കൊല്ലം:സംസ്ഥാനത്തെ മൽസ്യബന്ധന ബോട്ടുകൾ ഇന്ന് മുതൽ കടലിൽ ഇറക്കില്ല.ഇന്ധനവില കുറച്ച് മൽസ്യബന്ധന മേഖലയെ സംരക്ഷിക്കുക,58 ഇനം മൽസ്യങ്ങളുടെ മിനിമം ലീഗൽ സെസ് നടപ്പിലാക്കുന്നതിൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിട്യൂട്ടിന്റെ നിർദേശങ്ങൾ പാലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.ഇതുമായി ബന്ധപ്പെട്ട് ഫിഷറീസ് മന്ത്രിയുമായി കേരള ഫിഷിങ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം തുടരാൻ തീരുമാനിച്ചത്.ട്രോളിങ് നിരോധന സമയത്ത് ഉണ്ടാകുന്ന അന്തരീക്ഷമാകും സമര സമയത്ത് ഉണ്ടാകുക.
സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് വിതരണം ചെയ്യുന്ന 18 ശതമാനം മൽസ്യത്തിലും മായം കലർന്നതായി റിപ്പോർട്ട്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷേഴ്സ് ടെക്നോളജി സംസ്ഥാനത്തെ 14 ജില്ലകളിലും നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തല്‍. മത്സ്യങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം പരിശോധിക്കാനായി തയാറാക്കിയഐസിഎആര്‍ സിഫ്ടെസ്റ്റ് എന്ന പരിശോധനാ കിറ്റിന്റെ പ്രകാശനം നിര്‍വഹിച്ച് മന്ത്രി മേഴ്സിക്കുട്ടിയമ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ഥങ്ങളാണ് മത്സ്യം കേടാകാതിരിക്കാനായി കലർത്തുന്നത്.ഐസ് ഒഴികെ മറ്റൊരു വസ്തുവും മീനില്‍ ഉപയോഗിക്കരുതെന്നാണ് വ്യവസ്ഥ.മത്സ്യത്തിലെ മായം കണ്ടെത്തുന്നതിന് സംസ്ഥാനത്തെ മുഴുവൻ മത്സ്യ മാർക്കറ്റുകളിലും പരിശോധന നടത്തുമെന്ന് മന്ത്രി. ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഭക്ഷ്യസുരക്ഷ വകുപ്പുമായി സഹകരിച്ചായിരിക്കും ഫിഷറീസ് പരിശോധന നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.മത്സ്യത്തിൽ മായം ചേർക്കുന്ന നടപടി അംഗീകരിക്കാനാവില്ലെന്നും ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും മർദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ
കണ്ണൂർ:മുഴപ്പിലങ്ങാട് തെക്കേ കുന്നുമ്പ്രത്ത് പരസ്യ മദ്യപാനം തടഞ്ഞ എസ്ഐയെയും സംഘത്തെയും ആക്രമിച്ച സംഘത്തിലെ ഒരാൾ പിടിയിലായി. മുഴപ്പിലങ്ങാട്ടെ അരുൺ എന്ന അരൂട്ടനാണ്(37) അറസ്റ്റിലായത്.അക്രമത്തിൽ പ്രിൻസിപ്പൽ എസ്‌ഐ മഹേഷ് കണ്ടമ്പത്തിനും രണ്ടു സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റിരുന്നു.ചൊവ്വാഴ്ച രാത്രി പതിനൊന്നു മണിയോട് കൂടി തെക്കേ കുന്നുമ്പ്രം മൃത്യുഞ്ജയ മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവം നടക്കുന്നതിനിടെ റോഡിൽ പരസ്യ മദ്യപാനം നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് എസ്‌ഐയും സംഘവും പരിശോധനയ്‌ക്കെത്തിയത്.മദ്യപരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ഒരു സംഘം പൊലീസുകാരെ ആക്രമിച്ചത്.പ്രിൻസിപ്പൽ എസ്‌ഐയെ തള്ളിയിട്ടതായും പറയുന്നു.എസ്ഐയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.അറസ്റ്റിലായ അരുൺ തലശ്ശേരി,പാനൂർ,കൊളവല്ലൂർ എന്നീ സ്റ്റേഷനുകളിൽ വധക്കേസ് ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.ഇയാളെ കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്.സംഭവത്തിൽ കണ്ടാലറിയാവുന്ന 16 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കാസർകോട്ട് മദ്യശാലയ്ക്ക് തീപിടിച്ചു
കാസർകോഡ്:കാസർകോട്ട് മദ്യശാലയ്ക്ക് തീപിടിച്ചു.ഇന്ന് രാവിലെ ഏഴരയോടുകൂടി നഗരത്തിലെ ഹോട്ടൽ ഹൈവേ കാസിലിലാണ് തീപിടുത്തമുണ്ടായത്. ഹോട്ടൽ അടക്കമുള്ള ബാറാണിത്.നാലുമുറികളിലുണ്ടായിരുന്ന താമസക്കാരെ പുറത്തിറക്കി.മദ്യക്കുപ്പികൾ തീപിടിച്ചു നശിച്ചു.ലക്ഷക്കണക്കിന് രൂപയുടെ നഷ്ട്ടം കണക്കാക്കുന്നു.ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു.
കൊച്ചി കപ്പൽശാലയിലെ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതക ചോർച്ച
കൊച്ചി:കൊച്ചി കപ്പൽശാലയിൽ അഞ്ചുപേരുടെ മരണത്തിനിടയാക്കിയ പൊട്ടിത്തെറിക്ക് കാരണം അസറ്റിലിൻ വാതകച്ചോർച്ചയാണെന്ന് കണ്ടെത്തി. ഫാക്റ്ററീസ് ആൻഡ് ബോയിലേർസ് വകുപ്പാണ് ഇത് കണ്ടെത്തിയത്.തലേദിവസം രാത്രിയിൽ ചോർന്ന് തേർഡ് ഡെക്കിൽ നിറഞ്ഞു നിന്ന വാതകമാണ് കത്തി അതിശക്തമായി പൊട്ടിത്തെറിച്ചത്.അറ്റകുറ്റപ്പണി നടത്തിയ വാട്ടർ ടാങ്കിനു സമീപത്തെ റെഫ്രിജറേഷൻ,ശീതീകരണ പ്ലാന്റിന് സമീപത്തായിരുന്നു സ്ഫോടനം നടന്നത്.സ്ഫോടനം നടന്ന കപ്പൽശാല കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പൊൻ രാധാകൃഷ്‌ണൻ സന്ദർശിച്ചു.കപ്പലിന് മുൻപിലെ ഹോട് വാട്ടർ ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് കപ്പൽശാല അധികൃതർ ആദ്യം പറഞ്ഞത്.എന്നാൽ അങ്ങനെയല്ലെന്ന് ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സ് വകുപ്പ് സ്ഥിതീകരിച്ചു. സ്ഫോടനം നടന്ന തേർഡ് ഡെക്കിൽ തിങ്കളാഴ്ച രാത്രി അസറ്റിലിൻ വൻതോതിൽ നിറഞ്ഞിരുന്നതായാണ് നിഗമനം.ഇതറിയാതെ തൊഴിലാളികൾ ആരെങ്കിലും വെൽഡിങ് ടോർച്ച് കത്തിച്ചപ്പോളാകാം സ്ഫോടനം നടന്നത്.സംഭവത്തെ കുറിച്ച് വിശദമായ പരിശോധനയ്ക്ക് അഞ്ചംഗ സംഘത്തെ വകുപ്പ് ഡയറക്റ്റർ പ്രമോദ് നിയോഗിച്ചിട്ടുണ്ട്.അഞ്ചു ദിവസത്തിനകം ഈ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കും.
സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ സംസ്ഥാന വ്യാപകമായി ഇന്ന് പണിമുടക്കുന്നു
തിരുവനന്തപുരം:ചേർത്തല കെവിഎം ആശുപത്രിയിലെ നഴ്സുമാർ ആറുമാസമായി നടത്തി വരുന്ന സമരം ഒത്തുതീർക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് പണിമുടക്കുന്നു.പണിമുടക്കുന്ന പതിനായിരത്തിലേറെ നഴ്സുമാർ ഇന്ന് ചേർത്തലയിലെത്തി കെവിഎം ആശുപത്രിയിലെ സമരം നടത്തുന്ന നഴ്സുമാർക്ക് പിന്തുണ പ്രഖ്യാപിക്കും.എന്നാൽ നഴ്സുമാർ സമരം അവസാനിപ്പിക്കാതെ ഇനിയൊരു ചർച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടിലാണ് കെവിഎം ആശുപത്രി അധികൃതർ.അതേസമയം സ്വകാര്യ ആശുപത്രിയിലെ നഴ്സുമാർ ഇന്ന് നടത്തുന്ന പണിമുടക്ക് തടയണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോറം ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന സംഘടന ഹൈക്കോടതിൽ ഹർജി സമർപ്പിച്ചിട്ടുണ്ട്.നഴ്സുമാരുടെ പണിമുടക്ക് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു നേരെയുള്ള കടന്നുകയറ്റമാണെന്നു ഹർജിയിൽ ആരോപിക്കുന്നു.നേരത്തെ നഴ്സുമാർ ഇത്തരത്തിൽ സമരം പ്രഖ്യാപിച്ചപ്പോൾ ഹൈക്കോടതി അത് തടഞ്ഞിരുന്നു.
കൊച്ചി കപ്പൽ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു
കൊച്ചി:കൊച്ചി കപ്പൽശാലയിൽ കപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.ഇതിൽ 25000 രൂപയുടെ സാമ്പത്തിക സഹായം അടിയന്തിരമായി നൽകും.പരിക്കേറ്റവർക്ക് മെഡിക്കൽ പരിരക്ഷയും ആശുപത്രി ചിലവുകളും നൽകും.മരിച്ചവരുടെ കുടുംബാംഗത്തിന് യോഗ്യതയ്ക്കനുസരിച്ചുള്ള തൊഴിൽ നൽകണം,മരിച്ചവരുടെ കുട്ടികൾക്ക് ഡിഗ്രി പഠനം പൂർത്തിയാകും വരെ വിദ്യാഭ്യാസ സഹായം, നിയമാനുസൃത സഹായത്തിനു പുറമെ പരിക്കേറ്റവർ ജോലിയിൽ പ്രവേശിക്കും വരെ വേതനം തുടങ്ങിയവ ചെയ്തു കൊടുക്കാൻ കേന്ദ്ര ഷിപ്പിംഗ് സഹമന്ത്രി പി.രാധാകൃഷ്‌ണൻ അധികൃതരോട് നിർദേശിച്ചു.
കൊച്ചി കപ്പൽശാലയിൽ കപ്പലിനുള്ളിലുണ്ടായ പൊട്ടിത്തെറിയിൽ അഞ്ചു മരണം
ബസ് ചാർജ് വർധന മാർച്ച് ഒന്ന് മുതൽ നിലവിൽ വരും
തിരുവനന്തപുരം:സംസ്ഥാനത്തു സ്വകാര്യ ബസുകളുടെയും കെഎസ്ആർടിസി ബസുകളുടെയും നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു.മിനിമം ചാർജ് ഏഴുരൂപയിൽ നിന്നും എട്ടു രൂപയാക്കി വർധിപ്പിക്കും.മാർച്ച് ഒന്ന് മുതലാണ് നിരക്ക് വർധന പ്രാബല്യത്തിൽ വരിക. വിദ്യാർത്ഥികളുടെ മിനിമം ചാർജിൽ വർദ്ധനവില്ല.മിനിമം ചാർജിനു ശേഷമുള്ള നിരക്കിൽ വർധനയുടെ ഇരുപത്തഞ്ചു ശതമാനം നിരക്ക് വിദ്യാർത്ഥികൾക്കും കൂടും.വിദ്യാർത്ഥികൾക്ക് നാൽപതു കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് പുതുക്കിയ നിരക്കിൽ ഒരു രൂപയുടെ വർധനയെ ഉണ്ടാകൂ.ഇന്ധന വിലയിലും സ്പെയർ പാർട്സുകളുടെ വിലയിലും തൊഴിലാളികളുടെ വേതനത്തിലും ഉണ്ടായ വർധന മൂലം ബസ് വ്യവസായം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് പഠിക്കാൻ ജസ്റ്റിസ് രാമചന്ദ്രൻ അധ്യക്ഷനായ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ഈ കമ്മിറ്റിയുടെ റിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്.
കണ്ണൂർ നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
കണ്ണൂർ:എട്ടാമത് സഹകരണ കോൺഗ്രസിന്റെ സമാപനത്തോടനുബന്ധിച്ച് ഇന്ന് കണ്ണൂർ നഗരത്തിൽ ഒരുലക്ഷംപേർ അണിനിരക്കുന്ന ഘോഷയാത്ര നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 2 മണിമുതൽ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ഉച്ചയ്ക്ക് രണ്ടുമണിക്ക് സെന്റ്.മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്നും ആരംഭിക്കുന്ന ജാഥ വൈകുന്നേരം അഞ്ചുമണിക്ക് പൊതു സമ്മേളന നഗരിയായ കളക്റ്ററേറ്റ് മൈതാനത്ത് സമാപിക്കും.മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സംഘാടക സമിതി ചെയർമാൻ ഇ.പി ജയരാജൻ എംഎൽഎ,സംസ്ഥാന സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്‌ണൻ നായർ എന്നിവർ ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും.അൻപതിലധികം ഫ്ളോട്ടുകളും മറ്റു കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരക്കും.