കാസർകോഡ്: ചെറുവത്തൂരിൽ 7 കിലോ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയിൽ. പാടിയോട്ട്ചാല്‍ എച്ചിലാംപാറയിലെ കാഞ്ഞിരത്തുംമൂട്ടില്‍ മനു ആണ് അറസ്റ്റിലായത്. ഓട്ടോറിക്ഷയില്‍ കഞ്ചാവെത്തിച്ച് ചെറുപൊതികളിലാക്കിയാണ് ഇയാൾ വില്‍പന നടത്തിയിരുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.വ്യാഴാഴ്ച രാവിലെ 6.30ന് ചീമേനി പോത്താംകണ്ടത്ത് നടത്തിയ വാഹനപരിശോധയ്ക്കിടെയാണ് ഇയാൾ പിടിയിലാകുന്നത്. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളുടെ പല ഭാഗത്തും വില്‍പന നടത്താനാണ് കഞ്ചാവെത്തിച്ചതെന്നും ഇയാള്‍ വന്‍കിട കഞ്ചാവ് വില്‍പന റാക്കറ്റിലെ കണ്ണിയാണെന്ന് സംശയിക്കുന്നതായും എക്‌സൈസ് സംഘം അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ യുവാവിനെ റിമാന്‍ഡ് ചെയ്തു. നീലേശ്വരം റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ സാദിഖ്, പ്രിവന്റീവ് ഓഫീസര്‍ സി.കെ അഷ്‌റഫ്, പി സുരേന്ദ്രന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജോസഫ് അഗസ്റ്റിന്‍, നിഷാദ് പി നായര്‍, വി മഞ്ചുനാഥന്‍, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍ ടി വി ഗീത, ഡ്രൈവര്‍ വിജിത്ത് എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്.