ഹരിപ്പാട്:ട്രോൾ വീഡിയോയ്ക്ക് വേണ്ടി മനപ്പൂർവ്വം ആക്സിഡന്റ് സൃഷ്ട്ടിച്ച സംഭവത്തിൽ യുവാക്കള്‍ പിടിയില്‍.യുവാവും വയോധികനും സഞ്ചരിച്ച ബൈക്കിനു പിന്നില്‍ ആഡംബര ബൈക്ക് ഇടിപ്പിക്കുകയായിരുന്നു.ഇന്‍ ഹരിഹര്‍ നഗര്‍ സിനിമയിലെ തമാശ സീനിലുള്ള ഡയലോഗുകള്‍ ഉള്‍പ്പടെ ചേര്‍ത്ത് തയ്യാറാക്കിയ വീഡിയോ വൈറലായിരുന്നു. ഇത് ഔദ്യോഗിക പേജില്‍ ഷെയര്‍ ചെയ്ത പൊലീസ്, പൊതുജനങ്ങള്‍ക്ക് അപകട രഹിത വാഹനമോടിക്കല്‍ സംബന്ധിച്ച് ഉപദേശം നല്‍കിയതോടെയാണ് യഥാര്‍ത്ഥ കഥ പുറത്തുവരുന്നത്. നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ യുവാക്കളെയാണ് ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. തൃക്കുന്നപ്പുഴ തോട്ടുകടവ് പാലത്തിന് സമീപത്തായിരുന്നു സംഭവം. വയോധികന് സഞ്ചരിച്ച ബൈക്കിന് പിന്നില്‍ അമിത വേഗത്തില്‍ വന്ന ആഡംബര ബൈക്ക് ഇടി ക്കുകയും ഇടിയേറ്റ ബൈക്ക് മുന്നോട്ടു നീങ്ങുന്നതുമായിരുന്നു വീഡിയോയില്‍. വയോധികന്റെ കൈയ്ക്ക് ചെറിയ പരിക്കേറ്റിരുന്നു. ബൈക്ക് ഓടിച്ച യുവാവ് ക്ഷമ പറഞ്ഞു. അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് കരുതി പരാതിപ്പെടാതെ ഇദ്ദേഹവും ഒപ്പമുണ്ടായിരുന്നയാളും കടന്നുപോയി.ഇതിനു ശേഷമാണ് വീഡിയോയില്‍ സിനിമയിലെ തമാശ ഡയലോഗുകള്‍ ചേര്‍ന്ന് പ്രചരിപ്പിച്ചത്. വീഡിയോ കണ്ട ചിലരാണ് ഇത് മനപൂര്‍വ്വം ട്രോള്‍ ഉണ്ടാക്കാനായി സൃഷ്ടിച്ച അപടകമാണെന്ന് പൊലീസിനെയും മോട്ടോര്‍ വാഹന വകുപ്പിനെയും അറിയിച്ചത്. ആലപ്പുഴ എന്‍ഫോഴ്സ്മെന്റ് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഡി.എസ്. സജിത്ത്, എ.എം.വി.ഐമാരായ കെ.ശ്രീകുമാര്‍, വി.വിനീത്, മുഹമ്മദ് അനസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വാഹന നമ്ബര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ നങ്ങ്യാര്‍കുളങ്ങര സ്വദേശികളായ ആറ് യുവാക്കളെ കണ്ടെത്തിയത്. ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.
Kerala, News
ട്രോൾ വീഡിയോയ്ക്ക് വേണ്ടി മനപ്പൂർവ്വം ആക്സിഡന്റ് സൃഷ്ട്ടിച്ചു;യുവാക്കള്‍ പിടിയില്‍
Previous Articleസംസ്ഥാനത്ത് കോവിഡ് പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചു