കോട്ടയം: ട്രയല്‍ റൂമില്‍ സ്ത്രീകള്‍ വസ്ത്രം മാറുന്നത് മൊബൈലില്‍ പകര്‍ത്തിയ വസ്ത്രശാല ജീവനക്കാരന് അറസ്റ്റില്‍. കോട്ടയത്തെ പ്രമുഖ വസ്ത്രശാലയായ ശീമാട്ടിയിലെ ജീവനക്കാരനായ നിധിന് ആണ് അറസ്റ്റിലായിരിക്കുന്നത്. കാരാപ്പുഴ സ്വദേശിയാണിയാള്‍. ഷോപ്പിംഗിനെത്തിയ ഒരു അഭിഭാഷകയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മകനുമൊത്ത് ശീമാട്ടിയിലെത്തിയ അഭിഭാഷകയായ ആരതിയാണ് നിതിനെ കയ്യോടെ പിടിച്ചത്. ട്രയല്‍ റൂമിലെത്തിയ ഇവര്‍ വസ്ത്രം മാറുന്നതിനിടെ മുകള്‍ഭാഗത്തായി ഒരു മൊബൈലും കയ്യുടെ കുറച്ച് ഭാഗങ്ങളും കണ്ടു. സംശയം തോന്നി ട്രയല്‍ റൂമില്‍ നിന്നിറങ്ങിയ ആരതി, മൊബൈല്‍ കണ്ട തൊട്ടടുത്ത മുറിയിലെ വാതില്‍ തുറക്കാന്‍ ശ്രമിച്ചു എന്നാല്‍ അത് അകത്ത് നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു.മനപ്പൂര്‍വം ദൃശ്യങ്ങള്‍ പകര്‍ത്താന്‍ തന്നെ ആരോ അകത്തുകയറിയതാണെന്ന് ഇതോടെ മനസിലായി. കതകില്‍ തട്ടിയിട്ട് അകത്തുള്ള ആരായാലും പുറത്തോട്ട് വരാന്‍ പറഞ്ഞു. ആദ്യം വന്നില്ല. പിന്നീട് ബഹളം വച്ചപ്പോള്‍ ഇറങ്ങി വന്നു. ശീമാട്ടിയിലെ തന്നെ സെയില്‍സ്മാനാണ് അതെന്ന് അപ്പോഴാണ് മനസിലായത്. താന്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ തന്നെ അസിസ്റ്റ് ചെയ്തിരുന്ന ആളായിരുന്നു അതെന്നും ആരതി പറയുന്നു.ചോദ്യം ചെയ്തപ്പോള്‍ പല ന്യായങ്ങളും നിരത്തി. ബഹളമായതോടെ മറ്റ് സ്റ്റാഫുകള്‍ കൂടി. അവരോട് കാര്യങ്ങള്‍ വിശദീകരിച്ച ശേഷം അയാളോട് ഫോണ്‍ ചോദിച്ചു. രംഗം വഷളായതോടെ യുവാവ് തെറ്റുപറ്റിയെന്ന് പറഞ്ഞെന്നും അഭിഭാഷക പറയുന്നു. ഇവര്‍ തന്നെ നല്കിയ പരാതി അനുസരിച്ചാണ് പൊലീസ് നിധിനെ അറസ്റ്റ് ചെയ്തത്. ടെക്സ്റ്റൈല്‍ അധികൃതര്‍ ആദ്യം പൊലീസിനെ വിവരം അറിയിക്കാന്‍ മടിച്ചുവെന്നും ആരതി ആരോപിക്കുന്നുണ്ട്. ഇയാളുടെ ഫോണില്‍ നിന്നും വേറെ ദൃശ്യങ്ങള്‍ പൊലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. പ്രതി സ്ഥിരമായി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്താറുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.