Kerala, News

സിക്ക വൈറസ്;തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കയച്ച 17 സാമ്പിളുകളുടെ ഫലം നെഗറ്റീവ്; കൂടുതല്‍ സാമ്പിളുകൾ പരിശോധിക്കും

keralanews zika virus 17 samples sent from thiruvananthapuram tested negative more samples will be tested

തിരുവനന്തപുരം: സിക വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്നും പരിശോധനയ്ക്കയച്ച  17 സാംപിളുകളുടെ ഫലം നെഗറ്റീവ്.പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നുള്ള ഫലമാണ് ലഭിച്ചത്.ഗര്‍ഭാവസ്ഥയില്‍ സിക്ക സ്ഥിരീകരിച്ച യുവതിയുടെ സ്വദേശമായ പാറശാലയില്‍ നിന്നുള്‍പ്പെടെയുളളവരുടെ ഫലമാണ് പുറത്തുവന്നത്. കൂടുതല്‍ സാമ്പിളുകളുടെ ഫലം വരാനുണ്ട്.തിരുവനന്തപുരത്ത് ഇതുവരെ 14 സിക കേസുകളാണ് സ്ഥിരീകരിച്ചിട്ടുള്ളത്. നഗരസഭാ പരിധിയില്‍ ഉള്‍പ്പടെ ഇനിയും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാദ്ധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.അതിനാല്‍ ഗര്‍ഭിണികള്‍ ആദ്യ നാല് മാസത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും പരിശോധനയ്ക്ക് വിധേയരാവുകയും ചെയ്യണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌ത തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പരിശോധന കര്‍ശനമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. നഗരത്തിലെ നൂറ് വാര്‍ഡുകളില്‍ നിന്നായി കൂടുതല്‍ സാമ്പിളുകൾ ശേഖരിച്ച്‌ പരിശോധിക്കാനാണ് തീരുമാനം. തിരുവനന്തപുരം നഗരസഭയ്‌ക്കും ജില്ലാ പഞ്ചായത്തിനും ഇതുസംബന്ധിച്ച്‌ കര്‍ശന നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.വൈറസ് പ്രതിരോധത്തിന് കര്‍മ്മപദ്ധതി രൂപീകരിച്ചാണ് ജില്ലാ ഭരണകൂടം മുന്നോട്ട് നീങ്ങുന്നത്. ലാബുകളോട് സിക്ക സംശയമുള്ള കേസുകള്‍ പ്രത്യേകം റിപ്പോര്‍ട്ട് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളില്‍ പനി ക്ലീനിക്കുകള്‍ ഉറപ്പാക്കും.തിരുവനന്തപുരത്തെത്തിയ കേന്ദ്ര ഉന്നതതല സംഘം ഇന്ന് തലസ്ഥാനത്തെ സ്ഥിതി വിലയിരുത്തും. രോഗബാധ റിപ്പോര്‍ട്ട് ചെയ്‌ത നഗരസഭാ പരിധിയിലും പാറശാലയിലും ഉള്‍പ്പടെ സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന സംഘം രോഗപ്രതിരോധം സംബന്ധിച്ച്‌ നിര്‍ദേശങ്ങള്‍ നല്‍കും.

Previous ArticleNext Article