ആറളം:ആറളം ഫാം നഴ്സറിയിൽ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം.ഇന്നലെ പുലർച്ചെ നഴ്സറിയുടെ കമ്പിവേലി തകർത്ത് അകത്തുകടന്ന കാട്ടാനക്കൂട്ടം വിൽപ്പനയ്ക്ക് തയ്യാറാക്കിയ അഞ്ഞൂറോളം തെങ്ങിൻ തൈകൾ നശിപ്പിച്ചു.നഴ്സറിക്കുള്ളിലെ നിരവധി വലിയ തെങ്ങുകളും നശിപ്പിച്ചിട്ടുണ്ട്. ഫാമിൽ തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാനായി തയ്യാറാക്കിയ താൽക്കാലിക ഷെഡ്ഡും കാട്ടാനക്കൂട്ടം നശിപ്പിച്ചു.വർഷങ്ങൾക്ക് മുൻപ് ഫാമിനകത്തു സ്ഥാപിച്ച ശിലാഫലകവും ആനക്കൂട്ടം നശിപ്പിച്ചു.നാല് ആനകൾ അടങ്ങുന്ന കൂട്ടമാണ് ഫാമിലെത്തിയത്.ആറളം വന്യജീവി സങ്കേതത്തിൽ നിന്നും ആറളം ഫാം പുനരധിവാസ മേഖലയും കടന്നാണ് ആനക്കൂട്ടം ഫാമിന്റെ അധീനതയിലെത്തിയിരിക്കുന്നത്.3500 ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ഫാമിന്റെ മധ്യഭാഗത്തായാണ് നഴ്സറി സ്ഥിതി ചെയ്യുന്നത്.ഫാമിനകത്തു നേരത്തെ കാട്ടാനക്കൂട്ടം നേരത്തെ നാശനഷ്ടങ്ങൾ വരുത്തിയിരുന്നെങ്കിലും നഴ്സറിയിലേക്ക് ഇതുവരെ പ്രവേശിച്ചിരുന്നില്ല.എന്നാൽ ഫാമിന്റെ പ്രധാന വരുമാന മാർഗമായ നഴ്സറിയിലേക്ക് കൂടി കാട്ടാന ശല്യം വ്യാപിച്ചതോടുകൂടി ഫാമിന്റെ നിലനിൽപ്പുതന്നെ അപകടത്തിലായിരിക്കുകയാണ്.വന്യജീവി സങ്കേതത്തിൽ നിന്നും അഞ്ചു കിലോമീറ്റർ അകലെയുള്ള കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുക എന്നത് സാഹസികമാണ്.വനം വകുപ്പിന്റെ ഇടപെടലിലൂടെ മാത്രമേ ഇതിനു ഇതിനു പരിഹാരമുണ്ടാക്കാനാകൂ എന്നാണ് ഫാം അധികൃതർ പറയുന്നത്.