കണ്ണൂർ:ഇരിട്ടി മേഖലയിൽ തിങ്കളാഴ്ച വൈകിട്ടുണ്ടായ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. മരങ്ങൾ കടപുഴകി വീണ് നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുണ്ടായി. കാക്കയങ്ങാട് ഓട്ടോടാക്‌സിക്ക് മുകളിലേക്ക് മരം വീണ് ഓട്ടോയുടെ മുൻഭാഗം തകർന്നു. ഇരിട്ടി,എടൂർ,കാക്കയങ്ങാട്,മണത്തണ എന്നീ ഇലെക്ട്രിക്കൽ സെക്ഷനുകൾക്ക് കീഴിൽ പതിനെട്ടോളം വൈദ്യുതി തൂണുകൾ തകർന്നതിനെ തുടർന്ന് ഈ മേഖലകളിൽ വൈദ്യുതി ബന്ധം താറുമാറായി. എടക്കാനം ചേലത്തൂരിലെ പി.രഞ്ജിത്തിന്റെ വീടിനു പിന്നിൽ നിർമിച്ച പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച ഷെഡ് മരംപൊട്ടിവീണ് തകർന്നു.കുപ്പിവെള്ള വിതരണ കമ്പനിയുടെ ഡ്രൈവറായ രഞ്ജിത്ത് കുപ്പിവെള്ളം സൂക്ഷിക്കുന്നതിനായാണ് ഷെഡ് നിർമ്മിച്ചത്.ഷെഡിനുള്ളിൽ സൂക്ഷിച്ചിരുന്ന കുടിവെള്ള ജാറുകൾ തകർന്നു. ഇവിടെയുണ്ടായിരുന്ന വാഹനത്തിനും കേടുപാട് പറ്റി.വീട്ടുമുറ്റത്തെ തെങ്ങ് വീടിനു മുകളിലേക്ക് പതിച്ചതിനെ തുടർന്ന് എടക്കാനം ചേളത്തൂരിലെ കൊമ്പിലാത്ത് സന്ദീപിന്റെ ഇരുനില വീടിന്റെ മേൽക്കൂര തകർന്നു.അപകടം നടക്കുമ്പോൾ സന്ദീപും കുടുംബവും തൊട്ടടുത്ത സഹോദരന്റെ വീട്ടിലായതിനാൽ ആളപായം ഒഴിവായി.പായം കാടമുണ്ടയിലെ ചിറമ്മൽ രമേശിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുകളിൽ തെങ്ങ് കടപുഴകി വീണ് കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചു.