ജനീവ:നിപ വൈറസ് ബാധിച്ച് മരിച്ച നേഴ്സ് ലിനിക്ക് ലോകാരോഗ്യസംഘടനയുടെ ആദരം. ലിനിക്കൊപ്പം ഗാസയിൽ കൊല്ലപ്പെട്ട റസൻ അൽ നജ്ജർ,ലൈബീരിയയിലെ സലോമി കർവ എന്നിവർക്കും ലോകാരോഗ്യ സംഘടന ആദരം അർപ്പിച്ചു.സംഘടയുടെ ആരോഗ്യ സേന വിഭാഗം മേധാവി ജിം കാംപ്ബെൽ ട്വിറ്ററിലൂടെയാണ് ‘അവരെ ഓർക്കുക,മറക്കാതിരിക്കുക’ എന്ന ക്യാപ്ഷനോടെ മൂവരുടെയും ചിത്രങ്ങൾ പങ്കുവെച്ചത്.നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ചതിലൂടെ വൈറസ് ബാധയേറ്റാണ് ലിനി മരിച്ചത്.ഗാസയിൽ നടന്ന സംഘർഷത്തിനിടെ പരിക്കേറ്റ പലസ്തീൻ പ്രതിഷേധക്കാരെ ശുശ്രൂഷിക്കാൻ ശ്രമിക്കവേ ഇസ്രായേൽ സൈന്യത്തിന്റെ വെടിയേറ്റാണ് റസൻ അൽ നജ്ജർ കൊല്ലപ്പെടുന്നത്.2014 ഇൽ ടൈം മാഗസിൻ പേഴ്സൺ ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകയാണ് സലോമി കർവ.പടിഞ്ഞാറൻ ആഫ്രിക്കയിൽ എബോള പടർന്നു പിടിച്ചപ്പോൾ പ്രതിരോധ പ്രവർത്തനങ്ങളിൽ മുൻ നിരയിൽ നിന്ന വ്യക്തിയാണ് സലോമി.എന്നാൽ ഇതേ പ്രവർത്തനങ്ങൾ തന്നെ അവരുടെ ജീവനെടുക്കുന്നതിനും കാരണമായി.