കൊച്ചി: ഹൃദയശസ്ത്രക്രിയക്കായി മംഗലാപുരത്ത് നിന്ന് എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി എത്തിച്ച നവജാത ശിശുവിനെതിരെ മത സ്പര്‍ദ്ധ ഉണ്ടാക്കും വിധത്തില്‍ ഫെയ്സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തെയാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.എറണാകുളം കടവൂര്‍ സ്വദേശിയായ ബിനില്‍ സോമസുന്ദരത്തിനെതിരെ 153-എ വകുപ്പ് പ്രകാരം മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിനാണ് കേസെടുത്തത്. കുഞ്ഞിന്റെ ജീവന് രക്ഷിക്കാനായി മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് പോകുന്ന ആംബുലന്‍സിന് കേരളം ഒന്നടങ്കം വഴിയൊരുക്കിയിരുന്നു.ഈ സമയത്താണ് കുഞ്ഞിനെതിരെ വർഗീയ പരാമർശം നടത്തി ബിനിൽ ഫേസ്ബുക് പോസ്റ്റിട്ടത്.’കെ എല്‍ 60 ജെ 7739 എന്ന ആംബുലന്‍സിനായ് കേരളമാകെ തടസ്സമില്ലാതെ ഗതാഗതം ഒരുക്കണം. കാരണം അതില്‍ വരുന്ന രോഗി ‘സാനിയ-മിത്താഹ്’ ദമ്പതികളുടേതാണ്. ചികിത്സ സര്‍ക്കാര്‍ സൗജന്യമാക്കും. കാരണം ന്യൂനപക്ഷ(ജിഹാദിയുടെ) വിത്താണ്’ ഇങ്ങനെയായിരുന്നു ബിനില്‍ ഫേസ്ബുക്കില്‍ കുറിച്ചത്.