മട്ടന്നൂർ:മട്ടന്നൂർ പെരിഞ്ചേരിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.പെരിഞ്ചേരി ചമതക്കണ്ടിയിൽ കെ.വി സുനേഷിനാണ് വെട്ടേറ്റത്.ശനിയാഴ്ച രാത്രി എട്ടുമണിയോട് കൂടി കുഴിക്കൽ എൽപി സ്കൂളിന് സമീപത്തുവെച്ചാണ് അക്രമം.ഗൃഹപ്രവേശന ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന സുനേഷിനെ ബൈക്കിലെത്തിയ സംഘം സുനീഷിന്റെ ബൈക്ക് ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു.ആ സമയം അത് വഴി ഓട്ടോറിക്ഷ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെടുകയായിരുന്നു.തലയ്ക്കും കൈക്കും വെട്ടേറ്റ സുനേഷിനെ കണ്ണൂർ എ കെ ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം പ്രവർത്തകർ ആരോപിച്ചു.എന്നാൽ സംഭവത്തിൽ ബിജെപിക്ക് പങ്കില്ലെന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം സി.വി വിജയൻ പറഞ്ഞു.
ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും
തിരുവനന്തപുരം:ഫെബ്രുവരി 15 ന് നഴ്സുമാർ സംസ്ഥാന വ്യാപകമായി പണിമുടക്കും.ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് പണിമുടക്കുന്നത്.25000 നഴ്സുമാർ സമരത്തിനെത്തുമെന്നു യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ അറിയിച്ചു.കെവിഎം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തുതീർപ്പായില്ലെങ്കിൽ സമരം കൂടുതൽ ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രതിനിധി ജാസ്മിൻ ഷാ പറഞ്ഞു. കെവിഎം ആശുപത്രിയിലെ നഴ്സുമാർ സമരം ആരംഭിച്ചിട്ട് ആറുമാസത്തോളമായി. സമരം ഒത്തുതീർപ്പാക്കാൻ നടപടി ആവശ്യപ്പെട്ട് നഴ്സുമാർ കഴിഞ്ഞ ദിവസം ദേശീയപാത ഉപരോധിച്ചിരുന്നു.ഇവർക്കെതിരെ പോലീസ് നടത്തിയ ലാത്തിച്ചാർജിൽ പെൺകുട്ടികളടക്കം അഞ്ചുപേർക്ക് പരിക്കേറ്റു.പരിക്കേറ്റവരെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം;ആറുപേർക്ക് വെട്ടേറ്റു;കൊയിലാണ്ടിയിൽ ഇന്ന് സിപിഎം ഹർത്താൽ
വടകര:വടകര കൊയിലാണ്ടിയിൽ ആർഎസ്എസ്-സിപിഎം സംഘർഷം.ഞായറാഴ്ച വൈകിട്ട് എട്ടോടെയാണ് കൊയിലാണ്ടി പുളിയഞ്ചേരിൽ സംഘർഷമുണ്ടായത്.സംഘർഷത്തിൽ സിപിഎം ലോക്കൽ സെക്രട്ടറി ഉൾപ്പെടെയുള്ള ആറു സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റു.പുളിയഞ്ചേരി കെടിഎസ് വായനശാലയിൽ ഇരുന്നവർക്കു നേരെ ആർഎസ്എസ് പ്രവർത്തകർ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് സിപിഎം നേതൃത്വം ആരോപിക്കുന്നു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അക്രമം നടത്തിയ ഒരു ആർഎസ്എസ് പ്രവർത്തകനെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്.അക്രമത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭാ പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.രാവിലെ ആറുമണി മുതൽ വൈകുന്നേരം ആറുമണി വരെയാണ് ഹർത്താൽ.
തക്കാളിക്ക് വിലയിടിയുന്നു;വിളവെടുപ്പ് കൂലിപോലും കിട്ടുന്നില്ല
മറയൂർ:തക്കാളിക്ക് വിലയിടിയുന്നു.അതിർത്തിക്കപ്പുറം തക്കാളിയുടെ വില രണ്ടു രൂപയിലേക്ക് താഴ്ന്നു.ബുധനാഴ്ച ഉടുമലൈ ചന്തയിൽ 14 കിലോയുടെ ഒരു തക്കാളിപ്പെട്ടിക്ക് 30 രൂപ മാത്രമാണ് കർഷകന് ലഭിച്ചത്.ഇതോടെ കർഷകർ തക്കാളി വിളവെടുക്കാതെ കൃഷിയിടങ്ങളിൽ തന്നെ ഉപേക്ഷിക്കുകയാണ്. തക്കാളിയുടെ വിളവെടുപ്പ് കൂലിയും ചന്തയിൽ എത്തിക്കാനുള്ള കൂലിയും കർഷകർക്ക് ലഭിക്കുന്നില്ല.ചന്തയിലെത്തിക്കുന്നതിന് ഒരു പെട്ടിക്ക് 10 രൂപ മുതൽ 20 രൂപ വരെ ചിലവ് വരും.ഉടുമലൈ,പഴനി മേഖലകളിലുള്ള നിരവധി ഗ്രാമങ്ങളിൽ ആയിരത്തിലധികം ഹെക്റ്ററുകളിലാണ് തക്കാളി കൃഷി ചെയ്യുന്നത്.മറ്റു പല മേഖലകളിലും തക്കാളി ഉത്പാദനം കൂടിയതും മറ്റു പ്രദേശങ്ങളിൽ നിന്നും വ്യാപാരികൾ എത്താതിരുന്നതും വിലകുറയാൻ കാരണമായതായി കർഷകർ പറയുന്നു.എന്നാൽ അതിർത്തിക്കിപ്പുറം തക്കാളിയെത്തുമ്പോൾ ഉപഭോക്താക്കളിൽ നിന്നും കിലോക്ക് 10 മുതൽ 15 രൂപവരെയാണ് ഈടാക്കുന്നത്.
കന്യാസ്ത്രീകളുടെ മർദനം;അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ പോലീസെത്തി രക്ഷപ്പെടുത്തി
കൊച്ചി:കൊച്ചി നഗരത്തിലെ പൊന്നുരുന്നിക്ക് സമീപമുള്ള കോൺവെന്റിൽ കുട്ടികളെ കന്യാസ്ത്രീകൾ മർദിച്ചതായി പരാതി.മർദനം സഹിക്കാൻ കഴിയാതെ അർധരാത്രി കോൺവെന്റിൽ നിന്നും രക്ഷപ്പെട്ട കുട്ടികളെ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കടവന്ത്ര പോലീസ് സ്റ്റേഷനിൽ നിന്നും പോലീസെത്തി കൂട്ടികൊണ്ടുപോയി.ആറുമുതൽ പന്ത്രണ്ടു വരെ പ്രായമുള്ള നിർധനരായ കുട്ടികളാണ് കോൺവെന്റിൽ താമസിച്ചു പഠിക്കുന്നത്.ഇവരുടെ ദേഹത്ത് ചൂരലുകൊണ്ട് അടിയേറ്റ പാടുകളുണ്ട്.ചൂട് സമയങ്ങളിൽ ഫാനിടാൻ അനുവദിക്കാറില്ലെന്നും ചെറിയ തെറ്റുകൾക്ക് പോലും ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും വിദ്യാർഥികൾ പറഞ്ഞു. ഒരു ദിവസം കഴിക്കാൻ നൽകിയ ഭക്ഷണത്തിൽ പുഴുവിനെ കണ്ടതിനെ തുടർന്ന് പരാതിപ്പെട്ടപ്പോൾ പുഴുവിനെ എടുത്തുമാറ്റി കഴിക്കാനായിരുന്നു നിർദേശമെന്നും വിദ്യാർഥികൾ പറഞ്ഞു.കഴിഞ്ഞ ദിവസം രാത്രി മർദനം സഹിക്കനാവാതെ കോൺവെന്റിലെ ഇരുപതു കുട്ടികളും ഓടി പുറത്തിറങ്ങുകയായിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ പോലീസ് കന്യാസ്ത്രീകൾക്കെതിരെ ജുവനൈൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മഴ വില്ലനായെത്തിയ മത്സരത്തിൽ ഇന്ത്യയ്ക്ക് 5 വിക്കറ്റ് തോൽവി
ജോഹന്നാസ്ബർഗ്:ദക്ഷിണാഫ്രിക്കയ്‌ക്കെതിരായുള്ള നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് അഞ്ചു വിക്കറ്റിന്റെ തോൽവി.മഴകാരണം ഇടയ്ക്ക് മുടങ്ങിയ കളിയിൽ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരമാണ് ദക്ഷിണാഫ്രിക്കയുടെ ജയം.ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 289 റൺസെടുത്തു.ഓപ്പണർ ശിഖർ ധവാന്‍റെ സെഞ്ചുറിയുടെ കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടൽ പടുത്തുയർത്തിയത്.മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 7.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റണ്‍സെന്ന നിലയിൽ നിൽക്കവെ മഴയെത്തിയതോടെ മത്സരം നിർത്തിവയ്ക്കുകയായിരുന്നു.പിന്നീട് മഴ നിയമപ്രകാരം ദക്ഷിണാഫ്രിക്കയുടെ ലക്‌ഷ്യം 28 ഓവറിൽ 202 റൺസായി പുതുക്കി നിശ്ചയിക്കുകയായിരുന്നു.ഈ വിജയലക്ഷ്യം 25.3 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ദക്ഷിണാഫ്രിക്ക മറികടക്കുകയായിരുന്നു.ക്യാപ്റ്റൻ ഏഡൻ മർക്‌റാം ( 23 പന്തിൽ 22), ഹാഷം ആംല (40 പന്തിൽ 33), എബിഡി വില്ലേഴ്സ് (18 പന്തിൽ 26), ഡേവിഡ് മില്ലർ (28 പന്തിൽ 39), ഹെന്‍റിക് ക്ലാസൻ (27 പന്തിൽ 43), അൻഡിലെ പെഹുലുക്വായോവ് (5 പന്തിൽ 23) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച ബാറ്റിംഗ് പുറത്തെടുത്തത്.ഇതോടെ ആറു മത്സരങ്ങളുള്ള കളിയിൽ ഇന്ത്യ ഇപ്പോൾ 3-1 നു മുൻപിലാണ്.തുടർച്ചയായ നാലാം ഏകദിനവും ജയിച്ചു കയറി ദക്ഷിണാഫ്രിക്കയിലെ ആദ്യ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന ഇന്ത്യയുടെ മോഹമാണ് പൊലിഞ്ഞത്.
ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു
ഹോങ്കോങ്:ഹോങ്കോങ്ങിൽ ബസ്സപകടത്തിൽ 18 പേർ മരിച്ചു.ഹോങ്കോങ്ങിലെ തായ്‌പോ നഗരത്തിലാണ് അപകടം നടന്നത്.അമിത വേഗതയിലായിരുന്ന ഡബിൾ ഡെക്കർ ബസ് തലകീഴായി മറിയുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.അശ്രദ്ധമായി ഓടിച്ചതിന് ബസിന്‍റെ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.കുതിര സവാരി കാണാനെത്തിയവരും തൊഴിലാളികളുമാണ് ബസിലുണ്ടായിരുന്നതെന്ന് അധികൃതർ അറിയിച്ചു.
കൊച്ചിയിൽ കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
കൊച്ചി:മുത്തച്ഛനോടൊപ്പം പോവുകയായിരുന്ന കുട്ടിയെ തട്ടിയെടുക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ.ഇതര സംസ്ഥാനക്കാരനായ മുഹമ്മദ് ഇബ്നുൽ റഹ്മാനെയാണ് നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചത്.തമ്മനം ഇലവുങ്കൽ റോഡിൽ ഇന്നലെ രാവിലെ കൊച്ചുമകനുമായി മുടിവെട്ട് കടയിൽ നിന്നും മടങ്ങുകയായിരുന്നു മുത്തച്ഛൻ.കുട്ടിയുടെ കയ്യും പിടിച്ചാണ് മുത്തച്ഛൻ നടന്നിരുന്നത്.പെട്ടെന്ന് ഇവരുടെ പിന്നാലെ ഓടിയെത്തിയ യുവാവ് കുട്ടിയെ വാരിയെടുക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച മുത്തച്ഛനെ തള്ളിയിടുകയും ചെയ്തു.സംഭവം കണ്ട നാട്ടുകാർ ഓടിയെത്തി യുവാവിനെ തടഞ്ഞു നിർത്തി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.പാലാരിവട്ടം പോലീസ് എത്തി യുവാവിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയനാക്കി. പരിശാധനയിൽ ഇയാൾക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് കണ്ടതിനെ തുടർന്ന് കോടതിൽ ഹാജരാക്കിയതിനു ശേഷം തൃശൂർ മനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.ദിവസങ്ങൾക്ക് മുൻപ് യുവാവിനെ തമ്മനം പള്ളിക്ക് സമീപം അലഞ്ഞു തിരിഞ്ഞ് നടക്കുന്നത് കണ്ടതിനെ തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിച്ചു വിവരങ്ങൾ ശേഖരിച്ച് വിട്ടിരുന്നതായി പോലീസ് പറഞ്ഞു.
അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ
കണ്ണൂർ:അഴീക്കോട് ബിജെപി പ്രവർത്തകർക്ക് നേരെ ബോംബെറിഞ്ഞ കേസിൽ മൂന്നു സിപിഎം പ്രവർത്തകർ അറസ്റ്റിൽ.വളപട്ടണം പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.അഴീക്കോട് സ്വദേശികളും സിപിഎം പ്രവർത്തകരുമായ സജേഷ് (30), ജിഷിത്ത് (20), ജിതിൽ (23)എന്നിവരേയാണ് ഇന്നലെ പുലർച്ചെ വളപട്ടണം എസ്ഐ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രി ഏഴുമണിയോട് കൂടി ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ബിജെപി പ്രവർത്തകരായ കാപ്പിലെപീടികയിലെ ലജേഷ്, നിഖിൽ എന്നിവർക്ക് നേരെയാണ് ബോംബേറുണ്ടായത്. കൈക്കും കാലിനും പരിക്കേറ്റ ഇവരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാനൂർ വള്യായിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു
പാനൂർ:പാനൂർ വള്യായിയിൽ കല്യാണ വീട്ടിൽ ഉണ്ടായ സംഘർഷത്തിൽ ഒരു സിപിഎം പ്രവർത്തകന് പരിക്കേറ്റു.സിപിഎം പ്രവർത്തകനായ പ്രവീണിനാണ് പരിക്കേറ്റത്.സംഘർഷത്തിനിടെ യുവാവിനെ ഒരുസംഘം കല്ലുകൊണ്ട് ഇടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.മുഖത്ത് കല്ലുകൊണ്ട് ഇടിച്ചതിനെ തുടർന്ന് പ്രവീണിന് സാരമായി പരിക്കേറ്റു. ബിജെപി പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് പ്രവീൺ ആരോപിച്ചു.ഇതിനു ശേഷം ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിയിൽ മറ്റു മൂന്നുപേർക്കും മർദനമേറ്റു. വള്ള്യായി യുപി സ്കൂളിനടുത്തുള്ള വിവാഹവീട്ടിൽ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. വിവരമറിഞ്ഞ് പാനൂർ പോലീസ് സ്ഥലത്തെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്.