കോഴിക്കോട്: കോഴിക്കോട് തിക്കോടിയിൽ യുവാവ് തീകൊളുത്തിയ യുവതി മരിച്ചു. യുവാവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കോഴിക്കോട് കാട്ടുവയൽ സ്വദേശി കൃഷ്ണപ്രിയ ആണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം.പ്രണയ നൈരാശ്യത്തിന്റെ പേരിലായിരുന്നു കൊലപാതക ശ്രമം. ഇന്ന് രാവിലെയാണ് സംഭവം. ആദ്യം കുത്തുകയും പെട്രോൾ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു. പിന്നാലെ യുവാവും സ്വയം തീ കൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. 70 ശതമാനം പൊള്ളലോടെയാണ് കൃഷ്ണപ്രഭയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ പോസ്റ്റുമോർട്ടം നാളെ നടക്കും.തിക്കോടി പഞ്ചായത്ത് ഓഫീസിലെ പ്ലാനിങ് വിഭാഗം പ്രൊജക്‌ട് അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരിയായിരുന്നു കൃഷ്ണപ്രിയ.തിക്കോടി കാട്ടുവയല്‍ കുനി മനോജന്റെ മകളാണ്. തിക്കോടി വലിയ മഠത്തില്‍ മോഹനന്റെ മകന്‍ നന്ദു എന്ന നന്ദുലാല്‍ ആണ് തീകൊളുത്തിയത്. പ്രണയാഭ്യര്‍ഥന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായത്.പഞ്ചായത്ത് ഓഫീസിലേക്ക് നടന്ന് വരികയായിരുന്ന കൃഷ്ണപ്രിയയെ സംസാരിക്കാനെന്ന വ്യാജേന തടഞ്ഞ് നിര്‍ത്തി കയ്യില്‍ കരുതിയ പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് നന്ദു സ്വയം പെട്രോള്‍ ദേഹത്ത് ഒഴിച്ച് ആന്മഹത്യക്ക് ശ്രമിച്ചു.കരച്ചില്‍ കേട്ട് ഓടിയെത്തിയ പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരാണ് വെള്ളമൊഴിച്ച് തീ കെടുത്തിയത്. സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തീകൊളുത്തും മുൻപ് നന്ദു തന്നെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി കൃഷ്ണപ്രിയ മൊഴി നല്‍കി.ഏറെ നാളായി കൃഷ്ണപ്രിയയുമായി പരിചയത്തിലായിരുന്ന നന്ദു സമീപകാലത്തായി പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നതായി കുടുംബാംഗങ്ങളും അയല്‍വാസികളും പറഞ്ഞു.വസ്ത്രം ധരിക്കുന്നതിലും മുടി കെട്ടുന്നതിലുമടക്കം ഇയാള്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. അത് അനുസരിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ചീത്ത പറയുമായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ ഫോണും ഇയാള്‍ കൈവശപ്പെടുത്തി.കഴിഞ്ഞ ദിവസം വീട്ടില്‍ വന്ന് പെണ്‍കുട്ടിയേയും അച്ഛനേയും ഭീഷണിപ്പെടുത്തുകയും ചെയ്തു. മാനഹാനി ഭയന്നാണ് പൊലീസില്‍ പരാതി നല്‍കാതിരുന്നതെന്ന് ബന്ധുക്കള്‍ പറയുന്നു.