ആലപ്പുഴ: മാവേലിക്കരയില്‍ വനിത പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ തീകൊളുത്തി കൊലപ്പെടുത്തുനതിനിടെ നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ പ്രതി അജാസിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍. അജാസിന്റെ കിഡ്നി തകരാറിലാണ്. ഇന്നലെ ഡയാലിസിസിനായി ശ്രമിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതിനാല്‍ ഡയാലിസിസ് നടത്താനായിട്ടില്ല. രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ മരുന്നു കുത്തിവെച്ചങ്കിലും മരുന്നുകളോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി. ഇതോടെ അജാസിന്റെ അറസ്റ്റ് വൈകുകയാണ്.ആരോഗ്യം തൃപ്തിയായാല്‍ മാത്രമേ അറസ്റ്റുണ്ടാകൂവെന്നാണ് അറിയാന്‍ കഴിയുന്നത്. സൗമ്യയോട് കടുത്ത പ്രണയമായിരുന്നുവെന്നും വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും സമ്മതിച്ചില്ലെന്നും ഒടുവില്‍ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് മൊഴി നല്‍കിയിരുന്നു.സൗമ്യയുമായി 5 വര്‍ഷത്തിലേറെയായി അടുപ്പമുണ്ടെന്ന് അജാസ് പറയുന്നു. വിവാഹം കഴിക്കാന്‍ ആഗ്രഹം അറിയിച്ചെങ്കിലും സൗമ്യ സമ്മതം നല്‍കിയില്ല. അടുത്തിടെയായി അവഗണന കൂടി. കടമായി വാങ്ങിയ പണം തിരികെ നല്‍കുകയും ഫോണില്‍ വിളിച്ചാല്‍ എടുക്കാതാകുകയും ചെയ്തതോടെ സൗമ്യ പൂര്‍ണമായും ഒഴിവാക്കാന്‍ ശ്രമിക്കുകയാണെന്നു തോന്നി. അതോടെ ദേഷ്യമായി. ഒന്നിച്ചു ജീവിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെ ഒന്നിച്ചു മരിക്കണമെന്ന് ഉറപ്പിച്ചു. അങ്ങനെയാണു കൊലപാതകം ആസൂത്രണം ചെയ്തത്.കൊച്ചിയില്‍ നിന്ന് ആയുധങ്ങളും പെട്രോളും കാറില്‍ കരുതിയാണു ശനിയാഴ്ച വള്ളികുന്നത്തെത്തിയത്. കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചു സൗമ്യയെ വീഴ്‌ത്തിയ ശേഷം വെട്ടുകയും കുത്തുകയും ചെയ്തു. സൗമ്യയുടെ ദേഹത്തും സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി. അങ്ങനെയാണു തനിക്കും പൊള്ളലേറ്റതെന്ന് അജാസ് പറഞ്ഞു.