കണ്ണൂർ:ഇന്നലെ പുലർച്ചെ ഉണ്ടായ കനത്ത കാറ്റിൽ കണ്ണൂരിലും പരിസരപ്രദേശങ്ങളിലും വ്യാപക നാശനഷ്ടം.കണ്ണൂർ കോട്ടയിലെ പാർക്കിംഗ് ഗ്രൗണ്ടിലെ കട മരം വീണ് തകർന്നു. മാങ്ങാട് സ്വദേശി അനൂപിന്റെ ഉടമസ്ഥതയിലുള്ള ലഘുഭക്ഷണ ശാലയാണ് തകർന്നത്.ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.ജീവനക്കാർ രാവിലെ കട തുറക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. പുതുതായി വാങ്ങിയ ഫ്രീസർ ഉൾപ്പെടെ കടയിലെ സാധനങ്ങളെല്ലാം നശിച്ചു.കനത്ത കാറ്റിൽ കണ്ണൂർ ഐജി ഓഫീസിനു സമീപത്തെ റോഡരികിലുള്ള കൂറ്റൻ മരത്തിന്റെ ശിഖരവും മുറിഞ്ഞു വീണു.റോഡരികിൽ നിർത്തിയിട്ട ലോറിക്ക് മുകളിലാണ് മരക്കൊമ്പ് പൊട്ടി വീണത്. ആർക്കും പരിക്കില്ല. ഇതിലൂടെ കടന്നുപോകുന്ന വൈദ്യുത കമ്പികളും മുറിഞ്ഞുവീണു. ഇതുവഴിയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു. അഗ്നിശമനസേന എത്തിയാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ജനൽചില്ലുകളും ഇന്നലെ രാത്രി വീശിയ കാറ്റിൽ തകർന്നിട്ടുണ്ട്.
കാറ്റിൽ തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും വാപക നാശനഷ്ടം ഉണ്ടായി.തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയുടെ മഞ്ഞോടിയിലുള്ള കെട്ടിടത്തിന്റെ അഞ്ചാംനിലയുടെ മേൽക്കൂര ഭാഗികമായി തകർന്നു.ആശുപത്രി ഉപകരണങ്ങൾ, ഫർണിച്ചറുകൾ എന്നിവയ്ക്കും കേടുപാടുകൾ സംഭവിച്ചു.തിങ്കഴാഴ്ച രാത്രി വീശിയടിച്ച ശക്തമായ കാറ്റിൽ ധർമടത്ത് തെങ്ങ് വീണ് വീട് തകർന്നു. ബ്രണ്ണൻ കോളജ് അംബേദ്കർ കോളനിക്കടുത്ത് കടുമ്പേരി ജയന്റെ ഇരു നില തറവാട് വീടാണ് തകർന്നത്.മഞ്ഞോടിയിൽ കമലാലയത്തിൽ രഞ്ജിത്തിന്റെ കാറിന്റെ ചില്ലുകൾ തകർന്നു.മഞ്ഞോടിയിലെ ആർ.പി രമേശിന്റെ വീടിന്റെ ഓടുകൾ കാറ്റിൽ പാറിപ്പോയി.പട്ടൻ നാരായണന്റെ കടയുടെ മേൽക്കൂരയുടെ ഇരുമ്പ് ഷീറ്റ് ഇളകി അടുത്ത വീട്ടിലെത്തി.പുല്ലമ്പിൽ റോഡിൽ കെ.സി.എസ് വാടകസാധനങ്ങൾ സൂക്ഷിക്കുന്ന താൽക്കാലിക ഷെഡ്ഡ് നിലംപൊത്തി.ഇവിടെ മരം പൊട്ടിവീണ് ട്രാൻസ്ഫോർമറിന് കേടുപാട് സംഭവിച്ചതിനാൽ പലയിടത്തും വൈദ്യുതി ബന്ധവും താറുമാറായി.