ഇരിട്ടി:ഭീതിപരത്തി ജനവാസ കേന്ദ്രത്തിൽ കാട്ടാനയുടെ വിളയാട്ടം.മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ ആനയുടെ അക്രമത്തിൽ പരിക്കേറ്റ ചാക്കാട് സ്വദേശിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രാവിലെ നടക്കാനിറങ്ങിയ വലിയ പറമ്പിൽ പുരുഷോത്തമനാണ് കാട്ടാനയുടെ അക്രമത്തിൽ പരിക്കേറ്റത്. ഇയാൾ നിത്യേനയുള്ള വ്യായാമത്തിന്റെ ഭാഗമായി ചാക്കാടുനിന്നും ഹാജിറോഡിലേക്ക് നടക്കുന്നതിനിടെ കാട്ടാനയുടെ മുന്നിൽ പെടുകയായിരുന്നു ഒരു പശുവിനെ കുത്തിക്കൊല്ലുകയും വനം വകുപ്പിന്റെ ജീപ്പ് ആക്രമിക്കുകയും ചെയ്തു.ജീപ്പ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലമാണ് ആനയുടെ അക്രമത്തിൽ നിന്നും രണ്ട് ഫോറസ്റ്റ് വാച്ചർമാർ രക്ഷപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെവി 6 മണിയോടെയാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോട് ഹാജി റോഡിന് സമീപം കാട്ടാനയെ നാട്ടുകാർ കാണുന്നത്.നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് മുഴക്കുന്ന് പഞ്ചായത്തു പ്രസിഡന്റ് ബാബുജോസഫും മുഴക്കുന്ന് എസ് ഐ വിജേസിന്റെ നേതൃത്വത്തിലുള്ള പോലീസും ആറളം വൈൽഡ് ലൈഫ് വാർഡൻ പി.കെ. അനൂപ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘവും സ്ഥലത്തെത്തി.പ്രദേശത്തെ ജനങ്ങൾക്ക് പോലീസ് ജാഗ്രതാ നിർദ്ദേശം നൽകുകയും വീടുകളിൽ നിന്നു പുറത്തിറങ്ങുന്നതിനെ വിലക്കുകയും ചെയ്തു. ഇതിനിടയിൽ കാട്ടാനയെ തുരത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നും റോഡിലേക്ക് പലപ്രാവശ്യം കയറുകയും വീണ്ടും മുൻപത്തെ സ്ഥാനത്തു തന്നെ നിലയുറപ്പിക്കുകയും ചെയ്തു. ഒരു തവണ റോഡിലുണ്ടായിരുന്ന പോലീസ് ജീപ്പ് അക്രമിക്കാനായി ഓടി അടുക്കുകയും പിന്തിരിഞ്ഞു പോവുകയും ചെയ്തു.ഉച്ചയോടെ ഹാജിറോഡ് – അയ്യപ്പൻ കാവ് റോഡിൽ ഇറങ്ങിയ കാട്ടാന വനം വകുപ്പിലെ രണ്ട് വാച്ചർമാർക്ക് നേരെ ഓടിയടുത്തത് ആശങ്കക്ക് ഇടയാക്കി.ഇതേസമയം റോഡിൽ നിർത്തിയിട്ടിരുന്ന വനം വകുപ്പിന്റെ ജീപ്പ് ആനയുടെ മുന്നിലേക്ക് എടുത്ത് ഡ്രൈവർ ഇവരെ രണ്ടുപേരെയും ആനയിൽ നിന്നും അകറ്റിയതുകാരണം വൻ ദുരന്തം ഒഴിവാക്കാനായി. എന്നാൽ വാച്ചർമാരെ കിട്ടാത്തതിലുള്ള അരിശം ആന ജീപ്പിനോട് തീർത്തു. കൊമ്പുകൊണ്ടു ജീപ്പിൽ ആഞ്ഞു കുത്തുകയും ജീപ്പ് തിരിച്ചിടുകയും ചെയ്തശേഷം ആന മാറിപ്പോകുകയായിരുന്നു. ചാക്കാട് ജനവാസ കേന്ദ്രത്തിലേക്ക് നീങ്ങിയ ആന അവിടെ മമ്മാലി റിജേഷ് എന്നയാളുടെ പശുവിനെ ആക്രമിച്ചു കൊല്ലുകയും ചെയ്തു. ആനയുടെ കുത്തേറ്റ് പശുവിന്റെ കുടൽ പിളരുകയും കുടൽമാല പുറത്താവുകയും ചെയ്തു.ഇതിനു മുൻപും നിരവധി തവണ മുഴക്കുന്നിന്റെ ജനവാസ കേന്ദ്രത്തിൽ കാട്ടാനകൾ ഇറങ്ങി പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. രണ്ടു മാസം മുൻപ് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിനടുത്തുവരെ ആന എത്തുകയും ഒരു ബൈക്ക് യാത്രികനെ ആക്രമിക്കുകയും ചെയ്തിരുന്നു. ആറളം വനത്തിൽ നിന്നും ആറളം ഫാമിലൂടെയാണ് കാട്ടാനകൾ ഇവിടെ എത്തുന്നത്. കഴിഞ്ഞ ദിവസം ഫാമിൽ നിന്നും തുരത്തിയ കാട്ടാനക്കൂട്ടത്തിൽ നിന്നും കൂട്ടം തെറ്റി എത്തിയ കാട്ടാനയാണ് ഇതെന്നാണ് സംശയിക്കുന്നത്.തിങ്കളാഴ്ച രാത്രിയോടെ തന്നെ ആനയെ വനത്തിലേക്ക് കയറ്റിവിടാനാണ് വനം വകുപ്പിന്റെ തീരുമാനം.
Kerala, News
മുഴക്കുന്നിലെ ജനവാസ കേന്ദ്രത്തിൽ കാട്ടാനയിറങ്ങി; അക്രമത്തിൽ ഒരാൾക്ക് പരിക്കേറ്റു;പശുവിനെ കുത്തിക്കൊന്നു
Previous Articleവിമാനത്താവളത്തോടൊപ്പം കണ്ണൂരിൽ കിൻഫ്ര പാർക്കും യാഥാർഥ്യമാകുന്നു