റഷ്യ:ഗ്രൂപ്പ് ഇ യില്‍ കോസ്റ്ററിക്കയ്‌ക്കെതിരായ നിര്‍ണ്ണായക മത്സരത്തില്‍ ബ്രസീലിന് രണ്ട് ഗോള്‍ ജയം. തൊണ്ണൂറാം മിനുറ്റില്‍ കുടീന്യോയും ഇഞ്ചുറി ടൈമിന്‍റെ 96ആം മിനുറ്റില്‍ നെയ്മറും നേടിയ ഗോളുകളിലൂടെയാണ് ബ്രസീലിന്‍റെ ജയം.അവസാന മിനുറ്റുവരെ ബ്രസീലിനെ ഗോളടിക്കുന്നതില്‍ നിന്നും തടഞ്ഞ കെയ്‌ലര്‍ നവാസിന്റെ കാലുകള്‍ക്കിടയിലൂടെയായിരുന്നു കുടീന്യോയുടെ ഗോള്‍ നേടിയത്. ഗബ്രിയേല്‍ ജീസസിന്റെ പാസില്‍ നിന്ന് ബോക്‌സിന് മധ്യത്തില്‍ നിന്നായിരുന്നു കുട്യീനോ പന്ത് ഗോളിലേക്ക് പായിച്ചത്.ഒരുഗോള്‍ വീണതോടെ താളം നഷ്ടപ്പെട്ട കോസ്റ്ററിക്കന്‍ പ്രതിരോധത്തെ കീറിമുറിച്ച നീക്കത്തിനൊടുവിലായിരുന്നു രണ്ടാം ഗോള്‍. തൊണ്ണൂറ്റാറാം മിനുറ്റില്‍ ഡഗ്ലസ് കോസ്റ്റ മുന്നേറ്റത്തിനൊടുവില്‍ നെയ്മര്‍ക്ക് പന്ത് കൈമാറി.അവസരം കൃത്യമായി വിനിയോഗിച്ച നെയ്മര്‍ ടൂര്‍ണ്ണമെന്റിലെ ആദ്യ ഗോള്‍ നേടി. ബ്രസീലിനെതിരെ 90 മിനുറ്റും പിടിച്ചു നിന്ന കോസ്റ്ററിക്ക അവസാന ആറു മിനുറ്റിലാണ് തോറ്റുപോയത്. ഗ്രൂപ്പ് ഇയിലെ രണ്ടാം മത്സരത്തിലെ ജയത്തോടെ ബ്രസീല്‍ നാല് പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ബ്രസീലിനോട് തോറ്റ കോസ്റ്ററിക്ക ലോകകപ്പില്‍ നിന്നും പുറത്തായി. 27ന് സെര്‍ബിയയുമായി ഇന്ത്യന്‍ സമയം രാത്രി 11.30നാണ് ബ്രസീലിന്റെ അടുത്ത മത്സരം.