ദില്ലി: മീ ടൂ ക്യാമ്ബയിനിലൂടെ ലൈംഗികാരോപണം നേരിടുന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ രാജിവെയ്ക്കില്ല. ആരോപണം കെട്ടിച്ചമച്ചതാണെന്നും, ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അക്ബര്‍ അറിയിച്ചു. അക്ബറിന്റെ രാജി തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍.പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി തനിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങൾ ആസൂത്രിതമാണെന്നും ഇത് തന്റെ പ്രതിച്ഛായയ്ക്ക് കോട്ടം വരുത്തിയെന്നും അക്ബര്‍ പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാധ്യപ്രവര്‍ത്തകരടക്കം 12 സ്ത്രീകളാണ് എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. മാധ്യമപ്രവര്‍ത്തകയായ പ്രിയ രമണിയായിരുന്നു അക്ബറിനെതിരെ ആദ്യം ആരോപണമുന്നയിച്ചത്.നൈജീരിയ സന്ദര്‍ശനം കഴിഞ്ഞ് ഇന്നലെ രാവിലെയോടെയാണ് അക്ബര്‍ ഇന്ത്യയില്‍ തിരിച്ചെത്തിയത്. വിദേശ പര്യടനം പൂര്‍ത്തിയാക്കി അക്ബര്‍ തിരിച്ചെത്തിയശേഷം ആരോപണങ്ങളില്‍ വിശദീകരണം തേടാനും രാജിയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുമെന്നുമായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അക്ബറിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായും വ്യക്തമാക്കിയിരുന്നു.