തൃശൂർ: പുത്തൂരില്‍ മിന്നൽ ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. പുത്തൂര്‍ പഞ്ചായത്തിലെ വെട്ടുകാട് തമ്പുരാട്ടിമൂലയിലും, സുവോളജിക്കല്‍ പാര്‍ക്കിനടുത്ത് മാഞ്ചേരിയിലുമാണ് കാറ്റ് വീശിയത്. അരമണിക്കൂറിനിടെ വ്യത്യസ്ത സമയങ്ങളില്‍ വീശിയ മിന്നല്‍ ചുഴലിക്കാറ്റ് മലയോരത്ത് രണ്ടിടങ്ങളില്‍ നാശനഷ്ടമുണ്ടാക്കി. മൂന്നു മിനിറ്റ് വീതമാണ് കാറ്റ് വീശിയത്.മൂന്ന് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 27 വീടുകള്‍ക്ക് ഭാഗികമായി നാശനഷ്ടങ്ങളുണ്ടായി. വിവിധ സ്ഥലങ്ങളിലായി എട്ട് ഏക്കറിലെ റബ്ബര്‍ മരങ്ങള്‍ ഒടിഞ്ഞു വീണു. കുലച്ച 3,000 നേന്ത്രവാഴകള്‍ നശിച്ചു. തെങ്ങുകള്‍ വട്ടംമുറിഞ്ഞ് ദൂരേക്കു വീണു. വൈദ്യുതിത്തൂണുകള്‍ ഒടിഞ്ഞ് കമ്പികൾ പൊട്ടിവീണതോടെ പ്രദേശം മുഴുവന്‍ ഇരുട്ടിലായി. വഴിയില്‍ പലയിടത്തും മരങ്ങള്‍ വീണുകിടന്നത് നാട്ടുകാര്‍ മുറിച്ചുനീക്കി. മരങ്ങള്‍ മറിഞ്ഞു വീണും കാറ്റില്‍ മേല്‍കൂരകള്‍ പറന്നുപോയതുമായ വീടുകള്‍ മിക്കതും താമസിക്കാനാവാത്ത നിലയിലാണ്.മഴയും മേഘവും ഒരു സ്ഥലത്തുണ്ടാവുമ്പോൾ അടുത്ത പ്രദേശത്ത് മേഘങ്ങളുടെ തള്ളല്‍മൂലമുണ്ടാവുന്ന പ്രതിഭാസമാണിതെന്ന് കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് റവന്യൂമന്ത്രി കെ രാജന്‍ ഓണ്‍ലൈനില്‍ അടിയന്തരയോഗം വിളിക്കുകയും നാശനഷ്ടം നേരിട്ടവര്‍ക്ക് പഞ്ചായത്ത് കേന്ദ്രീകരിച്ച് രണ്ടുദിവസത്തിനുള്ളില്‍ പരാതി നല്‍കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു. പ്രശ്‌നപരിഹാരത്തിന് വൈകാതെ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.