തിരുവനന്തപുരം:ഇലക്ഷൻ കമ്മീഷന്റെ തിരിച്ചറിയൽ കാർഡ് ഇല്ലാത്തവർ നിരാശപ്പെടേണ്ട. ഇലക്ഷന് കമ്മീഷന് അംഗീകരിച്ച ഫോട്ടോ പതിച്ച 11 തിരിച്ചറിയല്‍ രേഖകളില്‍ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാല്‍ നിങ്ങൾക്കും വോട്ട് രേഖപ്പെടുത്താം.പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍/ പൊതുമേഖലാ സ്ഥാപനങ്ങള്‍/ പബ്ളിക് ലിമിറ്റഡ് കമ്ബനികള്‍ എന്നിവര്‍ നല്കിയ ഫോട്ടോയോടുകൂടിയ സര്‍വീസ് തിരിച്ചറിയല്‍ കാര്‍ഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്, പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകള്‍ നല്കിയ പാസ് ബുക്ക് ഒഴികെ), പാന്‍ കാര്‍ഡ്, നാഷണല്‍ പോപ്പുലേഷന്‍ രജിസ്റ്ററിനായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്കിയ സ്മാര്‍ട്ട് കാര്‍ഡ്, എംഎന്‍ആര്‍ഇജിഎ ജോബ് കാര്‍ഡ്, തൊഴില്‍ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്, ഫോട്ടോയോടു കൂടിയ പെന്ഷന് രേഖ, എം.പി/എം.എല്‍.എ/ എം.എല്‍.സി മാര്‍ക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ രേഖകളാണ് വോട്ടര്‍ കാര്‍ഡിനു പകരമായി തിരിച്ചറിയല്‍ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകരിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവയില്‍ ഏതെങ്കിലും ഒരു രേഖയുമായെത്തി വോട്ട് ചെയ്യാം. ഇവയോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പ്രത്യേക സ്ലിപ്പും ഹാജരാക്കണം.