ചെന്നൈ:അനധികൃതമായി സ്ഥാപിച്ച ഫ്ലക്സ് ബോര്‍ഡ് തലയില്‍ വീണ് സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം.വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെ ഫ്ലക്സ് ബോര്‍ഡ് യുവതിയുടെ തലയിൽ വീഴുകയും ഇതോടെ താഴെവീണ യുവതിയുടെ ശരീരത്തിലൂടെ പിന്നിൽ നിന്നും വന്ന ടാങ്കർ ലോറി കയറിയിറങ്ങുകയുമായിരുന്നു. ചെന്നൈയില്‍ സോഫ്റ്റ്‍വെയര്‍ എൻജിനീയറായ ശുഭ ശ്രീ ആണ് മരിച്ചത്.പള്ളവാരം – തൊരൈപാക്കം റോഡിലൂടെ ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് പോകുകയായിരുന്ന യുവതിയുടെ മേല്‍ പടുകൂറ്റന്‍ ഫ്ലക്സ് വന്നു വീഴുകയായിരുന്നു. അണ്ണാ ഡിഎംകെ നേതാവിന്റെ മകന്റെ വിവാഹത്തിന് ഉപ മുഖ്യമന്ത്രി ഒ പനീര്‍ ശെല്‍വത്തെ ഉള്‍പ്പെടെയുള്ളവരെ സ്വാഗതം ചെയ്യാന്‍വച്ച ഫ്ലകസ് ബോര്‍ഡാണ് തകര്‍ന്നു വീണത്.ഫ്ളക്സ് ബോർഡ് ദേഹത്ത് വീണതിനെ തുടര്‍ന്ന് ബാലന്‍സ് തെറ്റിയ യുവതിയുടെ വാഹനത്തില്‍ തൊട്ടുപിന്നാലെ വന്ന ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുണ്ട്.പോലീസിനോടും കോര്‍പറേഷന്‍ അധികൃതരോടും നേരിട്ട് ഹാജരാകാനും കോടതി ഉത്തരവിട്ടു.കൂടാതെ യുവതിയുടെ ശരീരത്തിലേക്ക് കയറിയ ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കുകയും ചെയ്തു.