കസാൻ:ലോകകപ്പ് ഫുട്ബാളിൽ ഇന്നലെ നടന്ന ക്വാർട്ടർ ഫൈനലിൽ ബ്രസീലിനെ തോൽപ്പിച്ച് ബെൽജിയം സെമിയിൽ കടന്നു.ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ ജയം.ഫെർണാണ്ടീഞ്ഞോയുടെ സെല്ഫ് ഗോളിൽ പതിമൂന്നാം മിനിറ്റിൽ മുൻപിലെത്തിയ ബെൽജിയത്തിനായി മുപ്പത്തിയൊന്നാം മിനിറ്റിൽ കെവിൻ ഡി ബ്രൂയിൻ ലീഡ് ഉയർത്തി. കളിയിലെ ആധിപത്യം നിലനിര്‍ത്താനായിരുന്നു രണ്ടാം പകുതിയില്‍ ബെല്‍ജിയത്തിന്റെ ശ്രമം. എന്നാല്‍ ഗോള്‍ മടക്കാനുള്ള തത്രപ്പാടിലായിരുന്നു ബ്രസീല്‍. മുന്നേറ്റങ്ങളും ഷോട്ടുകളും അനവധി ബെല്‍ജിയത്തിന് നേര്‍ക്ക് ബ്രസീലിയന്‍ പട തൊടുത്തെങ്കിലും നിര്‍ഭാഗ്യവും കുര്‍ട്ടോയ്സിന്റെ മിന്നല്‍ സേവുകളും കാനറികള്‍ക്ക് ഗോള്‍ നിഷേധിച്ചുകൊണ്ടേയിരുന്നു. 76 ആം മിനിറ്റില്‍ അഗസ്റ്റോ ബ്രസീലിന്റെ രക്ഷകനായെത്തി. കുട്ടീന്യോ ബോക്സിനുള്ളില്‍ നിന്ന് ഉയര്‍ത്തിയിട്ട് നല്‍കിയ പാസില്‍ നിന്ന് നെല്ലിട തെറ്റാതെ റെനാറ്റോ ആഗസ്റ്റോ പന്ത് ബെല്‍ജിയത്തിന്റെ വലയിലേക്ക് കുത്തിയിട്ടു. പൌളീഞ്ഞോയുടെ പകരക്കാരനായി ഇറങ്ങി മൂന്നാം മിനിറ്റിലാണ് അഗസ്റ്റോയുടെ ഗോള്‍.അവസാന മിനിറ്റ് വരെ സമനില ഗോളിനായി ബ്രസീല്‍ പൊരുതിയെങ്കിലും ജീവൻ രക്ഷിക്കാൻ ബ്രസീലിനായില്ല. 93 ആം മിനിറ്റില്‍ നെയ്മര്‍ ക്രോസ് ബാറിന് തൊട്ടുരുമി നല്‍കിയ ഷോട്ട് കുര്‍ട്ടോയ്സ് വിരല്‍ കൊണ്ട് പുറത്തേക്ക് തള്ളിയകറ്റിയതോടെ കാനറികളുടെ പ്രതീക്ഷകളും അവസാനിക്കുകയായിരുന്നു. ഒടുവില്‍ മൂന്നു പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ ബെല്‍ജിയം ലോകകപ്പിന്റെ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു.