തൃശൂർ: തൃശൂരിൽ കണ്ണംകുഴി പാലത്തിനു സമീപം കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി കൊല്ലപ്പെട്ടു.പുത്തന്‍ചിറ കിഴക്കുംമുറി കച്ചട്ടില്‍ നിഖിലിന്‍റെ മകള്‍ അഗ്നീമിയ ആണു കൊല്ലപ്പെട്ടത്. പരിക്കേറ്റ പിതാവ് നിഖില്‍ (36), ബന്ധു വെറ്റിലപ്പാറ സ്വദേശി നെടുമ്പ ജയന്‍ (50) എന്നിവരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മുത്തശിയുടെ മരണാനന്തര ചടങ്ങിനെത്തിയതായിരുന്നു കുടുംബം. ഇവരുടെ വീടിന് സമീപത്ത് നിന്നും അല്‍പം മാറിയാണ് ഒറ്റയാനെ കണ്ടത്. ബൈക്കില്‍ വരികയായിരുന്ന നിഖിലും ഭാര്യ പിതാവ് ജയനും ആഗ്നിമിയയും ആനയെ കണ്ടതോടെ ബൈക്ക് നിര്‍ത്തി. ആന ഇവര്‍ക്ക് നേരെ തിരിഞ്ഞതോടെ മൂന്നുപേരും ചിതറിയോടി. ഓടുന്നതിനിടയില്‍ കുട്ടിയെ ആന ആക്രമിച്ചു. തലയ്ക്ക് ചവിട്ടേറ്റ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അച്ഛന്‍ നിഖിലിനും അപ്പൂപ്പന്‍ ജയനും പരിക്കേറ്റു. മൂന്ന് പേരെയും നാട്ടുകാര്‍ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുട്ടിയുടെ ജീവന്‍ രക്ഷിക്കാനായില്ല.അതിസമയം സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി.പ്രദേശത്ത് കാട്ടാനയുടെ ശല്യം രൂക്ഷമാണെന്നും ജനവാസമേഖലയില്‍ നിന്നും വന്യമൃഗങ്ങളെ തുരത്താന്‍ നടപടി വേണമെന്നുമാണ് നാട്ടുകാര്‍ ഉന്നയിക്കുന്ന പ്രധാന ആവശ്യം.അതിരപ്പിള്ളി ആനമല റോഡ് നാട്ടുകാര്‍ ഉപരോധിക്കുകയും ചാലക്കുടിയില്‍ നിന്ന് വാല്‍പ്പാറയിലേക്കുള്ള വാഹനങ്ങള്‍ നാട്ടുകാര്‍ തടയുകയും ചെയ്തു. കളക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ചര്‍ച്ച ചെയ്ത് ജനങ്ങള്‍ക്ക് ബോധ്യമാകുന്ന രീതിയില്‍ പ്രശ്‌നം പരിഹരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.