
കണ്ണൂർ: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിന്‍റെ വാഹനം അജ്ഞാതർ അടിച്ചു തകർത്തു. പുലർച്ചെ മൂന്നോടെയാണ് അക്രമം. മൊകേരി പഞ്ചായത്ത് ബൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് പാത്തിപ്പാലം സുരേന്ദ്രറോഡിൽ പൂവുള്ള പറമ്പത്ത് ഷിമിത്തിന്‍റെ ഉടമസ്ഥതയിലുള്ള ഗുഡ്സ് ഓട്ടോയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. ഷിമിത്തിന്‍റെ വീടിന് പിറകിലെ ഇടവഴിയിൽ നിർത്തിയിട്ടതായിരുന്നു വാഹനം. അക്രമികൾ മുൻഭാഗത്തെ ഗ്ലാസ് അടിച്ചു തകർക്കുകയായിരുന്നു. ശബ്ദം കേട്ട് ഉറക്കമെണീറ്റപ്പോൾ അക്രമിയായ ഒരാൾ ഓടി പോകുന്നത് കണ്ടതായി വീട്ടുകാർ പറഞ്ഞു.രാഷ്ട്രീയ അക്രമത്തിനെതിരെ ഞായറാഴ്ച ചെണ്ടയാട് നടന്ന യൂത്ത് കോൺഗ്രസ് യൂത്ത് മാർച്ചിൽ കൂരാറയിൽ നിന്നും ആളുകളെ സംഘടിപ്പിച്ചത് ഷിമിത്തിന്‍റെ നേതൃത്വത്തിലായിരുന്നു. അക്രമത്തിന് പിന്നിൽ സിപിഎമ്മാണെന്ന് യൂത്ത് കോൺഗ്രസ് കൂത്ത്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡണ്ട് രജനീഷ് കക്കോത്ത് ആരോപിച്ചു.