കണ്ണൂർ:ആവശ്യക്കാർക്ക് ലഹരി ഗുളികകൾ എത്തിച്ചു കൊടുക്കുന്ന മൊത്തക്കച്ചവടക്കാരനായ യുവാവ് അറസ്റ്റിൽ.തിരുവങ്ങാട് സ്വദേശി കെ.കെ ഹർഷാദാണ്(32),കണ്ണൂർ എക്‌സൈസ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡിന്റെ പിടിയിലായത്.രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സർക്കിൾ ഇൻസ്പെക്റ്റർ സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.ജില്ലയിൽ ലഹരി ഗുളികകൾ കച്ചവടം ചെയ്യുന്ന പ്രധാന കച്ചവടക്കാരിൽ ഒരാളാണ് ഹർഷാദെന്ന് എക്‌സൈസ് സംഘം പറഞ്ഞു. വിലകൂടിയ കാറിലാണ് ഇയാളുടെ യാത്ര.തലശ്ശേരി,കണ്ണൂർ ഭാഗങ്ങളിൽ ചെറുകിട ലഹരിഗുളിക വിതരണക്കാർക്ക് ആവശ്യത്തിന് ലഹരി ഗുളികകൾ എത്തിച്ചു നൽകുന്നത് ഹർഷാദാണെന്ന് എക്‌സൈസ് സംഘം പറഞ്ഞു.250 എണ്ണം സ്പാസ്മോ പ്രോക്‌സിവോൺ എന്ന ഗുളികയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.ഇയാളുടെ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.മംഗളൂരുവിൽ നിന്നും ലഹരി ഗുളികകൾ മൊത്തമായി വാങ്ങി കാർ മാർഗം കേരളത്തിലേക്ക് കടത്തുകയാണ് പതിവ്.എക്‌സൈസ് സംഘം ദിവസങ്ങളോളം വേഷം മാറി രഹസ്യ നിരീക്ഷണം നടത്തിയാണ് ഇയാളെ പിടികൂടിയത്. ഉത്തരമേഖലാ ജോയിന്റ് എക്‌സൈസ് കമ്മീഷണർ സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ ജലീഷ് പി.പി,ബിനീഷ്.കെ,എക്‌സൈസ് നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ദിലീപ് സി.വി,സിവിൽ എക്‌സൈസ് ഓഫീസർമാരായ സി.പങ്കജാക്ഷൻ,പി.എം.കെ സജിത്ത് കുമാർ,പി.ടി ശരത്ത്,പി.സീമ, എക്‌സൈസ് ഡ്രൈവർ പി.ഷജിത്ത് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.