Kerala, News

തർക്കത്തിനിടെ റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു;ഡിവൈഎസ്പിക്കെതിരെ കൊലക്കുറ്റത്തിന് കേസ്

keralanews youth killed during dispute with dysp and murder case registered against dysp

തിരുവനന്തപുരം:വാഹന പാര്‍ക്കിംഗിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഡിവൈഎസ്പി റോഡിലേക്ക് തള്ളിയിട്ട യുവാവ് കാറിടിച്ച് മരിച്ചു.സംഭവത്തിൽ നെയ്യാറ്റിന്‍കര ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു.ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. അന്വേഷണത്തിന്റെ ഭാഗമായി ഹരികുമാറിനെ ചുമതലകളില്‍ നിന്നും മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ നെയ്യാറ്റിന്‍കര കൊടങ്ങാവിളയില്‍ വച്ചുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവിലാണ് കൊടങ്ങാവിള കാവുവിള വീട്ടില്‍ സനല്‍ (32) മരിച്ചത്.ഡിവൈ.എസ്.പി ഹരികുമാര്‍ ജുവലറി ഉടമയായ കൊടങ്ങാവിള സ്വദേശി ബിനുവിന്റെ വീട്ടില്‍ പോയി മടങ്ങുമ്ബോഴായിരുന്നു സംഭവം. സമീപത്തെ ഒരു വീടിന് മുന്നില്‍ മറ്റ് വാഹനങ്ങള്‍ക്ക് പോകാന്‍ കഴിയാത്ത വിധം കാര്‍ പാര്‍ക്ക് ചെയ്‌ത ശേഷമാണ് ഡിവൈ.എസ്.പി പോയത്. കുറച്ച്‌ കഴിഞ്ഞ് തിരിച്ചെത്തിയ ഡിവൈ.എസ്.പിയും സമീപവാസിയായ സനലും തമ്മില്‍ ഇത് സംബന്ധിച്ച്‌ വാക്ക് തര്‍ക്കമുണ്ടായി. മഫ്‌തിയിലായതിനാല്‍ ഡിവൈ.എസ്.പിയെ തിരിച്ചറിയാന്‍ സനലിന് കഴിഞ്ഞില്ല. തര്‍ക്കത്തിനിടെ ഡിവൈ.എസ്.പി ഹരികുമാര്‍ സനലിനെ റോഡിലേക്ക് പിടിച്ച്‌ തള്ളുകയായിരുന്നു. റോഡിലേക്ക് വീണ സനലിനെ മറ്റൊരു കാര്‍ ഇടിച്ച്‌ തെറിപ്പിച്ചു.
ഗുരുതരമായി പരിക്കേറ്റ സനലിനെ നെയ്യാറ്റിന്‍കര പൊലീസും നാട്ടുകാരും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ബി.ജെ.പി നെയ്യാറ്റിന്‍കര താലൂക്കില്‍ ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്‌തിരിക്കുകയാണ്.

Previous ArticleNext Article