കണ്ണൂർ:ആറളം ഫാമിൽ ചെത്തുതൊഴിലാളിയായ യുവാവിനെ ആന ചവിട്ടിക്കൊന്നു.മട്ടന്നൂർ കൊളപ്പ സ്വദേശി റിജേഷ് ആണ് ആറളം ഫാമിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പുലർച്ചെ കള്ള് ചെത്താൻ എത്തിയപ്പോഴാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഒന്നാം ബ്ലോക്കിലാണ് സംഭവം. ഫാമിലെ കള്ള് ചെത്ത് തൊഴിലാളി ആണ് റിജേഷ്.അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.ഡിഎഫ്ഒ, വൈൽഡ് ലൈഫ് വാർഡൻ എന്നിവരെ തടഞ്ഞുവെച്ചാണ് നാട്ടുകാർ പ്രതിഷേധിക്കുന്നത്. ഇവരെ അനുനയിപ്പിക്കാനായി മുൻ മന്ത്രി കെ.കെ.ശൈലജ സ്ഥലത്തെത്തി ചർച്ച നടത്തുകയാണ്.അഞ്ച് കൊല്ലത്തിനിടെ പ്രദേശത്ത് കാട്ടാന ചവിട്ടിക്കൊന്നത് 11 പേരെയാണ്. ഇവിടെ ആനമതിൽ സ്ഥാപിക്കണമെന്ന് പ്രദേശവാസികൾ പല തവണ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും അധികൃതർ നടപടികൾ സ്വീകരിക്കുന്നതിൽ അലംഭാവം കാട്ടുകയാണ്. മാത്രമല്ല, മരിച്ച കള്ള് ചെത്ത് തൊഴിലാളിയുടെ മൃതദേഹം വിട്ട് താരാനാകില്ലെന്ന് വൈൽഡ് ലൈഫ് ഉദ്യോഗസ്ഥർ ആദ്യം പറഞ്ഞു. തുടർന്ന് ബന്ധുക്കളും, നാട്ടുകാരും ഇടപെട്ടാണ് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചത്. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് നാട്ടുകാർ രോഷാകുലരായത്.