ന്യൂഡല്‍ഹി: കമ്പനികളിലെ ഷിഫ്റ്റുകളുടെ സമയം കൂട്ടി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി. പ്രതിവാര പ്രവൃത്തി സമയം 48 മണിക്കൂര്‍ ആയി നിലനിര്‍ത്തി പ്രവൃത്തി ദിനങ്ങളുടെ എണ്ണം കുറയ്ക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. ഇതനുസരിച്ച് ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍ ആഴ്ചയില്‍ നാല് ദിവസം മാത്രം ജോലി ചെയ്താല്‍ മതി. ദിവസം 10 മണിക്കൂറാണ് ജോലി സമയമെങ്കില്‍ പ്രവൃത്തി ദിനങ്ങളുടെ എണ്ണം 5 ദിവസമായി ചുരുങ്ങും. എട്ട് മണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ആഴ്ച്ചയില്‍ ആറ് ദിവസവും പ്രവൃത്തി ദിനമായിരിക്കും. കേന്ദ്ര തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്രയാണ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇക്കാര്യത്തില്‍ ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും ഉചിതമായ തീരുമാനമെടുക്കാമെന്നും തൊഴില്‍ സെക്രട്ടറി പറഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന തൊഴില്‍ സംസ്കാരത്തിന്റെ ഭാഗമാണ് പുതിയ വ്യവസ്ഥയെന്ന് ചന്ദ്ര പറഞ്ഞു. ഈ വ്യവസ്ഥ പുതിയ തൊഴില്‍ കോഡിന്റെ ഭാഗമാണ്. പുതിയ നിയമങ്ങള്‍ നടപ്പിലാക്കിയാല്‍, തൊഴിലുടമകള്‍ക്ക് അവരുടെ ജീവനക്കാര്‍ ഈ ക്രമീകരണം അംഗീകരിക്കുകയാണെങ്കില്‍ നാലോ അഞ്ചോ ദിവസത്തെ പ്രവൃത്തി ആഴ്ചയിലേക്ക് മാറുന്നതിന് സര്‍ക്കാര്‍ അനുമതി തേടേണ്ട ആവശ്യമില്ല.
പുതിയ തൊഴില്‍ കോഡ് നിലവില്‍ വന്നാല്‍ ആവശ്യം, വ്യവസായം, സ്ഥലം എന്നിവ അടിസ്ഥാനമാക്കി 8 മുതല്‍ 12 മണിക്കൂര്‍ വരെ പ്രവൃത്തി സമയം തെരഞ്ഞെടുക്കാന്‍ തൊഴിലുടമകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്ന് വിദഗ്ദ്ധര്‍ പറയുന്നു.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കാന്‍ കൂടുതല്‍ കമ്പനികൾ താത്പര്യം പ്രകടിപ്പിച്ചിരിക്കുന്നതായാണ് വിവരം.നാല് ദിവസത്തെ പ്രവൃത്തി ദിനം തെരഞ്ഞെടുക്കുകയാണെങ്കില്‍ മൂന്ന് ദിവസത്തെ അവധി ഉറപ്പാക്കണം.കുറഞ്ഞ വാടകച്ചെലവും കൂടുതല്‍ ഉല്‍പാദനക്ഷമതയുമാണ് കമ്പനികളെ ഈ ഷിഫ്റ്റ് തെരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. ഐടി സേവന മേഖലകള്‍ക്ക് ഇത് ഗുണം ചെയ്യും. ബാങ്കിംഗ്, ധനകാര്യ സേവന മേഖലയില്‍ 20-30 ശതമാനം ആളുകള്‍ക്ക് നാലോ അഞ്ചോ ദിവസത്തെ പ്രവര്‍ത്തന സമയം തെരഞ്ഞെടുക്കാന്‍ കഴിഞ്ഞേക്കും.അധിക അവധി ലഭിക്കുന്നതിനാല്‍ കുറച്ച് ദിവസത്തേക്ക് കൂടുതല്‍ മണിക്കൂര്‍ ജോലി ചെയ്യാന്‍ ചെറുപ്പക്കാര്‍ക്ക് താത്പര്യം കൂടുമെന്ന് വിശകലന വിദഗ്ധര്‍ പറയുന്നു. തൊഴിലാളികളുടെ ഉല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യും.എന്നാല്‍ ഈ രീതി തൊഴിലവസരങ്ങള്‍ കുറയ്ക്കാന്‍ ഇടയാക്കുമെന്ന് ചില വിദഗ്ധര്‍ പറയുന്നു. ജോലി-ജീവിത സന്തുലിതാവസ്ഥയെ ഇത് ബാധിച്ചേക്കാമെന്ന് തൊഴില്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ കെ.ആര്‍ ശ്യാം സുന്ദര്‍ പറയുന്നു.