കൊല്ലം:വിദ്യാലയങ്ങള്‍ക്ക് നല്‍കാനായി കൊട്ടാരക്കര സപ്‌ളൈകോ ഗോഡൗണില്‍ പുഴുവരിച്ചത് ഉള്‍പ്പെടെ രണ്ടായിരം ചാക്ക് അരി വൃത്തിയാക്കുന്ന പ്രവൃത്തികള്‍ നാട്ടുകാര്‍ തടഞ്ഞു. അന്യസംസ്ഥാന തൊഴിലാളികളാണ് വൃത്തിയാക്കിയ അരി പുതിയ ചാക്കുകളിലേക്ക് മാറ്റിക്കൊണ്ടിരുന്നത്.കൊട്ടാരക്കര റെയില്‍വേ സ്റ്റേഷന് സമീപത്തെ രണ്ടാം നമ്പർ ഗോഡൗണിലാണ് പഴകിയ അരി വൃത്തിയാക്കല്‍ ജോലികള്‍ നടന്നത്. വൃത്തിയാക്കിയ അരി വിദ്യാലയങ്ങള്‍ക്ക് കൈമാറാനായിരുന്നു ഡപ്പോ മാനേജര്‍ക്ക് ലഭിച്ച ഉത്തരവ് .2017 ബാച്ചലേത് ഉള്‍പ്പെടെയുള്ള അരിയാണ് ഇവിടെ പുഴുവരിച്ച നിലയില്‍ ചാക്കുകളിലുള്ളത്. ചാക്ക് പൊട്ടിച്ച് അരിപ്പ ഉപയോഗിച്ച് അരിച്ചും ഇന്‍ഡസ്ട്രിയല്‍ ഫാന്‍ ഉപയോഗിച്ചുമാണ് വൃത്തിയാക്കിയിരുന്നത്. ഗോഡൗണിന്റെ വിവിധ ഭാഗങ്ങളില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വിതറിയിരുന്നു. ഇതിന്റെ കുപ്പി കണ്ടെത്തിയതോടെ അരി രാസവസ്തുക്കള്‍ തളിച്ചാണ് വൃത്തിയാക്കിയിരുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു.ഒന്‍പത് ദിവസമായി ഗോഡൗണില്‍ അരി വൃത്തിയാക്കല്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. വിവരം പുറത്തായതോടെ ഇന്നലെ രാവിലെ ബി.ജെ.പി പ്രവര്‍ത്തകരും നാട്ടുകാരും ഗോഡൗണിലേക്ക് എത്തി ജോലികള്‍ തടയുകയായിരുന്നു.സംഭവത്തെത്തുടര്‍ന്ന് വൈകട്ടോടെ ജില്ലാ സപ്‌ളൈ ഓഫീസര്‍ കൊട്ടാരക്കര ഗോഡൗണ്‍ സന്ദര്‍ശിച്ചു. അരി ലാബില്‍ പരശോധനയ്ക്കയച്ച് ഭക്ഷ്യയോഗ്യമാണെന്ന് ഉറപ്പാക്കിയ ശേഷമേ വിതരണം ചെയ്യൂവെന്ന് അറിയിച്ചെങ്കിലും പ്രതഷേധക്കാര്‍ ശാന്തരായില്ല. കഴിഞ്ഞ ജൂലായ് 15ന് സപ്‌ളൈകോ മാനേജിംഗ് ഡയറക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വൃത്തിയാക്കല്‍ ആരംഭിച്ചത്.അരി വൃത്തിയാക്കാന്‍ ക്വട്ടേഷന്‍ ക്ഷണിക്കുകയും ,ആര്‍. പ്രസാദ് എന്നയാള്‍ക്ക് കരാര്‍ നല്‍കുകയുമായിരുന്നു. തിരുവല്ല സ്വദേശി കണ്ണനാണ് ഉപകരാര്‍.ഗോഡൗണുകളില്‍ പഴക്കം ചെന്ന അരി വൃത്തിയാക്കുന്നത് സാധാരണയാണ്. കൃമികീടങ്ങളെ തുരത്താനാണ് അലൂമിനിയം ഫോസ്‌ഫേറ്റ് ഗുളികകള്‍ വയ്ക്കുന്നത്. രണ്ട് ദിവസം അടച്ചിട്ട ശേഷം ഗോഡൗണ്‍ തുറക്കുമ്പോൾ കൃമികീടങ്ങള്‍ നശിക്കും. പഴകിയ അരി അരിച്ചെടുത്ത് കഴുകിയ ശേഷം ലാബില്‍ പരശോധനയ്ക്ക് അയയ്ക്കും. ഭക്ഷ്യയോഗ്യമെങ്കിലെ വിതരണം ചെയ്യുകയുള്ളൂ എന്നും സപ്‌ളൈകോ ക്വാളിറ്റി കണ്‍ട്രോളര്‍ പറഞ്ഞു.