മോസ്കോ:ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന് തിരിതെളിഞ്ഞു.ആദ്യമത്സരത്തിൽ ആതിഥേയരായ റഷ്യക്ക് തകര്‍പ്പന്‍ ജയം. സൗദി അറേബ്യയയെ മറുപടിയില്ലാത്ത 5 ഗോളിന് തകർത്താണ് റഷ്യ വിജയം സ്വന്തമാക്കിയത്.ഇരട്ട ഗോളുകള്‍ നേടിയ ഡെനിസ് ചെറിഷേവും യൂറി ഗസിന്‍സ്‌കി,ആര്‍തെം സ്യുബ, ആന്ദ്രെ ഗോളോവിന്‍ എന്നിവരുമാണ് റഷ്യക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. മത്സരത്തിന്റെ പന്ത്രണ്ടാം മിനിറ്റില്‍ തുടങ്ങിയ ഗോള്‍വേട്ട ഇന്‍ജുറി ടൈം വരെ നീണ്ടു.വിപ്ലവങ്ങളും ലോകമഹായുദ്ധങ്ങളും കണ്ടുശീലിച്ച റഷ്യയുടെ മണ്ണിൽ സൗദികൾ പച്ചക്കൊടി പാറിക്കുമെന്ന് തോന്നിപ്പിക്കുന്നതായിരുന്നു മത്സരത്തിന്‍റെ തുടക്കം. ആദ്യ മിനിറ്റിൽത്തന്നെ സൗദിസംഘം റഷ്യൻ കോട്ടയുടെ ബലം പരീക്ഷിച്ചു. മുഹമ്മദ് അൽ ബറെയ്ക് നടത്തിയ മുന്നേറ്റം റഷ്യൻ ഭടന്മാർ ഫ്രീകിക്ക് വഴങ്ങി തടഞ്ഞു. തുടർച്ചയായ രണ്ടാമത്തെ ആക്രമണമായിരുന്നു സൗദികൾ നടത്തിയത്. ഇടവിടാതെയുള്ള ഗ്രീൻ ഫാൽക്കണുകളുടെ ആക്രമണത്തിന് ഗോളിലൂടെയായിരുന്നു സബോർനയ എന്ന വിളിപ്പേരുള്ള ആതിഥേയരുടെ മറുപടി. പന്ത്രണ്ടാം മിനിറ്റിൽ ഗാസിൻസ്കി സൗദിയുടെ വല കുലുക്കി. കനത്ത ഹെഡറിലൂടെ സൗദി വല കുലുക്കിയ യൂറി ഗസിന്‍സ്‌കി ഈ ലോകകപ്പിലെ ആദ്യ ഗോളിന് ഉടമയായി.