
പത്തനംതിട്ട: കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ നിന്നും വ്യാഴാഴ്ച രാവിലെ 10 മണിയോടെ നവജാതശിശുവിനെ യുവതി കടത്തിക്കൊണ്ടുപോയി. ആശുപത്രി ജീവനക്കാരിയാണെന്നും കുഞ്ഞിന് ഇൻജെക്ഷൻ എടുക്കണമെന്നും പറഞ്ഞാണ് യുവതി എത്തിയത്. റാന്നി പാടത്തുംപടി സ്വദേശി സജി- അനിത ദമ്പതികളുടെ മൂന്നു ദിവസം പ്രായമായ ആണ്‍കുഞ്ഞിനെയാണ് തട്ടിക്കൊണ്ടുപോയത്. വിവരമറിഞ്ഞ് ജില്ലാ പഞ്ചായത്ത് അധികൃതരും പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ആശുപത്രി ജീവനക്കാരുടെ അറിവോടെയാണോ ഈ തട്ടിക്കൊണ്ടുപോകൽ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന 30 വയസ് പ്രായം തോന്നിക്കുന്ന യുവതിയെയും വ്യാഴാഴ്ച രാവിലെ മുതല്‍ കാണാനില്ല. കുഞ്ഞിനെ ഇവര്‍ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലാണ് പോലീസ്. പോലീസിന് ഇതുവരെ പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.