മോസ്‌കോ: ലോകകപ്പ് ഫുട്‌ബോളിന്റെ കിക്കോഫിലേക്ക് ഇനി 29 ദിനങ്ങള്‍ മാത്രം.ഫുട്‌ബോള്‍ ലോകത്തിന്റെ സ്വര്‍ണകപ്പ് നേടാനുള്ള അവസാന പടയൊരുക്കത്തിലാണ് താരങ്ങള്‍. ലോകകപ്പ് സാധ്യതയിൽ മുൻപന്തിയിലുള്ള ജർമനി, ബ്രസീൽ, അർജന്‍റീന, പോർച്ചുഗൽ, ക്രൊയേഷ്യ, കൊളംബിയ തുടങ്ങിയവ അടക്കം 20 ടീമുകൾ റഷ്യയിലേക്കുള്ള സാധ്യതാ സംഘത്തെ പ്രഖ്യാപിച്ചു. സ്പെയിൻ, ഫ്രാൻസ്, ഇംഗ്ലണ്ട്, ബെൽജിയം തുടങ്ങിയ വൻശക്തികൾ ഉൾപ്പെടെ 12 ടീമുകളാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.അന്തിമടീമിനെ പ്രഖ്യാപിക്കേണ്ടത് അടുത്തമാസം നാലിനാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗൽ 35 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രസീൽ ലോകകപ്പിനിറങ്ങിയ 11 പേരെ പരിശീലകൻ ഫെർണാണ്ടോ സാന്തോസ് നിലനിർത്തിയിട്ടുണ്ട്. ഫെഡറേഷൻസ് കപ്പിൽ കളിച്ച 19 പേരും ഇടംകണ്ടെത്തിയിട്ടുണ്ട്. ലോകകപ്പ് യോഗ്യതാപോരില്‍ പ്രതിരോധത്തിന്റെ കരുത്തായിരുന്ന ഡാനി ആല്‍വേസ് ഇല്ലാതെയാണ് പരിശീലകന്‍ ടിറ്റെ ബ്രസീല്‍ സാധ്യതാസംഘത്തെ പ്രഖ്യാപിച്ചത്. 23 അംഗ ടീമില്‍ പകരക്കാരനായി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഡാനിലോ കയറി. പരിക്കില്‍നിന്ന് മുക്തനായി പരിശീലനം തുടങ്ങിയ നെയ്മറെ ടിറ്റെ ടീമില്‍ എടുത്തിട്ടുണ്ട്. ഷാക്തര്‍ ഡൊണെത്സ്‌കിന്റെ മുന്നേറ്റക്കാരായ ഫ്രെഡും ടൈസണും അപ്രതീക്ഷിതമായി ടീമില്‍ ഇടംപിടിച്ചു.നിലവിലെ ലോകചാമ്പ്യാന്മാരായ ജർമനി 27 അംഗ സാധ്യതാ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 2022വരെ പരിശീലകനായി തുടരാനുള്ള കരാർ ഒപ്പിട്ട ജോകിം ലോയുടെ സംഘത്തിൽ 2014 ലോകകപ്പ് ഫൈനലിൽ അർജന്‍റീനയെ കണ്ണീരിലാഴ്ത്തി ജർമനിക്ക് കപ്പ് സമ്മാനിച്ച ഗോൾ നേടിയ മാരിയോ ഗോറ്റെസ് ഇല്ല. അതേസമയം, കഴിഞ്ഞ സെപ്റ്റംബർ മുതൽ പരിക്കേറ്റു പുറത്തായിരുന്ന ഗോളി മാനുവൽ നോയറിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മുപ്പത്തഞ്ച് അംഗ സാധ്യതാ ടീമിനെയാണ് അർജന്‍റൈൻ പരിശീലകൻ ഹൊർഹെ സാംപോളി പ്രഖ്യാപിച്ചത്.പരിക്കേറ്റ് വിശ്രമത്തിലുള്ള സെർജ്യോ അഗ്യേറോ, പൗലോ ഡൈബാല, മൗറോ ഇക്കാർഡി എന്നിവരെ മുന്നേറ്റനിര സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഡിയേഗോ പെറോട്ടി, ലൗതാറോ മാർട്ടിനസ്, ഗോണ്‍സാലോ ഹിഗ്വിൻ, ലയണൽ മെസി എന്നിവരാണ് മുന്നേറ്റ നിരയിലുള്ള മറ്റംഗങ്ങൾ. 13 മധ്യനിരക്കാർ, 11 പ്രതിരോധക്കാർ, നാല് ഗോൾകീപ്പർമാർ എന്നിങ്ങനെയാണ് സംപോളിയുടെ പ്രാഥമിക സംഘത്തിലുള്ളത്.