കൊച്ചി: അയല്‍ സംസ്ഥാനങ്ങളില്‍ ഇന്ധന വില കുറഞ്ഞതോടെ അതിര്‍ത്തി കടന്ന് എണ്ണയടിക്കാന്‍ പോകുന്നവരുടെ എണ്ണം കൂടി.കേരളത്തിന്റെ അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്നും തമിഴ്‌നാട്ടിലും കര്‍ണാടകയിലും എത്തി ഫുള്‍ ടാങ്ക് അടിക്കുകയാണ് പലരും. മാത്രമല്ല അയല്‍ സംസ്ഥാനങ്ങളില്‍ യാത്ര ചെയ്തു തിരികെ പോരുന്നവരും എണ്ണയടിച്ചാണ് കേരളത്തിലേക്ക് വരുന്നത്.കേരളത്തില്‍ ദിവസം ശരാശരി 1.2 കോടി ലിറ്റര്‍ ഇന്ധനം വില്‍ക്കുന്നുണ്ട്. 60 ശതമാനത്തോളം ഡീസലും 40 ശതമാനത്തോളം പെട്രോളും. പെട്രോള്‍ ഇനത്തില്‍ ദിവസം 47 കോടി രൂപയുടെയും ഡീസല്‍ ഇനത്തില്‍ 63 കോടി രൂപയുടെയും വ്യാപാരമാണ് നടക്കുന്നത്. എന്നാല്‍ ഈ വരുമാനത്തില്‍ ഇപ്പോള്‍ വന്‍ കുറവ് വന്നിരിക്കുകയാണ്. കേരളത്തില്‍ വില്‍പ്പന കുറയുന്നത് നികുതി വരുമാനവും കുറയ്ക്കും.തിരുവനന്തപുരത്തും ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടുമെല്ലാം കേരളത്തിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ഇന്ധന വില്‍പ്പനയില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.തമിഴ്‌നാട് അതിര്‍ത്തിയായ പാറശ്ശാലയില്‍ പെട്രോള്‍ ദിവസവില്‍പ്പന ശരാശരി 1200 ലിറ്ററായിരുന്നത് 700 ലിറ്ററായി. ഇവിടെ തമിഴ്‌നാട് ഭാഗത്ത് പടന്താലുംമൂടില്‍ പെട്രോള്‍ ശരാശരി ദിവസവില്‍പ്പന 1200-1300 ലിറ്ററായിരുന്നത് ഇപ്പോള്‍ 1800 ആയി.വയനാട് തോല്‍പ്പെട്ടിയില്‍ ഡീസല്‍ വില്‍പ്പന മുൻപുണ്ടായിരുന്നതിനേക്കാൾ 1000 ലിറ്ററും പെട്രോള്‍ 500 ലിറ്ററും കുറഞ്ഞു. പാലക്കാട് അതിര്‍ത്തിയില്‍ തമിഴ്‌നാട്ടിലെ ഗോപാലപുരത്ത് 3000 ലിറ്റര്‍ പെട്രോള്‍ വിറ്റിരുന്നത് ഇപ്പോള്‍ 4500 ലിറ്ററായി. ഡീസല്‍ 4000 ലിറ്റര്‍ വിറ്റിരുന്നത് 5400 ആയി. കേരള ഗോപാലപുരം മൂങ്കില്‍മടയില്‍ പെട്രോള്‍ 2000 ലിറ്റര്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 1000 ലിറ്റര്‍ വില്‍ക്കുന്നില്ല. ഡീസല്‍ 3500 ലിറ്റര്‍ വിറ്റിരുന്നത് 1300 ലിറ്റര്‍ പോലുമില്ല. കൊല്ലം തെന്മലയില്‍ പ്രതിദിനം 6000 ലിറ്റര്‍ ഡീസല്‍ വിറ്റിരുന്നിടത്ത് ഇപ്പോള്‍ 3500-4000 ലിറ്റര്‍ മാത്രം. പെട്രോളിന് കൂടുതലും പ്രാദേശിക ആവശ്യക്കാരായതിനാല്‍ വില്‍പ്പനയെ സാരമായി ബാധിച്ചിട്ടില്ല. മാഹിയിലെ വിലക്കുറവ് കാരണം വടകര, ടൗണിലെയും പരിസരങ്ങളിലെയും പമ്പുകളിൽ 10 മുതല്‍ 50 വരെ ശതമാനം വ്യാപാരം കുറഞ്ഞു. മാഹിയില്‍ ദിവസം ഏകദേശം 110 കിലോ ലിറ്റര്‍ പെട്രോളും 215 കിലോലിറ്റര്‍ ഡീസലും വിറ്റിരുന്നു. അതില്‍ 60-70 ശതമാനം വര്‍ധനയുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ ആകെ ദിവസം 25,000-30,000 ലിറ്ററിന്റെ കുറവുണ്ട്.കാസര്‍കോട്ട് തലപ്പാടി, പെര്‍ള, മുള്ളേരിയ, അഡൂര്‍, ബന്തടുക്ക എന്നിവിടങ്ങളിലായി സംസ്ഥാന അതിര്‍ത്തിയോടു ചേര്‍ന്ന് ഒൻപത് പെട്രോള്‍ പമ്പുകളിൽ വ്യാപാരം മൂന്നിലൊന്നായി.