തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി മരവിപ്പിച്ചുവെന്നത് വസ്തുതാവിരുദ്ധമാണ്. കേരളത്തിന്റെ പശ്ചാത്തലസൗകര്യ വികസനത്തിൽ വൻ കുതിപ്പുണ്ടാക്കുന്ന ഒന്നായാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്നും ഇത് സമ്പദ്ഘടനയ്‌ക്കും വ്യവസായാന്തരീക്ഷത്തിനും സാമൂഹിക വളർച്ചയ്‌ക്കും നൽകുന്ന സംഭാവന ചെറുതല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.DPR റെയിൽവെ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സിൽവർ ലൈൻ പ്രക്ഷോഭം വിജയിച്ചാൽ അത് നാടിന്റെ പരാജയമെന്ന് പ്രതിപക്ഷം തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈനും വന്ദേഭാരതും കേരളത്തിന് വേണം. ഇതിനായി ഒരുമിച്ച് കേന്ദ്രത്തെ സമീപിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാതയ്ക്കായി ഏറ്റെടുക്കേണ്ടി വരുന്ന സർവ്വേ നമ്പറുകൾ കാണിച്ച് സർക്കാർ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാത്തത് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു. ഇതേത്തുടർന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. തുടർന്ന് പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയം സ്പീക്കർ തള്ളി.പ്രധാനമന്ത്രിയെ നേരിൽ കണ്ടു. ഒരക്ഷരം പദ്ധതിക്കെതിരെ പ്രധാനമന്ത്രി സംസാരിച്ചില്ല. പദ്ധതി പൂർണമായും നടപ്പാക്കാൻ കഴിയില്ല എന്ന് കേന്ദ്രം ഒരിക്കലും പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പൂർണമായി പദ്ധതി തള്ളിപ്പറയാൽ കേന്ദ്ര സർക്കാരിന് പോലും കഴിയുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പദ്ധതിയ്ക്ക് അനുമതി കിട്ടും. കിട്ടിയാൽ വേഗം തന്നെ പൂർത്തിയാക്കും.പദ്ധതി ഉപേക്ഷിച്ചതിന്റെ ഭാഗമായിട്ടല്ല ഉദ്യോഗസ്ഥരെ മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ വികസനത്തിന് എതിരായ പ്രക്ഷോഭത്തിന് മുന്നിൽ സർക്കാർ വഴങ്ങില്ല.കേരളത്തിൽ ഏത് പദ്ധതി വന്നാലും എതിർക്കുന്നവർ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ഏത് അനുമതി ലഭിച്ചാലും സിൽവർ ലൈൻ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷം തിരിച്ചടിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.