കോഴിക്കോട്: സംസ്ഥാനത്ത് സിക്ക വൈറസ് ബാധ.ബെംഗളൂരുവിൽ നിന്നും കോഴിക്കോട് എത്തിയ യുവതിയിയിലാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്.ചേവായൂർ സ്വദേശിനിയായ യുവതി നിലവിൽ ആശുപത്രിയിൽ നിന്നും വീട്ടിലെത്തി ചികിത്സയിലാണ്. ഇവർക്ക് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഈ മാസം 17ാം തീയതിയാണ് യുവതി കോഴിക്കോട് എത്തിയത്. വയറുവേദനയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ഇവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ആശുപത്രിയിൽ നടത്തിയ പ്രാഥമിക പരിശോധനയിലും, വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിലും സിക്ക വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. യുവതിയുമായി ഇടപഴകിയ ആർക്കും രോഗ ലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കൊതുകുകളിലൂടെ പകരുന്ന ഫ്ളാവിവൈറസാണ് സിക്ക.പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കണ്ണിന് ചുവന്ന നിറം, സന്ധി-പേശി വേദന, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.