കൊല്ലം:കൊല്ലത്ത് ഭര്‍തൃഗൃഹത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണത്തില്‍ പൊലീസ് പരിശോധന തുടരുന്നു. വിസ്മയ തൂങ്ങി മരിച്ച വീട്ടില്‍ കൊല്ലം റൂറല്‍ എസ് പി രവിയുടെ നേതൃത്വത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. വിസ്മയയുടെ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് സൂചന.വിസ്മയ മരിച്ചതിന് ശേഷം കിരണ്‍ ഒളിവിലായിരുന്നു. യുവതിയുടെ സംസ്‌കാരം കഴിഞ്ഞ ശേഷമാണ് കിരണ്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. പത്തനംതിട്ട നിലമേല്‍ കൈതോട് സ്വദേശിനിയാണ് മരിച്ച വിസ്മയ.സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള കൊലപാതകമെന്ന് ആരോപിച്ചാണ് വിസ്മയയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി. യുവതി ആത്മഹത്യ ചെയ്ത കേസില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്. സംഭവത്തില്‍ കൊല്ലം റൂറല്‍ എസ്പിയോട് കമ്മീഷന്‍ റിപ്പോര്‍ട്ട് തേടുകയും ചെയ്തു.സ്ത്രീധനത്തിന്റെ കാര്യം പറഞ്ഞ് പല തവണ ഭര്‍ത്താവ് കിരണ്‍ കുമാര്‍ വിസ്മയയെ ഉപദ്രവിച്ചിരുന്നതായി പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു.കിരണിന്റെ മര്‍ദനത്തില്‍ ഏറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം വിസ്മയ ബന്ധുക്കള്‍ക്കു കൈമാറിയിരുന്നു. സഹോദരനും ഭാര്യയുമായി വിസ്മയ നടത്തിയ വാട്‌സ്‌ആപ്പ് ചാറ്റിലും മര്‍ദ്ദനത്തിന്റെ കാര്യങ്ങള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം വിസ്മയ സഹോദരന് അയച്ച വാട്‌സ്‌ആപ്പ് സന്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് സംഭവം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍നിന്ന് ക്രൂരമായ മര്‍ദനമേറ്റെന്നായിരുന്നു വിസ്മയയുടെ സന്ദേശം.2020 മെയ് മാസത്തിലായിരുന്നു മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനി വിസ്മയയും തമ്മിലുളള വിവാഹം. വിസ്മയയ്ക്ക് സ്ത്രീധനമായി ഒരേക്കര്‍ സ്ഥലവും, 100 പവന്‍ സ്വര്‍ണവും 10 ലക്ഷം രൂപ വിലവരുന്ന വാഹനവുമാണ് കുടുംബം നല്‍കിയത്. എന്നാല്‍ വാഹനത്തിന് പകരം പണം മതി എന്നായിരുന്നു കിരണിന്റെ ആവശ്യം. മദ്യപിക്കുന്ന കിരണ്‍ ഇക്കാര്യം പറഞ്ഞു പലതവണ വിസ്മയയെ മര്‍ദ്ദിച്ചിരുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ച ഭൗതികശരീരം പോസ്റ്റുമോര്‍ട്ടത്തിനുശേഷം കുടുംബാംഗങ്ങള്‍ക്ക് കൈമാറി. സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു.