Kerala, News

‘ഫ്ളാറ്റുകള്‍ ഒഴിയാന്‍ ഒരു മണിക്കൂര്‍ പോലും നീട്ടി നല്‍കാനാവില്ല’;കോടതിയില്‍ ക്ഷുഭിതനായി ജസ്റ്റിസ് അരുണ്‍ മിശ്ര

keralanews will not give time again to vacate the flat in marad justice arun mishra angry in court

ന്യൂ ഡല്‍ഹി : മരടിലെ ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഫ്ലാറ്റുടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ നിലപാട് കടുപ്പിച്ച്‌ സുപ്രീം കോടതി ജഡ്ജി അരുണ്‍ മിശ്ര.ഫ്ലാറ്റിൽ നിന്നും ഒഴിയാൻ ഒരു മണിക്കൂര്‍ പോലും കേസില്‍ നീട്ടി നല്‍കില്ല എന്നും ഉത്തരവ് അന്തിമമാണെന്നുമാണ് ജഡ്ജി കോടതിയില്‍ പറഞ്ഞത്. ഹരജി നല്‍കിയ അഭിഭാഷക ലില്ലി തോമസ് കോടതിക്ക് പുറത്തുപോകണമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ക്ഷുഭിതനായി പറഞ്ഞു.ഫ്ലാറ്റുകള്‍ ഒഴിയുന്നതിന് ഒരാഴ്ചത്തെ സമയം വേണമെന്നാവശ്യപ്പെട്ടാണ് ഫ്ലാറ്റുടമകള്‍ കോടതിയെ സമീപിച്ചത്. കേസില്‍ എന്താണ് നടന്നതെന്ന് നിങ്ങള്‍ക്കറിയില്ലെന്നും ഇതിന് ഇനിയൊരു പോംവഴിയില്ലെന്നും ഉടമകള്‍ക്ക് നിയമം അറിയില്ലെന്നും ജഡ്ജി പറഞ്ഞു. കോടതിയില്‍ ക്ഷുഭിതനായ ജസ്റ്റിസ് അരുണ്‍ മിശ്ര എല്ലാവരോടും പുറത്ത് പോകാനും ആവശ്യപ്പെട്ടു. പ്രശ്നത്തില്‍ പരമാവധി ക്ഷമിച്ചെന്നും ഇനി സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം സുപ്രീം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയാന്‍ താമസക്കാര്‍ക്ക് അനുവദിച്ച സമയപരിധി അവസാനിച്ചു.വ്യാഴാഴ്ച രാത്രി പന്ത്രണ്ടുമണി വരെയായിരുന്നു കുടുംബങ്ങള്‍ക്ക് മാറാന്‍ സമയം അനുവദിച്ചിരുന്നത്. വ്യാഴാഴ്ച രാത്രി പത്തുമണി വരെയുള്ള റിപ്പോര്‍ട്ടുകള്‍ പ്രകാരം ഫ്‌ളാറ്റുകളില്‍നിന്ന് 243 കുടുംബങ്ങള്‍ ഒഴിഞ്ഞതായാണ് വിവരം.നാല് ഫ്‌ളാറ്റ് സമുച്ചയങ്ങളില്‍ നിന്നുമായി ഇനി ഒഴിയാനുള്ളത് 29 കുടുംബങ്ങള്‍ മാത്രമാണ്. ഹോളി ഫെയ്ത് ഫ്‌ളാറ്റില്‍ നിന്നുമാണ് കൂടുതല്‍ പേര്‍ ഒഴിയാനുള്ളത്. ഹോളി ഫെയ്ത് 18, ആല്‍ഫാ 7, ഗോള്‍ഡന്‍ കായലോരം 4 എന്നിങ്ങനെയാണ് ഒഴിയാനുള്ള കുടുംബങ്ങളുടെ എണ്ണം.വീട്ടുപകരണങ്ങള്‍ മാറ്റാന്‍ ജില്ല കളക്ടര്‍ കൂടുതല്‍ സമയം അനുവദിക്കുകയായിരുന്നു. സാധനങ്ങള്‍ മാറ്റുന്നത് വരെ വൈദ്യുതിയും ജലവിതരണവും വിച്ഛേദിക്കില്ലെന്ന് നഗരസഭ അറിയിച്ചിട്ടുണ്ട്.സമയക്രമം അനുസരിച്ച്‌ നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ശരിയായ മാര്‍ഗത്തിലൂടെ അപേക്ഷിച്ചവര്‍ക്ക് താത്കാലിക പുനരധിവാസം ലഭിക്കുമെന്നും ജില്ല കളക്ടര്‍ എസ് സുഹാസ് അറിയിച്ചിട്ടുണ്ട്. മരടിലെ നാല് ഫ്‌ളാറ്റുകളില്‍ നിന്നുള്ളവരെ സുഗമമായി ഒഴിപ്പിക്കാനും പുനരധിവാസം വേഗത്തിലാക്കാനുമായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. മരട് നഗരസഭയുടെ അപേക്ഷ അനുസരിച്ച് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക ഫണ്ടില്‍ നിന്നുമാണ് ഇതിനുള്ള തുക അനുവദിച്ചത്.

Previous ArticleNext Article