കണ്ണൂർ:മുഷിഞ്ഞു നാറിയ വസ്ത്രങ്ങൾ,നീട്ടിവളർത്തിയ താടിയും മുടിയും.ചടുലമായി ഇംഗ്ലീഷ് സംസാരിച്ച് അലസമായി നടന്നുനീങ്ങുകയായിരുന്ന യുവാവിനെ ഭ്രാന്തനെന്ന് കരുതി കസ്റ്റഡിയിലെടുത്ത കണ്ണൂര്‍ ടൗണ്‍ സി ഐ പ്രദീപന്‍ കണ്ണിപൊയിലും പോലീസുകാരും ഞെട്ടി.ചെന്നൈയില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാനിംഗ് ആന്റ് മാനേജ്മെന്റിലെ റിസേര്‍ച്ച് ഫെലോ ആയ തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയെയാണ് ഭ്രാന്തനെന്ന് കരുതി പോലീസ് കസ്റ്റഡിയിലെടുത്തത്. ബിഇ, മെക്കാനിക്കല്‍ എഞ്ചിനീയര്‍, എംബിഎ എന്നീ ബിരുദമുള്ള ഇയാള്‍ പ്രശസ്ത തമിഴ് സൂപ്പര്‍ താരം ശിവകാര്‍ത്തികേയന്റെ സഹപാഠി കൂടിയാണ്.കണ്ണൂര്‍ പോലീസിന്റെ വിശപ്പ് രഹിത നഗരം പദ്ധതിയുടെ ഭാഗമായി അലഞ്ഞുതിരിയുന്നവര്‍ക്ക് ഭക്ഷണ പൊതി നൽകുമ്പോഴാണ് മുഷിഞ്ഞ വേഷത്തില്‍ അനായാസമായി ഇംഗ്ലീഷ് സംസാരിച്ച് നടന്നുപോകുന്ന യുവാവ് സി ഐ പ്രദീപന്‍ കണ്ണിപൊയിലിന്റെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് ഇയാളെ പോലീസ് ജീപ്പിൽ കയറ്റി സ്‌റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് തന്നെക്കുറിച്ച് അയാള്‍ വ്യക്തമായി വിശദീകരിച്ചത്.നടന്‍ ശിവകാര്‍ത്തിക് സഹപാഠിയാണെന്ന് പറഞ്ഞപ്പോള്‍ പോലീസിന് ആദ്യം വിശ്വസിച്ചില്ല.പിന്നീട് ഇയാള്‍ തന്നെ നല്‍കിയ ഫോണ്‍ നമ്ബറില്‍ ശിവകാര്‍ത്തികേയനെ ബന്ധപ്പെട്ടപ്പോഴാണ് ഏറ്റവും അടുത്ത സഹപാഠികളും സുഹൃത്തുക്കളുമാണെന്ന് സ്ഥിരീകരിച്ചത്. മാത്രമല്ല ഒട്ടേറെ തമിഴ് സിനിമകളില്‍ മുഖം കാണിച്ച നടന്‍ കൂടിയാണ് ഇയാളെന്ന് ശിവകാര്‍ത്തികേയന്‍ പോലീസിനെ അറിയിക്കുകയും ചെയ്തു. പിന്നീട് പോലീസും ശിവകാര്‍ത്തികും വീട്ടുകാരുമായി ബന്ധപ്പെട്ടു.ഇയാളെ കൂട്ടിക്കൊണ്ടുപോകാനായി തമിഴ്നാട്ടില്‍ നിന്നും ബന്ധുക്കള്‍ കണ്ണൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. എട്ടുമാസം മുൻപാണ് ഇയാള്‍ വീടുവിട്ടിറങ്ങിയത്. റോഡരികിലെ പൊതു ടാപ്പില്‍ നിന്നും ദാഹമകറ്റിയും ക്ഷേത്രങ്ങളില്‍ നിന്നും മറ്റും കിട്ടിയ ഭക്ഷണം കഴിച്ചുമാണ് ഇത്രയും നാള്‍ ദേശീയപാതയിലൂടെ നടന്നുനീങ്ങിയത്. നാടുവിട്ടിറങ്ങിയതൊന്നും തനിക്ക് ഓര്‍മ്മയില്ലെന്നും ഇത്രയും നാള്‍ താന്‍ എന്താണ് ചെയ്തതെന്ന് അറിയില്ലെന്നും അയാള്‍ പോലീസിനോട് പറഞ്ഞു. എന്നാല്‍ പോലീസ് ഏറെ നേരം സംസാരിച്ചിരുന്നപ്പോള്‍ വീട്ടില്‍ നിന്നിറങ്ങുന്നതിന് മുൻപുള്ള എല്ലാ കാര്യങ്ങളും വ്യക്തമായി ഓര്‍ത്തെടുത്ത് പറയുകയും ചെയ്തു. തമിഴ്നാട്ടിലെ സമ്പന്ന കുടുംബത്തിലെ അംഗമാണ്. കണ്ണൂര്‍ പോലീസ് അയാളെ കുളിപ്പിച്ച് പുതിയ വസ്ത്രങ്ങള്‍ നല്‍കി.ഇപ്പോള്‍ പ്രത്യാശ ഭവനില്‍ പാര്‍പ്പിച്ചിരിക്കുന്ന ഇയാളെ ബന്ധുക്കള്‍ എത്തുന്നതോടെ അവര്‍ക്ക് കൈമാറും.