തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയിൽ നിന്ന് പിൻമാറില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് പിൻമാറിയാൽ സംസ്ഥാനത്തിന് നിക്ഷേപങ്ങൾ ലഭിക്കില്ല. തുറമുഖത്തിനെതിരായ സമരത്തിന് പിന്നിൽ വലിയ ഗൂഢാലോചന ഉണ്ടെന്നും പിണറായി വിജയൻ ആരോപിച്ചു. നാടിന് ആവശ്യമായ പദ്ധതികൾ നടപ്പിലാക്കുക തന്നെ ചെയ്യും. പ്രക്ഷോഭങ്ങൾ ഉണ്ടായാൽ മുഖം തിരിക്കുന്ന സർക്കാർ അല്ല കേരളത്തിലുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി നിർത്തിവെക്കണമെന്ന ആവശ്യം അംഗീകരിക്കാൻ ആവില്ലെന്ന് ആദ്യം തന്നെ അറിയിച്ചിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ ഭാഗമായി തീര ശോഷണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകൾ സർക്കാരിന്റെ പക്കൽ ഉണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഹരിതോർജ വരുമാന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനം എന്ന നിലയ്ക്ക് നടപ്പിലാക്കിയ പദ്ധതി മറ്റൊരു സർക്കാർ വന്നു എന്ന പേരിൽ നിർത്തലാക്കാൻ കഴിയില്ല. പദ്ധതിക്കെതിരെ അഭിപ്രായവ്യത്യാസം നേരത്തെ ഉണ്ടായിട്ടുണ്ട്. എന്നാല്‍, നടപ്പിലാക്കിയ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോകേണ്ടതില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ഇത് സർക്കാരിന് എതിരെയുള്ള പ്രക്ഷോഭമല്ല. നാടിൻ്റെ മുന്നോട്ട് പോക്കിന് എതിരെയുള്ള പ്രക്ഷോഭമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാടിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്.പോലീസ് സ്റ്റേഷൻ ആക്രമം നേരത്തെ കരുതിക്കൂട്ടി നടത്തിയതാണ്. പോലീസ് സ്റ്റേഷൻ ആക്രമണത്തിന് വേണ്ടി പ്രത്യേകമായി ആളുകളെ സജ്ജരാക്കി. ഇവർ ഇളക്കി വിടാൻ നോക്കുന്ന വികാരം എന്താണെന്ന് പിണറായി ചോദിച്ചു.