മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു

keralanews mother and daughter of journalist killed and bodies thrown away in sacks

നാഗ്‌പൂർ:മാധ്യമ പ്രവർത്തകന്റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന് ചാക്കിൽ കെട്ടി നദിയിൽ ഉപേക്ഷിച്ചു.പ്രാദേശിക പത്രലേഖകനായ രവികാന്ത് കംബ്ലയുടെ അമ്മ ഉഷ(52),മകൾ റാഷി(1),എന്നിവരുടെ മൃതദേഹമാണ് ചാക്കിൽ കെട്ടി നദിയിൽ തള്ളിയ നിലയിൽ കണ്ടെടുത്തത്.ശനിയാഴ്ച വൈകുന്നേരത്തോടെ വീടിനു സമീപത്തുള്ള ജ്വല്ലറിയിലേക്ക് പോയ ഉഷയെയും കുട്ടിയേയും പിന്നീട് കാണാതാവുകയായിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ട നിലയിൽ ഇവരെ കണ്ടെത്തിയത്.ഇരുവരുടെയും ശരീരത്തിൽ സംശയകരമായ രീതിയിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ പലിശയ്ക്ക് പണം കടം കൊടുക്കാറുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ജ്വല്ലറിയിലേക്ക് പോയ ഉഷയും കുഞ്ഞും സമയം കഴിഞ്ഞിട്ടും എത്താത്തതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഇവരെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു.ഇതേ തുടർന്ന് ഇയാൾ പോലീസിൽ വിവരമറിയിച്ചു. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പവൻപുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായിരുന്നതായും ഇതേ തുടർന്നാണ് കൊല നടത്തിയതെന്നുമാണ് പോലീസ് പറയുന്നത്.നദിയുടെ പടവിൽ നിന്നും ഇയാൾ ഉഷയെ തള്ളിയിടുകയായിരുന്നു.പിന്നീട് കഴുത്തു മുറിച്ചു.ഇതുകണ്ട് കുഞ്ഞ് കരഞ്ഞതോടെ കുഞ്ഞിനേയും കൊല്ലുകയായിരുന്നു.പിന്നീട് ഇരുവരുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി നദിയിൽ തള്ളുകയായിരുന്നു എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ആകാശചിറകിലേറി ഇനി കണ്ണൂരും;കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപറക്കൽ വിജയം

keralanews trial run in kannur airport successfully completed

കണ്ണൂർ:ആകാശചിറകിലേറി ഇനി കണ്ണൂരും.വിമാനത്താവളത്തിലെ ഡോപ്ലർ വെരിഹൈ ഫ്രീക്വൻസി ഓമ്നി റേഞ്ച്(ഡി.വി.ഓ.ആർ) സംവിധാനം പരിശോധിക്കുന്നതിനുള്ള പരീക്ഷണപ്പറക്കൽ വിജയകരമായി പൂർത്തിയാക്കി.ഇന്നലെ രാവിലെയാണ് ബെംഗളൂരുവിൽ നിന്നെത്തിയ എയർപോർട്ട് അതോറിറ്റിയുടെ ഡോണിയർ വിമാനം വിമാനത്താവളത്തിന് മുകളിലൂടെ ചുറ്റിപ്പറന്ന് സിഗ്നലുകൾ സ്വീകരിച്ചത്.എന്നാൽ ആകാശം മേഘാവൃതമായതിനാൽ 5000 മുതൽ 8000 അടി ഉയരത്തിൽ പറന്ന വിമാനം താഴെ നിന്നവർക്ക് കാണാനായില്ല.രാവിലെ 9.52 ന് ബെംഗളൂരുവിൽ നിന്നും പറന്നുയർന്ന വിമാനം 10.45 ഓടെ വ്യോമപരിധിയിൽ പ്രവേശിച്ചു.പല ഉയരങ്ങളിലും ദിശകളിലും പറന്ന് റഡാറിൽ നിന്നും സിഗ്നലുകൾ സ്വീകരിച്ചു. ഡി.വി.ഓ.ആർ കമ്മീഷൻ ചെയ്യുന്നതോടെ വിമാനത്താവളത്തിലേക്കുള്ള അന്താരാഷ്ട്ര വ്യോമമാർഗം നിലവിൽ വരും. വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങളുടെ സുപ്രധാന ഘട്ടമാണ് നാവിഗേഷൻപരിശോധനയോടെ പിന്നിട്ടതെന്നു കിയാൽ എംഡി പി.ബാലകിരൺ പറഞ്ഞു. ബെംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നും നേരിട്ട് കണ്ണൂർ വിമാനത്താവളത്തിലേക്ക് വ്യോമപാത സാധ്യമാകുമെന്നാണ് പരിശോധനയ്ക്ക് ശേഷം വിദഗ്ദ്ധർ അഭിപ്രായപ്പെട്ടത്. കണ്ണൂരിലേക്കുള്ള വ്യോമമാർഗം എയ്‌റോനോട്ടിക്കൽ ഇൻഫർമേഷൻ റെഗുലേഷൻ ആൻഡ് കൺട്രോൾ വിഭാഗം അന്താരാഷ്ട്ര തലത്തിൽ അടയാളപ്പെടുത്തും.ഇത് സംബന്ധിച്ചുള്ള വിശദാംശങ്ങൾ എയർപോർട്ട് അതോറിറ്റിക്ക് കൈമാറുന്നതോടെ വിമാനത്താവളത്തിന്റെ ലൈസൻസിനുള്ള നടപടിക്രമങ്ങൾക്ക് വേഗമേറും.

ഷുഹൈബ് വധം;കൊലയാളി സംഘത്തിൽ അഞ്ചുപേരുണ്ടെന്ന് പോലീസ്;രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി

keralanews shuhaib murder case there are five persons in the killer gang recorded two persons arrest

കണ്ണൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസിൽ രണ്ടുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി.റിജിൻ,ആകാശ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവർ രണ്ടുപേരും കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി. കൊലയാളി സംഘത്തിൽ അഞ്ചുപേർ ഉള്ളതായും മറ്റുള്ളവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും പോലീസ് പറഞ്ഞു.അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കുമെന്നാണ് സൂചന.പ്രതികൾക്കായി സിപിഎം ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ പോലീസ് ശക്തമായ തിരച്ചിൽ തുടരുകയാണ്.അതേസമയം ഡമ്മി പ്രതികളെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. യഥാർത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ നടത്തുന്ന രണ്ടു ദിവസത്തെ നിരാഹാര സമരം ഇന്ന് ആരംഭിക്കും.

സ്വകാര്യ ബസ് സമരം;ബസ്സുടമകൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി

keralanews private bus strike the transport minister said the strict action will be taken against bus owners

തിരുവനന്തപുരം:സമരം തുടരുന്ന ബസ്സുടമകൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി.സ്വകാര്യ ബസുടമകൾ സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മുന്നോട്ട് പോകേണ്ടി വരുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ബസ്സുടമകൾ സമരത്തിൽ നിന്നും പിന്മാറണം.വിദ്യാർത്ഥികളുടെ യാത്ര നിരക്ക് കൂട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാർത്ഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാത്തതിനെ തുടർന്ന് ഇന്നലെ ബസ്സുടമകൾ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെടുകയായിരുന്നു.മിനിമം ചാർജ് എട്ടുരൂപയാക്കിയത് അംഗീകരിക്കുന്നതായും വിദ്യാർത്ഥികളുടെ മിനിമം ചാർജ് രണ്ടുരൂപയാക്കണമെന്നുമായിരുന്നു ബസ് ഉടമകളുടെ ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല.ഇതോടെ ചർച്ച അലസിപ്പിരിയുകയായിരുന്നു.  അതേസമയം യാത്രാക്ലേശം പരിഹരിക്കാൻ സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി അധിക സർവീസ് നടത്തുന്നുണ്ട്.

സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും

keralanews ksu education bandh today

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തും.ആലപ്പുഴയിൽ കെഎസ്‌യു സംഘടിപ്പിച്ച സമരകാഹള റാലിക്ക് നേരെ സിപിഐഎം നടത്തിയ അക്രമത്തിൽ പ്രതിഷേധിച്ചാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം നൽകിയിരിക്കുന്നത്.പത്താം ക്ലാസ്,പ്ലസ് ടു മോഡൽ പരീക്ഷകളെ ബന്ദിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.വിവിധയിടങ്ങളിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കെഎസ്‌യു സംസ്ഥാന നേതൃത്വം അറിയിച്ചു.

കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു

keralanews cpm activist injured in manantheri koothuparamaba

കണ്ണൂർ:കൂത്തുപറമ്പ് മാനന്തേരിയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു.കിഴക്കേ കതിരൂർ സ്വദേശി ഷാജനാണ്(42) വെട്ടേറ്റത്.പാൽ വിതരണത്തിനിടെയാണ് ഇയാൾക്ക് വെട്ടേറ്റത്.കാലിനു പരിക്കേറ്റ ഇയാളെ തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ആക്രമണത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു.സിപിഎം-ബിജെപി സംഘർഷം നിലനിൽക്കുന്ന പ്രദേശമാണ് മാനന്തേരി.

ചർച്ചയിൽ തീരുമാനമായില്ല;സ്വകാര്യ ബസ് സമരം തുടരും

keralanews the private bus strike will continue

കോഴിക്കോട്:കോഴിക്കോട് ഗസ്റ്റ്  ഹൗസിൽ  വെച്ച് ബസുടമകളുമായി ഗതാഗതമന്ത്രി നടത്തിയ ചർച്ച പരാജയപ്പെട്ടു.വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ അംഗീകരിക്കാതെ വന്നതിനെ തുടർന്നാണ് ചർച്ച അലസിയത്.ഇതോടെ ജനജീവിതം ദുസഹമാക്കി സ്വകാര്യബസുകളുടെ സമരം നാലാം ദിവസവും തുടരും.മിനിമം ചാർജ് എട്ടു രൂപയെന്നത് അംഗീകരിക്കുന്നതായും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർധിപ്പിക്കണമെന്നും ബസ് ഉടമകൾ നിലപാടെടുത്തു.വിദ്യാർഥികളുടെ മിനിമം ചാർജ് രണ്ടു രൂപയാക്കണമെന്നതായിരുന്നു ആവശ്യം.എന്നാൽ സർക്കാർ ഇത് അംഗീകരിച്ചില്ല. ഇതോടെ ചർച്ച പരാജയപ്പെടുകയായിരുന്നു.

ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്

keralanews pappinisseri gramapanchayath got the swaraj prize given by kerala state for the best gramapanchayath in the district

കണ്ണൂർ:ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള  സംസ്ഥാന സര്‍ക്കാരിന്റെ സ്വരാജ് പുരസ്ക്കാരം പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്.സംസ്ഥാനതലത്തില്‍ മൂന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കി.ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള 10 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡും,സംസ്ഥാനത്തില്‍ മൂന്നാം സ്ഥാനത്തിനുള്ള 15 ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡുമാണ് ലഭിച്ചത്.സാമുഹ്യക്ഷേമം,ആരോഗ്യം,എന്നീ മേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കാന്‍ പഞ്ചായത്തിന് സാധിച്ചതും വികസന പ്രവര്‍ത്തനങ്ങളില്‍ കൂട്ടായ്മ ഉണ്ടാക്കിയെടുക്കാനും സാധിച്ചു എന്നുള്ളതുമാണ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിന്‍റെ നേട്ടത്തിന് മുതല്‍കൂട്ടായത്.പഞ്ചായത്ത് കമ്മിറ്റി,സ്റ്റാന്റിംഗ് കമ്മിറ്റി,നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങള്‍, പൊതുജന പിന്തുണയോടെയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ എന്നിവയാണ് പഞ്ചായത്തിനെ പുരസ്ക്കാരത്തിന് അർഹമാക്കിയത്.

ഷുഹൈബ് വധം;രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി

keralanews shuhaib murder case two cpm activists surrendered before the police

മട്ടന്നൂർ:മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് രണ്ട് സിപിഎം പ്രവർത്തകർ പൊലീസിന് മുൻപിൽ കീഴടങ്ങി.തില്ലങ്കേരി സ്വദേശികളായ ആകാശ്,റിജിന രാജ് എന്നിവരാണ് കീഴടങ്ങിയത്.പോലീസ് ഇവരെ ചോദ്യം ചെയ്തു വരികയാണ്.ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.ഇതിൽ ആകാശ് തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീതിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്.കേസുമായി ബന്ധപ്പെട്ട് ഇന്നലെ ആറുപേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവർക്ക് കൊലപാതകവുമായി നേരിട്ട് ബന്ധമില്ലെങ്കിലും പ്രതികളെ കുറിച്ച് കൃത്യമായ അറിവ് ഉണ്ടെന്നാണ് പോലീസ് പറയുന്നത്.കണ്ണൂർ എസ്പിയുടെ നേതൃത്വത്തിൽ ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ശുഹൈബ് (30) കൊല്ലപ്പെട്ടത്.പതിനൊന്നരയോടെ സുഹൃത്തിന്‍റെ തട്ടുകടയിൽ ചായ കുടിച്ചുകൊണ്ടിരിക്കെ കാറിലെത്തിയ നാലംഗ സംഘം ബോംബെറിഞ്ഞു ഭീതി പരത്തിയശേഷം ശുഹൈബിനെ വെട്ടികൊലപ്പെടുത്തുകയായിരുന്നു.

സംസ്ഥാനത്ത് ബോട്ട് സമരം നാലാം ദിവസത്തിലേക്ക് കടന്നു

keralanews boat strike in the state entered into fourth day

തിരുവനന്തപുരം:ചെറുമീനുകളെ പിടിക്കുന്നതിനു ഭീമമായ പിഴ ഏർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ചും ഡീസലിന് സബ്‌സിഡി അനുവദിച്ച് മൽസ്യ മേഖലയെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് സംസ്ഥാനത്തെ ബോട്ടുടമകൾ നടത്തിവരുന്ന സമരം നാലാം ദിവസത്തിലേക്ക് കടന്നു.മീൻപിടുത്ത ബോട്ടുകൾ കടലിൽ ഇറങ്ങാത്തതിനാൽ സംസ്ഥാനത്തെ ഹാർബറുകളിൽ പലതിലും ഹർത്താലിന്റെ പ്രതീതിയാണ്.പരമ്പരാഗത മൽസ്യത്തൊഴിലാളികൾ മാത്രമാണ് കടലിൽ പോകുന്നത്.അതേസമയം അഴിമുഖങ്ങൾ പ്രതിരോധിക്കുന്നതടക്കമുള്ള ശക്തമായ സമര പരിപാടികളിലേക്ക് കടക്കാനാണ് ബോട്ട് ഓപ്പറേറ്റർസ് അസോസിയേഷന്റെ തീരുമാനം.ഈമാസം 22 ന് സെക്രെട്ടറിയേറ്റ് മാർച്ച് നടത്താനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.അനുബന്ധമേഖലകളെയും സമരം കാര്യമായി ബാധിച്ചിട്ടുണ്ട്.സർക്കാർ മുൻകയ്യെടുത്ത് പ്രശ്‌നപരിഹാരത്തിന് അവസരമൊരുക്കും വരെ സമരം തുടരാനാണ് സമര സമിതിയുടെ തീരുമാനം.