മോസ്കോ: ലോകകപ്പ് ഫുട്ബോളിൽ രണ്ടാം ജയത്തോടെ ആതിഥേയരായ റഷ്യ പ്രീക്വാർട്ടറിൽ. ഗ്രൂപ്പ് എയിലെ രണ്ടാം മത്സരത്തിൽ ഈജിപ്തിനെ 3-1നു തോല്പിച്ചാണ് റഷ്യ പ്രീക്വാർട്ടർ ഉറപ്പിക്കുന്ന ആദ്യ ടീമായത്. സൌദിക്കെതിരെ എതിരില്ലാത്ത 5 ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ റഷ്യ ഈജിപ്തിനെ പൂര്‍ണ്ണമായും നിഷ്പ്രഭമാക്കിയാണ് നിര്‍ണ്ണായകമായ രണ്ടാം വിജയം നേടിയത്.ആദ്യ പകുതി ഗോള്‍രഹിത സമനിലയില്‍. യഥാര്‍ഥ കളി റഷ്യ പുറത്തെടുത്തത് രണ്ടാം പകുതിയിലായിരുന്നു. 47ആം മിനിറ്റില്‍ അഹമ്മദ് ഫാത്തിയുടെ സെല്‍ഫ് ഗോളില്‍ റഷ്യ മുന്നിലെത്തി. 59ആം മിനുട്ടിലെ മികച്ച മുന്നേറ്റത്തിനൊടുവില്‍ ചെറിഷേവ് ലീഡ് ഉയര്‍ത്തി. രണ്ട് ഗോളിന്റെ ആഘാതത്തില്‍ നിന്ന് ഈജിപ്ത് മോചിതരാകും മുന്‍പേ 62ആം മിനിറ്റില്‍ ആര്‍ട്ടെം സ്യൂബയുടെ വക മൂന്നാമത്തെ ഗോളെത്തി.മൂന്ന് ഗോള്‍ വീണതോടെ ഉണര്‍ന്നു കളിച്ച ഈജിപ്തിന്റെ മുന്നേറ്റം 73ആം മിനിറ്റില്‍ ഫലം കണ്ടു. പെനല്‍റ്റി ബോക്സില്‍ തന്നെ ഫൌള് ചെയ്തതിന് ലഭിച്ച പെനല്‍റ്റി സൂപ്പര്‍ താരം മുഹമ്മദ് സല അനായാസം ലക്ഷ്യത്തിലെത്തിച്ചു.അവസാന 15 മിനുട്ടില്‍ ഗോളുകള്‍ തിരിച്ചടിക്കാനുള്ള ഈജിപ്തിന്റെ ശ്രമങ്ങളെ റഷ്യൻ പ്രതിരോധനിര സമര്‍ത്ഥമായി നേരിട്ടു. ഇതോടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും തകര്‍പ്പന്‍ ജയം നേടി ആതിഥേയര്‍ പ്രീ ക്വാര്‍ട്ടറിലേക്ക്.