തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്ക് സിക വൈറസ്ബാധ സ്ഥിരീകരിച്ചു.കോയമ്പത്തൂരിലെ ലാബില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഇതോടെ സംസ്ഥാനത്ത് 22 പേര്‍ക്കാണ് ഇതുവരെ സിക വൈറസ് സ്ഥിരീകരിച്ചത്. കോവിഡ് 19 ന് പിന്നാലെ സിക വൈറസ് കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ സംസ്ഥാനത്ത് ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രി നിര്‍ദ്ദേശിച്ചു. ഈഡിസ് കൊതുകുകള്‍ മൂലമാണ് പ്രധാനമായും സിക വൈറസ് പകരുന്നത്. ഈഡിസ് കൊതുകുകളില്‍ നിന്നും രക്ഷനേടുകയെന്നതാണ് സികയെ പ്രതിരോധിക്കാനുള്ള പ്രധാന മാര്‍ഗം. വെള്ളം കെട്ടിനില്‍ക്കാതെ വീടും പരിസരവും സ്ഥാപനങ്ങളും സംരക്ഷിക്കണമെന്നും, ഇന്‍ഡോര്‍ പ്ലാന്റുകള്‍, ഫ്രിഡ്ജിന്റെ ട്രേ എന്നിവ ആഴ്ചയിലൊരിക്കല്‍ വൃത്തിയാക്കണമെന്നും അധികൃതരുടെ മുന്നറിയിപ്പുണ്ട്. പനി, ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന തുടങ്ങിയവയാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങള്‍.ഈ ലക്ഷണങ്ങൾ ഉള്ളവര്‍ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് ആവശ്യപ്പെട്ടു.