Kerala, News

പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസ്റ്റിൽ

keralanews woman arrested for stealing childrens jewelery at parassinikkadavu temple

കണ്ണൂര്‍: കണ്ണൂര്‍ പറശ്ശിനിക്കടവ് ക്ഷേത്രത്തിലെത്തിയ കുട്ടികളുടെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പൊലീസ് അറസ്റ്റു ചെയ്തു.പാനൂര്‍ മേലെചെമ്പാട് സ്വദേശി ഷംന ബിജുവിനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. ക്ഷേത്രത്തിലെത്തിയ രണ്ടു കുട്ടികളുടെ ആഭരണങ്ങളാണ് ഷംന കവര്‍ന്നത്. കഴിഞ്ഞ ദിവസം രാവിലെ ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളില്‍ ദര്‍ശനത്തിന് എത്തിയ കുട്ടികളുടെ കൈവളകളാണ് മോഷണം പോയത്.സംഭവം ശ്രദ്ധയില്‍പ്പെട്ട രക്ഷകര്‍ത്താക്കള്‍ ദേവസ്വം ഓഫീസുമായി ബന്ധപ്പെടുകയും ക്ഷേത്രം അധികൃതരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് തളിപ്പറമ്പ് പൊലീസില്‍ പരാതി നൽകുകയും ചെയ്തു. ക്ഷേത്രത്തിലെത്തിയ പൊലീസ് സംഘം സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പ്രതിയെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രപരിസരത്തു നിന്ന് തന്നെ ഷംനയെ പിടികൂടി.ചോദ്യം ചെയ്യലില്‍ മോഷണം നടത്തിയെന്ന് ഇവർ സമ്മതിച്ചു. ഇവരില്‍ നിന്ന് തൊണ്ടിമുതലും കണ്ടെടുത്തു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

അതേസമയം ഷംന ക്ഷേത്രം കേന്ദ്രീകരിച്ച്‌ മുൻപും മോഷണം നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.മറ്റു ജില്ലകളില്‍ നിന്ന് ദര്‍ശനത്തിനെത്തുന്ന കൊച്ചുകുട്ടികളാണ് പ്രധാന ഇരകള്‍.മോഷണവിവരം പുറത്തറിയാന്‍ വൈകുമെന്നതാണ് കുട്ടികളെ കേന്ദ്രീകരിക്കുന്നതിലുള്ള നേട്ടം. ഒപ്പം കണ്ണൂരിന് പുറത്തുള്ളവരാകുമ്പോൾ പൊലീസില്‍ പരാതിപ്പെടാന്‍ സാധ്യതയും കുറയും.ഭര്‍ത്താവിനോടും മകളോടുമൊപ്പമാണ് ഷംന ബിജു പറശ്ശിനിക്കടവിലെത്തിയത്. ഷംന പിടിയിലായെന്ന് അറിഞ്ഞതോടെ കതിരൂര്‍, കല്ലാച്ചി, തൊട്ടില്‍പാലം, ചെറുവത്തൂര്‍, കോഴിക്കോട്, കൊയിലാണ്ടി, എസ്‌റ്റേറ്റ്മുക്ക്, ബാലുശേരി എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ പരാതി നല്‍കി. കതിരൂരില്‍നിന്നുള്ളവരുടെ രണ്ടര പവന്റെ കാല്‍വള നഷ്ടപ്പെട്ടതായാണ് പരാതി. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം തീര്‍ഥാടനത്തിനെത്തിയവരെന്ന വ്യാജേന മോഷണത്തിനിറങ്ങുന്നതിനാല്‍ ആരും സംശയിക്കാതിരുന്നത് ഷംനയ്ക്ക് സഹായമായി. അന്വേഷണം പൂര്‍ത്തിയായാല്‍ പുതിയ പരാതികളിലും ഷംനയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി വൈകിട്ട് കോടതിയില്‍ ഹാജരാക്കിയ ഷംനയെ വീണ്ടും റിമാന്‍ഡ് ചെയ്തു.

Previous ArticleNext Article