ന്യൂഡൽഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌ക്കാര വിതരണം പ്രതിസന്ധിയിൽ. പതിനൊന്നു പേർക്കൊഴികെ പ്രസിഡന്റ് നേരിട്ട് പുരസ്ക്കാരം സമ്മാനിക്കില്ല എന്ന സർക്കാർ നിലപാടാണ് പ്രതിഷേധത്തിന് കാരണമായിരിക്കുന്നത്.മന്ത്രി സ്മൃതി ഇറാനിയാണ് മറ്റു ജേതാക്കൾക്കു പുരസ്കാരം വിതരണം ചെയ്യുന്നത്. രാഷ്‌ട്രപതി പുരസ്ക്കാരം നൽകിയില്ലെങ്കിൽ തങ്ങൾ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് അവാർഡ് ജേതാക്കൾ കേന്ദ്ര വാർത്ത വിതരണ മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്.അറുപതോളം കലാകാരന്‍മാര്‍ ഒപ്പിട്ട പരാതിയാണ് മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.പുരസ്‌ക്കാര ജേതാക്കളെ അനുനയിപ്പിക്കാൻ സ്‌മൃതി ഇറാനിയുടെ നേതൃത്വത്തിൽ രാവിലെ ചർച്ച നടത്തിയിരുന്നു.എന്നാൽ ചർച്ച പരാജയപ്പെട്ടു.ഉച്ചയ്ക്ക് ഒരിക്കൽ കൂടി മന്ത്രി ജേതാക്കളുമായി ചർച്ച നടത്തും. രാഷ്‌ട്രപതി അവാർഡ് നൽകുമെന്നാണ് തങ്ങളെ അറിയിച്ചിരുന്നതെന്നും എന്നാൽ ഇതുകൊണ്ടാണ് അവസാന നിമിഷം ആ തീരുമാനം മാറ്റിയതെന്ന് തങ്ങൾക്ക് കൃത്യമായി അറിയണമെന്നും ജേതാക്കൾ ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്തു നിന്നും വിവേചനം ഉണ്ടായാൽ പുരസ്‌ക്കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് മലയാളി താരങ്ങളും അറിയിച്ചിട്ടുണ്ട്.14 പുരസ്‌കാരങ്ങളാണ് ഇക്കുറി കേരളത്തിന് ലഭിച്ചത്.