.
നടിയെ ആക്രമിച്ച കേസ്;തെളിവുകളുടെയും രേഖകളുടെയും പട്ടിക പോലീസ് കോടതിയിൽ സമർപ്പിച്ചു
കൊച്ചി:നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചു.നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ ഒഴികെയുള്ള മറ്റു സിസിടിവി ദൃശ്യങ്ങൾ,പെൻഡ്രൈവ്,സിഡി തുടങ്ങി 760 തെളിവുകളുടെ പട്ടികയാണ് പോലീസ് അങ്കമാലി കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.വിചാരണ വേളയിൽ തെളിവായി ഉപയോഗിക്കുന്നവരുടെ പട്ടികയും സത്യവാങ്മൂലവുമാണ് കോടതിയിൽ നൽകിയത്. കേസിലെ പ്രതിയായ ദിലീപ് രേഖകൾ ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിച്ച കോടതി കേസിലെ മുഴുവൻ തെളിവുകളുടെയും രേഖകളുടെയും പട്ടിക തയ്യാറാക്കി നല്കാൻ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.അതേസമയം നടിയെ അക്രമിക്കുന്നതിന്റെ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ചിരിക്കുന്ന ഹർജി കോടതി അഞ്ചാം തീയ്യതി പരിഗണിക്കും.
ഫീസടയ്ക്കാത്തതിന് ക്ലാസ്സിൽ നിന്നും പുറത്താക്കിയ വിദ്യാർത്ഥിനി ജീവനൊടുക്കി
ഹൈദരാബാദ്:ഫീസടയ്ക്കാത്തതിനെ തുടർന്ന് പരീക്ഷ എഴുതാൻ അനുവദിക്കാതെ അധ്യാപകർ ക്ലാസ്സിൽ നിന്നും പുറത്താക്കിയതിന്റെ മനോവിഷമത്തിൽ ഒമ്പതാം ക്ലാസ്സുകാരി ജീവനൊടുക്കി.സെക്കന്തരാബാദ് സായ് ജ്യോതി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സായ് ദീപ്തിയാണ് വ്യാഴാഴ്ച വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ചത്.2000 രൂപയാണ് ഫീസിനത്തിൽ സായ് ദീപ്തി അടയ്ക്കാനുണ്ടായിരുന്നത്.ഇത് ഫെബ്രുവരി ആദ്യവാരം അടയ്ക്കാമെന്നു കുട്ടിയുടെ രക്ഷിതാക്കൾ ഉറപ്പ് നൽകിയിരുന്നതാണ്.ഫീസടയ്ക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥിനിയെ അദ്ധ്യാപകർ അപമാനിക്കുകയും മണിക്കൂറുകളോളം ക്ലാസിനു പുറത്തു നിർത്തുകയും ചെയ്തു.വ്യഴാഴ്ച നടന്ന പരീക്ഷ എഴുതാൻ അനുവദിക്കുകയും ചെയ്തില്ല.വൈകുന്നേരം വീട്ടിലെത്തിയ ദീപ്തി അമ്മയെ വിളിച്ചു സംഭവം പറഞ്ഞു കരയുകയും ചെയ്തു.ഒരുമണിക്കൂറിനു ശേഷം അമ്മ തിരിച്ചു വിളിച്ചപ്പോൾ ദീപ്തി ഫോണെടുക്കാത്തതിനെ തുടർന്ന് സംശയം തോന്നി വീട്ടിലെത്തിയപ്പോഴാണ് ദീപ്തിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.ദീപ്തിയുടെ മാതാപിതാക്കളുടെ പരാതിയിൽ അധ്യാപികയ്‌ക്കെതിരെയും സ്കൂൾ അധികൃതർക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.
കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും
കണ്ണൂർ:നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് സംഘടിപ്പിക്കുന്ന കണ്ണൂർ ബീച്ച് മിനി മാരത്തൺ നാളെ നടക്കും.രാവിലെ ആറുമണിക്ക് പയ്യാമ്പലം പാർക്കിൽ നിന്നും തുടങ്ങി അവിടെത്തന്നെ അവസാനിക്കുന്ന തരത്തിലാണ് ബീച്ച് റൺ ക്രമീകരിച്ചിരിക്കുന്നത്. വിദേശതാരങ്ങളടക്കം നിരവധിപേർ മത്സരത്തിൽ പങ്കെടുക്കും.എലൈറ്റ്(രാജ്യാന്തരം), അമച്വർ,ഹെൽത്ത് എന്നീ വിഭാഗങ്ങളിലായാണ് മത്സരം നടക്കുക.പതിനെട്ട് വയസ്സ് പൂർത്തിയായവരാണ് അമച്വർ മത്സരത്തിൽ പങ്കെടുക്കുക.എലൈറ്റ് വിഭാഗത്തിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് യഥാക്രമം 50000,25000,5000 രൂപ സമ്മാനമായി ലഭിക്കും.അമച്വർ വിഭാഗത്തിൽ യഥാക്രമം 25000,15000,5000 എന്നിങ്ങനെയാണ് സമ്മാനത്തുക.മുംബൈ മാരത്തണിന്റെ ടൈമിംഗ് ഗ്രൂപ്പാണ് കണ്ണൂർ ബീച്ച് റൺ നിയന്ത്രിക്കുക. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ശനിയാഴ്ച ഉച്ച വരെ കണ്ണൂർ ചേംബർ ഓഫീസിൽ നേരിട്ടെത്തി രജിസ്റ്റർ ചെയ്യേണ്ടതാണ്.രജിസ്റ്റർ ചെയ്തവർ വൈകുന്നേരം ആറുമണിക്ക് മുൻപായി ഓഫീസിലെത്തി ചിപ്പ് കൈപ്പറ്റണമെന്നും സംഘാടകർ അറിയിച്ചു.
മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപം വൻ തീപിടുത്തം;നിരവധി കടകൾ കത്തി നശിച്ചു
ചെന്നൈ:മധുര മീനാക്ഷി ക്ഷേത്രത്തിനു സമീപമുണ്ടായ വൻ തീപിടുത്തത്തിൽ നിരവധി കടകൾ കത്തിനശിച്ചു.ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരത്തിനടുത്തുള്ള 35 ഓളം കടകളാണ് അഗ്നിക്കിരയായത്.രാത്രി 10.30 ഓടു കൂടിയാണ് അപകടം നടന്നത്.ക്ഷേത്രത്തിന്റെ ആയിരംകാൽ മണ്ഡപത്തിന്റെ മേൽക്കൂര ഭാഗികമായി നശിച്ചു.അഗ്നിശമസേനയെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കി.സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും നാശനഷ്ടത്തെ കുറിച്ച് ഇപ്പോൾ പറയാനാകില്ലെന്നും മധുര കലക്റ്റർ കെ.വീരരാഘവ റാവു പറഞ്ഞു.തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം
ഡർബൻ:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം.ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെ സെഞ്ചുറി മികവില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സ് നേടി.ഡര്‍ബനിലെ വേഗം കുറഞ്ഞ പിച്ചില്‍ ഡു പ്ലസിയെക്കൂടാതെ മറ്റാര്‍ക്കും തിളങ്ങാനായില്ല. ഡുപ്ളെസിക്ക് പുറമെ ക്വിന്‍റണ്‍ ഡികോക്ക് (34), ആന്‍ഡില്‍ ഫെലൂക്വായോ (പുറത്താകാതെ 27) എന്നിവരും ഭേദപ്പെട്ട പ്രകടനം നടത്തി.270 റൺസ് എന്ന വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 ഓവറും 3 പന്തുമായപ്പോള്‍ ലക്ഷ്യം കണ്ടു.സെഞ്ചുറി നേടിയ നായകന്‍ വിരാട് കോലിയും അര്‍ധസെഞ്ചുറി നേടിയ അജിന്‍ക്യ രഹാനെയും ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 119 പന്തില്‍ 112 റണ്‍സുമായാണ് വിരാട് കോഹ്‌ലി മടങ്ങിയത്.86 പന്തില്‍ 79 റണ്‍സുമായി രഹാനെ പുറത്തായി. എം എസ് ധോണിയും ഹാര്‍ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയുടെ വിജയറണ്‍സ് കുറിച്ചത്.വേഗം കുറഞ്ഞ പിച്ചില്‍ ഇന്ത്യന്‍ സ്പിന്നര്‍മാരായ കുല്‍ദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും തിളങ്ങി. ഇരുവരും 20 ഓവറില്‍ 79 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് സ്വന്തമാക്കിയത്. യാദവ് മൂന്നും ചാഹല്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണം
തിരുവനന്തപുരം:പോണ്ടിച്ചേരി അടക്കമുള്ള ഇതര സംസ്ഥാനങ്ങളിൽ അനധികൃതമായി രജിസ്റ്റർ ചെയ്തിരിക്കുന്ന വാഹനങ്ങൾ കേരളത്തിൽ റീറെജിസ്റ്റർ ചെയ്യണമെന്ന് മന്ത്രി തോമസ് ഐസക്.പോണ്ടിച്ചേരിയിൽ രജിസ്‍ട്രേഷന്‍ ചെയ്തിരിക്കുന്ന വാഹനങ്ങള്‍ക്ക് ഏപ്രില്‍ വരെ നികുതി അടയ്‌ക്കാമെന്നും കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കില്‍ അടയ്‌ക്കേണ്ട നികുതിക്ക് തുല്യമായ തുകയാണ് അടയ്‌ക്കേണ്ടതെന്നും മന്ത്രി അറിയിച്ചു.റീ-രജിസ്റ്റർ ചെയ്യാത്ത വാഹനങ്ങൾ കണ്ടുകെട്ടുന്നത് ഉൾപ്പടെയുള്ള കർശന നടപടികളുണ്ടാകുമെന്നും ഇത്തരം വാഹനങ്ങൾക്ക് നികുതി അടച്ച് നിയമനടപടികളില്‍ നിന്ന് ഒഴിവാകാമെന്നും മന്ത്രി ബജറ്റിൽ അറിയിച്ചു.
നടി സനുഷയ്ക്ക് ഡിജിപിയുടെ അനുമോദനം
തിരുവനന്തപുരം:ട്രെയിനിൽ വെച്ച് തന്നെ അപമാനിക്കാൻ ശ്രമിച്ചയാളെ ധീരതയോടെ നേരിട്ട നടി സനുഷയ്ക്ക് ഡിജിപിയുടെ അഭിനന്ദനം.ഡിജിപിയുടെ ബോർഡ് റൂമിൽ നടന്ന ചടങ്ങിൽ പോലീസ് മേധാവി ലോക്നാഥ് ബെഹ്‌റ സനുഷയ്ക്ക് അനുമോദന പത്രം നല്‍കി ആദരിച്ചു. സനുഷക്ക് പിന്തുണ നല്‍കിയ മാതാപിതാക്കളെയും ഡിജിപി അനുമോദിച്ചു.സമപ്രായക്കാരായ പെൺകുട്ടികൾക്ക് ധൈര്യം നൽകാനുള്ള പ്രചോദനമായി പ്രവർത്തിക്കണമെന്നും ഇനിയും ഏറെ മുന്നോട്ട് പോകണമെന്നും സനുഷയോട് ഡിജിപി പറയുകയുണ്ടായി.അതേസമയം സനുഷയെ സഹായിക്കാന്‍ രണ്ട് പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നത് ഖേദകരമാണെന്നും പ്രതിസന്ധികളിൽ സഹജീവികളെ ഒറ്റയ്ക്കാക്കുന്ന മനോഭാവത്തിൽ മാറ്റം വരുത്തണമെന്നും ഡിജിപി ആവശ്യപ്പെടുകയുണ്ടായി.
തീരദേശ വികസനത്തിന് 2000 കോടിയുടെ പാക്കേജ്; സ്ത്രീ സുരക്ഷയ്ക്കും സാമൂഹ്യസേവനത്തിനും ഊന്നൽ നൽകി പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ്
തിരുവനന്തപുരം:ഓഖി ദുരന്തത്തിൽ തകർന്ന തീരദേശത്തിന്റെ സമഗ്ര വികസനത്തിനായി 2000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചും ആരോഗ്യസംരക്ഷണത്തിന് ഊന്നൽ നൽകിയും പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചു. തീരദേശത്ത് സൗജന്യ വൈ ഫൈ, ഓഖി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പ്രത്യേക പദ്ധതി, തീരദേശത്തിന്‍റെ 50 മീറ്റർ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് 150 കോടി, മത്സ്യ മേഖലയ്ക്ക് 600 കോടി തുടങ്ങി തീരപ്രദേശത്തെ ക്ഷേമത്തിന് സർക്കാർ നിരവധി പദ്ധതികൾ പ്രഖ്യാപിച്ചു.കൂടാതെ സംസ്ഥാനത്തെ സ്ത്രീസുരക്ഷയ്ക്കായി 50 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ചു.അതിക്രമങ്ങളെ അതിജീവിക്കുന്നവരെ സഹായിക്കാന്‍ 3 കോടി രൂപ വകയിരുത്തും.എല്ലാ ജില്ലകളിലും വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലുകള്‍ സ്ഥാപിക്കുന്നതിനായി 25 കോടി രൂപ മാറ്റി വെയ്ക്കുമെന്നും മന്ത്രി വ്യക്തമാക്കി.