Kerala, News

കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു

keralanews yarn exports from kannur cooperative spinning mill to abroad

കണ്ണൂർ:കണ്ണൂർ സഹകരണ സ്പിന്നിങ് മില്ലിൽ നിന്നും വിദേശത്തേക്ക് നൂൽ കയറ്റുമതി ചെയ്യുന്നു.മ്യാന്മറിലേക്കും ശ്രീലങ്കയിലേക്കുമാണ് ആദ്യഘട്ടത്തിൽ കയറ്റുമതി ചെയ്യുന്നത്.മ്യാന്മറിലേക്കുള്ള ഒരു ലോഡ് നൂലിന്റെ ഉത്പാദനം പൂർത്തിയായി.ശ്രീലങ്കയിൽ നിന്നും ഓർഡർ ലഭിച്ച രണ്ട് ലോഡ് നൂലിന്റെ ഉത്പാദനം ഉടൻ തുടങ്ങും.മികച്ച ഗുണനിലവാരമുള്ള 2/80 ഇനം നൂലാണ് കയറ്റുമതി ചെയ്യുക.മ്യാന്മറിലേക്ക് 5400 കിലോയും ശ്രീലങ്കയിലേക്ക് 6780 കിലോയുടെ രണ്ട് ലോഡുകളുമാണ് അയക്കുക.ചെന്നൈ തുറമുഖം വഴിയാണ് നൂൽ കൊണ്ടുപോവുക.2008 ലാണ് കണ്ണൂർ മില്ലിന്റെ നവീകരണം തുടങ്ങിയത്.മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ നവംബറിൽ മിൽ സന്ദർശിച്ചിരുന്നു.തുടർന്ന് മില്ലിൽ ഹാങ്ങ് ഓവർ യൂണിറ്റും ഇറ്റലിയിൽ നിന്നും ഓട്ടോ കോർണർ യന്ത്രങ്ങളും സ്ഥാപിച്ചിരുന്നു. നിലവാരമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിയതാണ് വിദേശ ഓർഡറുകൾ ലഭിക്കാൻ സഹായിച്ചതെന്ന് അധികൃതർ അറിയിച്ചു.മില്ലിന്റെ രണ്ടാം ഘട്ട നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്.40 വർഷത്തോളം പഴക്കമുള്ള യന്ത്രങ്ങൾ മാറ്റി പുതിയവ സ്ഥാപിക്കാൻ 17.5 കോടിയുടെ പദ്ധതി സംസ്ഥാന സർക്കാരിന്റെ അംഗീകാരത്തോടെ എൻ.സി.ഡി.സിക്ക് നൽകിയിട്ടുണ്ട്. പത്തുവർഷത്തിലധികം പരിചയസമ്പത്തുള്ള തൊഴിലാളികളാണ് ഇവിടെയുള്ളത്. തൊഴിലാളികളുടെയും മാനേജ്മെന്റിന്റെയും കഠിനപ്രയത്നത്തിന്റെ ഫലമായി മില്ലിൽ ക്വാളിറ്റി മാനേജ്‌മന്റ് സിസ്റ്റം നടപ്പിൽ വരുത്താൻ ശ്രമം നടത്തുന്നുണ്ട്.സൗജന്യ സ്കൂൾ യൂണിഫോം പദ്ധതിയിലുള്ള നെയ്ത് സംഘങ്ങൾക്ക് കണ്ണൂർ മിൽ മാസം 20000 കിലോ നൂൽ നൽകുന്നുണ്ട്.60 ലക്ഷം രൂപയുടെ നൂൽ ഇത്തരത്തിൽ നൽകിക്കഴിഞ്ഞു.

Previous ArticleNext Article