ഇരിട്ടി: ആറളം,മുഴക്കുന്ന് പഞ്ചായത്തുകളിലെ ജനങ്ങളെയും വനം വകുപ്പ്,പോലീസ് ഉദ്യോഗസ്ഥരെയും ആശങ്കയിലാക്കി ജനവാസകേന്ദ്രത്തിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം വന്യജീവി സങ്കേതത്തിൽ നിന്നിറങ്ങിയ രണ്ടു കൊമ്പനും ഒരു മോഴയുമടക്കം മൂന്നു ആനകളാണ് ജനങ്ങളെ പത്തു മണിക്കൂറോളം ഭീതിയുടെ മുൾമുനയിൽ നിർത്തിയത്. ഞായറാഴ്ച പുലർച്ചയോടെ ആറളം സ്കൂളിന് സമീപമുള്ള കാസിമിന്റെ വീട്ടുമതിൽ തകർത്തുകൊണ്ടാണ് കാട്ടാനകൾ പുഴയിലേക്കിറങ്ങിയത്. തുടർന്ന് അയ്യപ്പൻകാവ്,കൂടലാട് തുടങ്ങിയ പ്രദേശങ്ങളിലെ നിരവധി കൃഷിക്കാരുടെ കാർഷിക വിളകളും നശിപ്പിച്ചു.തുടർന്ന് ആറളം പാലത്തിൽ കയറിയ ആനകൾ പുഴയിലിറങ്ങി അവിടെ നിൽപ് തുടങ്ങി.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊട്ടിയൂർ ഫോറെസ്റ് റേഞ്ച് ഓഫീസിലെ വനപാലകരും ആറളം,കരിക്കോട്ടക്കരി,മുഴക്കുന്ന്,പേരാവൂർ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള പോലീസ് സംഘവും നാട്ടുകാരും ചേർന്ന് ആനകളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടത്തി.പടക്കം പൊട്ടിച്ചും മറ്റു ശബ്ദമുണ്ടാക്കിയും ആനകളെ തുരത്തിവിട്ടെങ്കിലും വീണ്ടും അവ പുഴയോരത്തേക്കു തന്നെ തിരിച്ചു വന്നു.ജനങ്ങൾ കൂട്ടംകൂടി നില്കുന്നതിലെ അപകടം മനസ്സിലാക്കിയ വനപാലകർ സമീപത്തെ പള്ളികളിലെ ഉച്ചഭാഷിണികളിലൂടെ ജനങ്ങൾക്ക് വീടുകളിൽ നിന്ന് പുറത്തിറങ്ങാതിരിക്കാനുള്ള നിർദേശം നൽകി.എന്നാൽ ഉച്ചക്ക് 12 മണിയോടെ വനപാലകർ നടത്തിയ ശ്രമത്തിലൂടെ ആനകളെ പുഴക്കരയിലെ കൃഷിയിടങ്ങളിലൂടെ കാക്കുവാ പുഴ കടത്തി ആറളം ഫാമിലേക്കു കടത്തി വിട്ടതോടെയാണ് എല്ലാവക്കും ആശ്വാസമായത്.