തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യംചെയ്യുന്നതിനെതിരേ സംസ്ഥാനത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം.തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഫി പറമ്പിൽ എംഎല്‍എയുടെ നേതൃത്വത്തില്‍ ട്രെയിന്‍ തടഞ്ഞു.രാജധാനി എക്‌സ്പ്രസ്, ചെന്നെ മെയില്‍ എന്നിവ തടഞ്ഞായിരുന്നു യൂത്ത് കോണ്‍ഗ്രസ് സമരം. ഷാഫി പറമ്പിൽ അടക്കം 10 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.റെയില്‍വേ സ്റ്റേഷനിലെത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ റെയില്‍വേ ട്രാക്കില്‍ കിടന്ന് പ്രതിഷേധിച്ചു. പോലീസ് എത്തി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ പിന്തിരിഞ്ഞില്ല. പ്രതിഷേധം തുടരുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് രാജ്യവ്യാപകമായി നടത്തുന്ന പ്രതിഷേധ സമരത്തിന്റെ ഭാഗമായാണ് തിരുവനന്തപുരത്ത് ട്രെയിന്‍ തടയല്‍ സമരം നടത്തിയത്. ഡല്‍ഹിയില്‍ എഐസിസി ആസ്ഥാനത്തിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നുണ്ട്. എംപിമാര്‍ ഉള്‍പ്പെടെ പ്രതിഷേധ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.സമരം മൂലം ഒരു ട്രയിനിന്റെയും സമയക്രമത്തില്‍ മാറ്റമില്ലെന്ന് റെയില്‍വേ വ്യക്തമാക്കി. സമരം ചെയ്തവര്‍ക്കെതിരേ റെയില്‍വേ നിയമപ്രകാരം കേസെടുക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.