ന്യൂഡൽഹി: തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജ്ജുൻ രാധാകൃഷ്ണൻ ഉൾപ്പെടെ അഞ്ച് മലയാളികളെ യൂത്ത് കോൺഗ്രസ് ദേശീയ വക്താക്കളാക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആതിര രാജേന്ദ്രൻ, നീതു ഉഷ, പ്രീതി, ഡെന്നി ജോസ് എന്നിവരെയുൾപ്പെടെ 72 പേരെയാണ് ദേശീയ വക്താക്കളായി ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ് ബുധനാഴ്ച നിയമിച്ചത്. എന്നാൽ നിയമന പ്രഖ്യാപനം വന്നതിന് പിന്നാലെ ചില പേരുകളില്‍ ആശയക്കുഴപ്പം വന്നതിനാല്‍ നടപടി മരവിപ്പിച്ചു.അർജ്ജുന്റെ നിയമനത്തെ ചൊല്ലി എതിർപ്പ് ഉയർന്നതിനെ തുടർന്നാണ് നടപടിയെന്നാണ് സൂചന. അർജ്ജുന് പാർട്ടിയുമായി ബന്ധമില്ലെന്ന് കോൺഗ്രസിലെ ഒരു വിഭാഗം ആരോപിക്കുന്നു. അതേസമയം കോൺഗ്രസ് വക്താവാക്കിയ നടപടി മരവിപ്പിച്ച വിവരം മാദ്ധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് അർജ്ജുൻ രാധാകൃഷ്ണൻ പ്രതികരിച്ചു. ‘ദേശീയ നേതൃത്വം നടത്തിയ ക്യാമ്പെയ്‌നിൽ പങ്കെടുത്തിരുന്നു. അതിൽ നിന്നാണ് എന്നെ തിരഞ്ഞെടുത്തത്. എന്റെ മെറിറ്റ് കണ്ടാണ് അവസരം നൽകിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വവുമായും നല്ല ബന്ധമാണുള്ളത്. മാറ്റിനിർത്തിയത് ആരുടെ എതിർപ്പു കൊണ്ടെന്ന് അറിയില്ല. വിഷയം ഇനി സംസ്ഥാന നേതൃത്വവുമായി ചർച്ച ചെയ്ത് തീരുമാനിക്കട്ടെ’യെന്നും അർജ്ജുൻ രാധാകൃഷ്ണൻ പറഞ്ഞു.നിയമനം മരവിപ്പിച്ചത് യൂത്ത് കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. മകന്റെ നിയമനത്തിനായി താന്‍ ഇടപെട്ടിട്ടില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.’അര്‍ജുനെ ഒഴിവാക്കിയത് യൂത്ത് കോണ്‍ഗ്രസിലെ ആഭ്യന്തര പ്രശ്‌നമാണ്. അവന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് വിലയിരുത്തേണ്ടയാള്‍ താനല്ല. തങ്ങള്‍ തമ്മിലുള്ളത് അച്ഛന്‍ മകന്‍ ബന്ധമാണ്. അതിലപ്പുറം ഒന്നും പറയാന്‍ കഴിയില്ല’ അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി കാര്യങ്ങള്‍ അതുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു അറിയാമെന്നും താന്‍ പ്രതികരിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.