കൊച്ചി:ഹൈക്കോടതി ചീഫ് ജസ്റ്റിസായി ആന്റണി ഡൊമിനിക് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ഹൈക്കോടതി ജഡ്ജിമാരും ചടങ്ങിൽ പങ്കെടുത്തു.നിലവിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റീസായ ആന്‍റണി ഡൊമനിക്കിനെ കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി ഹൈക്കോടതി ചീഫ് ജസ്റ്റീസായി നിയമിച്ചത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസ് ആയിരുന്ന നവനീതി പ്രസാദ് സിംഗ് വിരമിച്ചതിനെ തുടർന്നാണ് ആന്‍റണി ഡൊമനിക്കിനെ ചീഫ് ജസ്റ്റീസായി നിയമിച്ചത്.കോട്ടയം പൊൻകുന്നം സ്വദേശിയായ ആന്‍റണി ഡൊമനിക്ക്. 1981ലാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. 2007 ഇൽ ഇദ്ദേഹത്തെ ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയോഗിച്ചു.പിന്നീട് 2008ൽ സ്ഥിരം ജഡ്ജിയായി സ്ഥാനക്കയറ്റം നൽകി.
സുബൈദ വധം;രണ്ടുപ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി
കാസർകോഡ്:ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ രണ്ടു പ്രതികളെ തിരിച്ചറിയൽ പരേഡിന് വിധേയരാക്കി.കേസിൽ അറസ്റ്റിലായ കോട്ടക്കണിയിലെ കെ.എം.അബ്ദുൽഖാദർ എന്ന ഖാദർ (26), പട്ള കുതിരപ്പാടിയിലെ പി.അബ്ദുൽ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് തിരിച്ചറിയൽ പരേഡിന് വിധേയരാക്കിയത്.കാഞ്ഞങ്ങാട് ജില്ലാ ജയിലിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന്റെ (രണ്ട്) നേതൃത്വത്തിലാണു തിരിച്ചറിയൽ പരേഡ് നടത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച അറസ്റ്റ് രേഖപ്പെടുത്തിയ രണ്ടു പ്രതികളെയും ചെക്കിപ്പള്ളത്തെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു.രണ്ടു പ്രതികളെയും വീണ്ടും കസ്റ്റഡിയിൽ വിട്ടുകിട്ടുന്നതിനു കോടതിയെ സമീപിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ബേക്കൽ സിഐ വി.കെ.വിശ്വംഭരൻ പറഞ്ഞു.ജനുവരി 19ന് ആണു ചെക്കിപ്പള്ളത്തെ വീടിനകത്തു സുബൈദയെ മരിച്ച നിലയിൽ കണ്ടത്. കേസിൽ പിടികിട്ടാനുള്ള രണ്ടു പ്രതികൾക്കായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: ബസ് ചാർജ് വർധനയുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ ഫെബ്രുവരി 16 മുതൽ അനിശ്ചിതകാല സമരത്തിലേക്ക്.നിരക്കുവർധന ഉടൻ നടപ്പിലാക്കണമെന്നാണ് ഇവരുടെ ആവശ്യം.മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബസ് ഓപ്പറേറ്റർസ് കോൺഫെഡറേഷൻ കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നു.ഇതേ തുടർന്ന് മുഖ്യമന്ത്രിയുമായി ബസ്സുടമകൾ നടത്തിയ ചർച്ചയെ തുടർന്ന് ബസുടമകൾ പ്രഖ്യാപിച്ച സമരം പിൻവലിച്ചിരുന്നു. ബസുടമകളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി നൽകിയ ഉറപ്പിനെ തുടർന്നാണ് സമരം പിൻവലിച്ചത്.
കടമ്പൂർ സ്കൂളിലെ എല്ലാ ക്ലാസ് മുറികളും സ്മാർട്ടാകുന്നു
കടമ്പൂർ:പ്രോജക്ടർ ആവശ്യമില്ലാത്ത അത്യാധുനിക സ്മാർട്ട് ക്ലാസ്റൂം സംവിധാനവുമായി കടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ. ക്ലാസ്മുറികളിൽ ഒരുക്കിയ അൾട്രാ ഹൈടെക് ഡിജിറ്റൽ ഹൈ ഡെഫിനിഷൻ ടച്ച് ഡിസ്പ്ലേ സംവിധാനത്തിന്‍റെ ഉദ്ഘാടനം ഇന്നു വൈകുന്നേരം അഞ്ചിന് നടക്കുമെന്ന് സ്കൂൾ മാനേജർ പി.മുരളീധരൻ, പ്രിൻസിപ്പൽ കെ.രാജൻ എന്നിവർ അറിയിച്ചു.ഹോങ്കോംഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്‌ട്ര ഡിജിറ്റൽ ബ്രാൻഡായ സ്പെക്ട്രോണുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.വെള്ളിയാഴ്ച നടക്കുന്ന സ്കൂൾ വാർഷികത്തിന്റെ ഭാഗമായി പുതിയ സാങ്കേതിക സംവിധാനത്തിന്റെ ഉൽഘാടനം സ്പെക്ട്രോൺ വൈസ് പ്രസിഡന്റ് ജോൺ കാസിഡി നിർവഹിക്കും.പുതിയ സംവിധാനം നിലവിൽ വരുന്നതോടെ അൾട്രാ ഹൈടെക് ഡിജിറ്റൽ എച്.ഡി ടച്ച് സ്ക്രീൻ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തിയാണ് ക്ലാസുകൾ നടത്തുക.സാധാരണ ഹൈടെക് ക്ലാസ് മുറികളിലെ പോലെ കംപ്യൂട്ടർ, പ്രൊജക്ടർ, സ്പീക്കർ തുടങ്ങിയവ ഇവിടെ ആവശ്യമില്ല. ഇവയെല്ലാം അടങ്ങിയ 86 ഇഞ്ച് എൽഇഡി സ്മാർട്ട് ബോർഡാണ് ക്ലാസ്മുറികളിൽ ഒരുക്കിയിരിക്കുന്നത്. ആവശ്യാനുസരണം മാറ്റിസ്ഥാപിക്കാൻ കഴിയുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.എഴുതാനുള്ള ബോർഡായും ഉപയോഗിക്കാം.ത്രീഡി സ്റ്റിമുലേഷൻ സംവിധാനവുമുണ്ട്.എഴുതാനും വരയ്ക്കാനും കഴിയുന്നതിനൊപ്പം നേരത്തെ എഴുതിയവയിലേക്ക് തിരിച്ചുപോകാനുള്ള സൗകര്യവുമുണ്ട്. വീഡിയോ ദൃശ്യങ്ങൾക്കൊപ്പം എഴുതിക്കാണിക്കാനുള്ള സംവിധാനവുമുണ്ട്. കെമിസ്ട്രി, ഫിസിക്സ് തുടങ്ങിയവയുടെ ചെറിയ ലബോറട്ടറിയായും പ്രയോജനപ്പെടുത്താം.സ്മാർട്ട് ഫോൺപോലെ അധ്യാപകർക്ക് എളുപ്പത്തിൽ ഉപയോഗിക്കാനും കഴിയും.കടമ്പൂർ ഹയർസെക്കൻഡറി സ്കൂളിന്‍റെയും കടമ്പൂർ ഇംഗ്ലീഷ് മീഡിയം സ്കൂളിന്‍റെയും സംയുക്ത വാർഷികാഘോഷവും കലാവിരുന്നും സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രൻ ഉൽഘാടനം ചെയ്യും.
പഴശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവർത്തികൾ ആരംഭിച്ചു
മട്ടന്നൂർ: വെളിയമ്പ്രയിൽ ആരംഭിക്കുന്ന പഴശി സാഗർ ജലവൈദ്യുത പദ്ധതിയുടെ നിർമാണ പ്രവൃത്തി ആരംഭിച്ചു.നിർമാണ പ്രവൃത്തി ഏറ്റെടുത്ത കമ്പനിയായ തമിഴ്നാട് ഈറോഡിലെ ആർഎസ് ഡെവലപ്പേഴ്സ് കഴിഞ്ഞ ദിവസം മുതലാണ് പ്രവൃത്തി ആരംഭിച്ചത്. തമിഴ്നാട്ടിലെ കൂടംകുളം ആണവ നിലയത്തിന്‍റെ നിർമാണത്തിൽ പ്രമുഖ പങ്കുവഹിച്ച നിർമാണ കമ്പനിയാണ് ആർഎസ് ഡവലപ്പേഴ്സ്.80 കോടി രൂപയോളമാണ് പദ്ധതിയുടെ നിർമാണ ചിലവ്.പഴശി അണക്കെട്ടിനോടുചേർന്ന മൂന്നര ഹെക്ടർ സ്ഥലത്താണ് പ്രവൃത്തി നടത്തുന്നത്. പദ്ധതി പ്രദേശത്തെ പരമാവധി മരങ്ങൾ സംരക്ഷിച്ചാണു പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിക്കു ഡാം സുരക്ഷാ അതോറിറ്റിയുടെ അനുമതി നേരത്തെ ലഭിച്ചിരുന്നു.ജലസേചനത്തിനും കുടിവെള്ളത്തിനും കഴിച്ചുള്ള സംഭരണിയിലെ വെള്ളം ഉപയോഗിച്ചു 7.5മെഗാവാട്ടിന്‍റെ പദ്ധതിയാണു പഴശി സാഗർ ലക്ഷ്യമിടുന്നത്.ഈ പദ്ധതി യാഥാർഥ്യമാകുന്നതോടെ മട്ടന്നൂർ, പേരാവൂർ, ഇരിക്കൂർ മണ്ഡലങ്ങളിൽ വൈദ്യുത പ്രതിസന്ധിക്കു പരിഹാരമാകും.
ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളികകൾ നൽകി
കണ്ണൂർ:ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി വിരഗുളികകൾ നൽകി. വിരവിമുക്ത ദിനാചരണത്തിന്റെ ജില്ലാതല ഉൽഘാടനം കണ്ണൂർ സെന്റ് തെരേസാസ് സ്കൂളിൽ വിദ്യാർത്ഥിനി അഭിരാമി വേണുഗോപാലിന് അൽബാൻഡസോൾ ഗുളിക നൽകി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു.ദേശീയ വിരവിമുക്ത ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ ഒന്നുമുതൽ പത്തൊൻപതു വയസ്സ് വരെയുള്ള 640734 കുട്ടികൾക്ക് ഗുളിക നൽകി. വ്യാഴാഴ്ച ഗുളിക കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് സമ്പൂർണ്ണ വിരവിമുക്ത ദിനമായ 15 ന് ഗുളിക നൽകും.
സിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി
ഇരിട്ടി:സിപിഐ ജില്ലാ സമ്മേളനത്തിന് ഇരിട്ടിയിൽ തുടക്കമായി.നാലുദിവസം നീണ്ടു നിൽക്കുന്ന സമ്മേളനത്തിന് സിപിഐ സംസ്ഥാന കൗൺസിൽ അംഗം സി.പി മുരളി പതാകയുയർത്തി.തലശ്ശേരി ജവഹർഘട്ടിൽ നിന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രെട്ടറി രജീഷിന്റെ നേതൃത്വത്തിലുള്ള പതാകജാഥയും പായം രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ബികെഎംയു ജില്ലാ സെക്രെട്ടറി കെ.വി ബാബുവിന്റെ നേതൃത്വത്തിലുള്ള കൊടിമരജാഥയും മുഴക്കുന്ന് രക്തസാക്ഷി മണ്ഡപത്തിൽ നിന്നും മഹിളാ സംഘം ജില്ലാ സെക്രെട്ടറി സ്വപ്‍നയുടെ നേതൃത്വത്തിലുള്ള ബാനർ ജാഥയും പയഞ്ചേരി മുക്കിൽ സംഗമിച്ചു.തുടർന്ന് ജനസേവ വോളന്റിയർമാരുടെയും ഇരുചക്ര വാഹനങ്ങളുടെയും നിരവധി പ്രവർത്തകരുടെയും അകമ്പടിയോടെ സമ്മേളന നഗരിയായ പള്ളിപ്രം ബാലൻ നഗറിൽ എത്തിച്ചേർന്നു. സമ്മേളനത്തിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം നാലുമണിക്ക് പയഞ്ചേരിമുക്കിൽ നിന്നും വോളന്റിയർ മാർച്ചും ബഹുജന റാലിയും നടക്കും.തുടർന്ന് നടക്കുന്ന പൊതു സമ്മേളനം സിപിഐ ദേശീയ എക്സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉൽഘാടനം ചെയ്യും.ജില്ലാ സെക്രെട്ടറി പി.സന്തോഷ് കുമാർ അധ്യക്ഷത വഹിക്കും.റെവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരൻ,സി.എൻ ചന്ദ്രൻ, സത്യൻ മൊകേരി എന്നിവർ ചടങ്ങിൽ പങ്കെടുക്കും.10,11 തീയതികളിൽ ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് പ്രതിനിധി സമ്മേളനം നടക്കും.പത്തിന് രാവിലെ പത്തുമണിക്ക് സംസ്ഥാന സെക്രെട്ടറി കാനം രാജേന്ദ്രൻ പ്രതിനിധി സമ്മേളനം ഉൽഘാടനം ചെയ്യും.മന്ത്രിമാരായ കെ.രാജു,പി.തിലോത്തമൻ,നേതാക്കളായ പന്ന്യൻ രവീന്ദ്രൻ, ടി.പുരുഷോത്തമൻ,ജെ.ചിഞ്ചുറാണി എന്നിവർ പങ്കെടുക്കും.വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം സിനിമ സംവിധായകൻ വിനയൻ ഉൽഘാടനം ചെയ്യും.
കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നാരോപിച്ച് ബീഹാർ സ്വദേശിയെ മർദിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു
കണ്ണൂർ:കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്നാരോപിച്ച് ബീഹാർ സ്വദേശിയെ മർദിച്ച സംഭവത്തിൽ നാലുപേരെ അറസ്റ്റ് ചെയ്തു.മാനന്തേരിയിലെ ഇല്ലിക്കൽ മുനാഫിർ, സി.ഷിജു, എ.രാജീവൻ,വി.വിശ്വനാഥൻ എന്നിവരെയാണ് കണ്ണവം പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.സംഭവത്തിൽ പതിനാറുപേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മർദനത്തിൽ പരിക്കേറ്റ ബീഹാർ സ്വദേശിയായ ചോട്ടുവിനെ കണ്ണവം പോലീസ് ഇന്നലെ കോടതിയിൽ ഹാജരാക്കി.മാനസിക വൈകല്യം പ്രകടിപ്പിക്കുന്ന ഇയാളെ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ എത്തിയതാണെന്ന സംശയത്തെ തുടർന്ന് നാട്ടുകാരുടെ ചോദ്യം ചെയ്യലിനിടെയാണ് ഇയാൾക്ക് മർദനമേറ്റത്.ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തു.സംശയത്തിന്റെ പേരിൽ അക്രമം നടത്തുന്നവർക്കെതിരെയും വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ദിവസം പൊലീസിന് നിർദേശം നൽകിയിരുന്നു.ഇതിനെ തുടർന്നാണ് പോലീസ് നടപടി ശക്തമാക്കിയത്.
തൃശ്ശൂരിൽ നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു
തൃശൂർ:തൃശ്ശൂരിൽ നാലുവയസ്സുകാരനെ പുലി കടിച്ചുകൊന്നു.ആതിരപ്പള്ളി വാൽപ്പാറ നടുമല എസ്റ്റേറ്റിലാണ് സംഭവം.തോട്ടം തൊഴിലാളിയായ അഷ്‌റഫ് അലിയുടെയും സെബിയുടെയും മകൻ സെയ്ദുള്ളയാണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടുകൂടിയാണ് കുട്ടിയെ പുലി കടിച്ചെടുത്തുകൊണ്ടു പോയത്.തുടർന്ന് നടത്തിയ തിരച്ചിലിൽ രാത്രി എട്ടുമണിയോടുകൂടി തല വേർപെട്ട നിലയിൽ കാട്ടിൽ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയെ കുളിപ്പിച്ച ശേഷം അമ്മ അകത്തേക്ക് പോയപ്പോളാണ് സംഭവം.അടുക്കള വാതിൽക്കൽ നിൽക്കുകയായിരുന്നു കുട്ടി.അമ്മയുടെ നിലവിളി കേട്ട് നാട്ടുകാർ ആയുധവുമായി എത്തി തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.ഒരുവർഷം മുൻപ് ജാർഖണ്ഡിൽ നിന്നും തേയിലത്തോട്ടത്തിൽ ജോലിക്കായി എത്തിയതാണിവർ.
ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു
കണ്ണൂർ:ചെമ്പേരി പയറ്റുചാലിൽ ലോറി താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം അഞ്ചുമണിയോട് കൂടിയാണ് അപകടം നടന്നത്.പയറ്റുചാൽ-ചെമ്പേരി റോഡിലെ പഴയ ക്വാറി വളവിൽ വെച്ച് നിയന്ത്രണം നഷ്ട്ടപ്പെട്ട ലോറി താഴ്ചയിലേക്ക് മറിയുകയായിരുന്നു. റോഡരികിലെ സംരക്ഷണ ഭിത്തിയും സമീപത്തുണ്ടായിരുന്ന പ്ലാവും തകർത്ത് 30 അടിയോളം താഴ്ചയിലുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലേക്കാണ് ലോറി വീണത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റു മൂന്നുപേരെ തളിപ്പറമ്പ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വ്യാപാരിയായ മഞ്ചേരി സ്വദേശി അലി ഒഴികെ മറ്റു മൂന്നുപേരും തമിഴ്നാട് സ്വദേശികളാണ്.കോയമ്പത്തൂരിൽ നിന്നും ചെമ്പേരി കോട്ടയിൽ ട്രേഡേഴ്സിലേക്ക് പ്ലാസ്റ്റിക് ബാരലുകളും കാനുകളുമായി വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടത്തിൽപെട്ടത്.