Kerala, News

എന്തുവന്നാലും ശബരിമലയിൽ ദർശനം നടത്താതെ മടങ്ങില്ലെന്ന് തൃപ്തി ദേശായി

keralanews will not go back without visiting sabarimala said thrupthi desai

കൊച്ചി:പ്രതിഷേധം ശക്തമാകുന്നതിനിടയിലും എന്തൊക്കെ സംഭവിച്ചാലും ശബരിമല ദർശനം നടത്താതെ മടങ്ങില്ലെന്ന നിലപാടുമായി തൃപ്തി ദേശായി. തീര്‍ത്ഥാടനത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അവര്‍ വ്യക്തമാക്കി. സുരക്ഷ നല്‍കുമെന്ന് പോലീസ് ഉറപ്പു നല്‍കിയിട്ടുണ്ടെന്നും വിമാനത്താവളത്തിന് പുറത്ത് ഗുണ്ടായിസമാണ് നടക്കുന്നതെന്നും അവര്‍ പറഞ്ഞു.താന്‍ അധികാരത്തിലെത്തിയാല്‍ സ്ത്രീകള്‍ക്ക് അച്ഛേദിന്‍ നല്‍കുമെന്നാണ് നരേന്ദ്രമോദി പ്രഖ്യാപിച്ചത്. എന്നാല്‍ വിമാനത്താവളത്തിന് പുറത്ത് കൊടികളുമായി അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ഇക്കൂട്ടര്‍ ഭക്തരല്ല, ഗുണ്ടകളാണ്. തനിക്ക് വിഐപി സുരക്ഷ നല്‍കണമെന്ന് കേരള സര്‍ക്കാരിനോടും പൊലീസിനോടും ആവശ്യപ്പെട്ടിട്ടില്ല. മറിച്ച്‌ ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിന് വേണ്ട സുരക്ഷ നല്‍കണമെന്നാണ് ആവശ്യപ്പെട്ടത്.തനിക്ക് സുരക്ഷ നല്‍കേണ്ടത് കേരള സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്. താന്‍ ആക്രമിക്കപ്പെട്ടാല്‍ കേരള സര്‍ക്കാര്‍ ഉത്തരവാദിത്വം പറയേണ്ടി വരുമെന്നും അവര്‍ പറഞ്ഞു. വെള്ളിയാഴ്ച പുലര്‍ച്ചെ 4.40 മണിയോടെ ഇന്‍ഡിഗോ വിമാനത്തിലാണ് തൃപ്തിയെത്തിയത്. എന്നാല്‍ പുറത്ത് കനത്ത പ്രതിഷേധം തുടരുന്നതിനാല്‍ അവര്‍ക്ക് ഇതുവരെ പുറത്തിറങ്ങാനായിട്ടില്ല. നാമജപ പ്രതിഷേധവുമായി നൂറുകണക്കിനു പേരാണ് വിമാനത്താവളത്തിനു പുറത്തുള്ളത്.സ്ഥലത്ത് വന്‍ പോലീസ് സന്നാഹമുണ്ട്.

Previous ArticleNext Article